ഒക്‌ടോബര്‍ വന്നു, നൊബേല്‍ പുരസ്‌കാരങ്ങളും

0

കെ.ആര്‍.ജനാര്‍ദനന്‍

nob

[dropcap]ഒ[/dropcap]ക്‌ടോബര്‍മാസം ആരംഭിക്കുന്നത് വൃദ്ധജനദിനാഘോഷങ്ങളോടെയാണ്. രണ്ടാംതീയതി രാഷ്ട്രപിതാവിന് പ്രണാമം അര്‍പ്പിക്കാനുള്ള ദിനമായി നാം ആചരിക്കുന്നു. പിന്നീട് വരുന്ന ദിനങ്ങള്‍, നൊബേല്‍പുരസ്‌കാരങ്ങളുടെ പ്രഖ്യാപനങ്ങളുടേതാണ്. ഏതാണ്ട് ഒക്‌ടോബര്‍ 15-ാം തീയതിവരെ അതു നീളും. ഈ വര്‍ഷവും അങ്ങനെതന്നെ. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നൊബേല്‍സമ്മാന ജേതാക്കള്‍ക്ക് ഒരു പ്രത്യേകത ഉണ്ട്. പലരും കളംമാറ്റി ചവുട്ടി കൂടുതല്‍ ഹരിതാഭമായ മേഖലകളില്‍ ഗവേഷണം നടത്തിയാണ് ലോകത്തെ ഏറ്റവും പ്രശസ്തമായ നൊബേല്‍സമ്മാനം നേടുന്നത്. ജീവശാസ്ത്രത്തിലാണ് ഇന്ന് അതിശയകരമായ പല കണ്ടുപിടുത്തങ്ങളും അരങ്ങേറുന്നത്. അതാവണം ഇന്ത്യന്‍ വംശജനായ നൊബേല്‍ പുരസ്‌കാരജേതാവ് വെങ്കിട്ടരാമന്‍ രാമകൃഷ്ണനെ ഭൗതികശാസ്ത്രത്തില്‍നിന്ന് ബയോകെമിസ്ട്രിയിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചത്. രസതന്ത്രം ശക്തമായ അടിത്തറയുള്ള, അംഗീകരിക്കപ്പെട്ട ഒരു അടിസ്ഥാന ശാസ്ത്രശാഖയാണല്ലോ? പക്ഷെ ജാപ്പനീസ് രസതന്ത്രജ്ഞനായ യോഷിനോറി ഒഹ്‌സുമി രസതന്ത്രം വിട്ട് ജീവശാസ്ത്രത്തിലേക്ക് വളരെ ആവേശത്തോടെയാണ് ഓടിക്കേറിയത്. ആ നീക്കം ശരിയായിരുന്നുവെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുകയാണ്. ആട്ടോഫാഗി (Autophagy) എന്ന ജീവശാസ്ത്രശാഖയാണ് അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. കോശീയഘടകങ്ങളുടെ വിഘടനവും പുന:ചംക്രമണവും സംബന്ധിച്ച അടിസ്ഥാന പ്രക്രിയകളുടെ പഠനമത്രെ ആട്ടോഫാഗി. അറിയപ്പെട്ടിരുന്ന ഒരു ശാസ്ത്രശാഖതന്നെയാണിത്. എന്നാല്‍ ഇതുവരെയുള്ള സമീപനത്തില്‍ അടിസ്ഥാനപരമായ മാറ്റംകുറിച്ചുകൊണ്ട് യോഷിനോറി ഒഹ്‌സുമി നടത്തിയ ഗവേഷണങ്ങളാണ് ഈ മൗലികപ്രക്രിയകളുടെ പ്രാധാന്യം പുറത്തുകൊണ്ടുവന്നത്. യീസ്റ്റ് കോശങ്ങളിലെ വാക്യുളുകളും (Vacuoles) മനുഷ്യകോശങ്ങളിലെ ലൈസോമുകളും (Lysomes) കേവലം കുപ്പത്തൊട്ടികള്‍ അല്ലെന്നും അവ പുന:ചംക്രമണകാരികളും (recyclers) ഇന്ധനോല്‍പാദകരും ആണെന്ന് ഒഹ്‌സുമിയുടെ ഗവേഷണപ്രവര്‍ത്തനങ്ങളിലൂടെ വെളിവാക്കപ്പെട്ടു. ഭ്രൂണത്തിന്റെ വികസനം മുതല്‍ വാര്‍ധക്യത്തിന്റെ ദോഷപ്രഭാവങ്ങളെ എതിരിടുന്നതില്‍ വരെ ആട്ടോഫാഗി വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. മറ്റു പല നൊബേല്‍പുരസ്‌കാര ജേതാക്കളെപ്പോലെ തുടക്കത്തില്‍ ഒട്ടേറെ മോഹഭംഗങ്ങള്‍ അനുഭവിച്ച ശാസ്ത്രജ്ഞനായിരുന്നു യോഷിനോറി ഒഹ്സുമി. എന്നാല്‍ അവയെ എല്ലാം അതിജീവിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്നത്തെ യുവഗവേഷകരില്‍ നിന്നും തികച്ചും വ്യത്യസ്തമായ സമീപനമാണ് ശാസ്ത്രഗവേഷണത്തില്‍ ഒഹ്സുമി സ്വീകരിച്ചത്. ചവിട്ടിത്തെളിഞ്ഞ പാതയില്‍നിന്ന് മാറി സഞ്ചരിക്കുവാന്‍ ധൈര്യം കാണിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് തന്റെ ഗവേഷണത്തില്‍ വിജയിക്കാനും നൊബേല്‍സമ്മാനം നേടാനും കഴിഞ്ഞത്. 2010-ന്‌ശേഷം വൈദ്യശാസ്ത്രത്തില്‍ ഒറ്റയ്ക്ക് മറ്റാരുമായി പങ്കുവയ്ക്കാതെ നൊബേല്‍പുരസ്‌കാരം നേടിയ മൂന്നാമത്തെ ശാസ്ത്രജ്ഞനാണ് ഒഹ്‌സുമി.
നമ്മുടെ ശരീരത്തില്‍ എണ്ണിയാല്‍ തീരാത്തത്ര തന്മാത്രീയയന്ത്രങ്ങള്‍ ഉണ്ട്. കോശത്തിനുള്ളിലൂടെ പദാര്‍ഥങ്ങള്‍ വഹിച്ചുകൊണ്ടു പോകുന്നതുള്‍പ്പെടെ അനേകം ധര്‍മങ്ങള്‍ ഈ തന്മാത്രീയ യന്ത്രങ്ങളാണ് നിര്‍വഹിക്കുന്നത്. ഇവയുടെ ഏകകാലികമായ പ്രവര്‍ത്തനം പരാജയപ്പെട്ടാല്‍ അത് ലൈസോമുകളേയും മറ്റു കോശീയവസ്തുക്കളേയും ദോഷകരമായി ബാധിക്കും.[box type=”success” align=”” class=”” width=””] ശരീരത്തില്‍ തന്മാത്രീയയന്ത്രങ്ങളുടെ അതിശയകരമായ പ്രവര്‍ത്തനങ്ങളെ അനാവരണം ചെയ്യുക എന്ന മഹത്തായ ഗവേഷണപ്രവര്‍ത്തനം നടത്തിയ ഷീന്‍പിയേ സൗവേഷ്, ജെ. ഫ്രേസര്‍‌സ്റ്റോഡാര്‍ച്ച്, ബെര്‍ണാഡ് എല്‍.ഫെരിന്‍ഗ എന്നീ മൂന്ന് ശാസ്ത്രജ്ഞര്‍ക്കാണ് ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍സമ്മാനം നല്‍കിയത്. തന്മാത്രീയയന്ത്രങ്ങളെപ്പറ്റി അവര്‍ നടത്തിയ ഗവേഷണങ്ങള്‍ ഇന്ന് പ്രാഥമികം എന്ന് വിശേഷിപ്പിക്കപ്പെടാം. എങ്കിലും ഇതിന്റെ സാധ്യതകള്‍ അപാരമായിരിക്കും. ഗവേഷണഫലങ്ങള്‍ പ്രായോഗികതലത്തിലേക്ക് ഉയരുമ്പോള്‍ ഒരു വലിയ വിപ്ലവമായിരിക്കും ശാസ്ത്രലോകം ദര്‍ശിക്കുക. തന്മാത്രീയ നാനോയന്ത്രങ്ങള്‍ വൈദ്യശാസ്ത്രംമുതല്‍ ഇലക്‌ട്രോണിക്‌സ് വരെയുള്ള വിവിധമേഖലകളില്‍ സ്ഥാനംപിടിക്കും. [/box]
നാളത്തെ നാനോയന്ത്രങ്ങള്‍പോലെതന്നെ ദ്രവ്യത്തിന്റെ അനിതരസാധാരണമായ ചില അവസ്ഥകളും നമ്മെ ഒരു മായാലോകത്തിലേക്ക് നയിക്കും. ഈ വര്‍ഷത്തെ ഫിസിക്‌സിനുള്ള നൊബേല്‍പുരസ്‌കാരം ഡേവിഡ് ജെ. തൂലസ്, ഡങ്കന്‍ എം. ഹാല്‍ഡേന്‍, ജെ. മൈക്കിള്‍ കോസ്റ്റര്‍ലിറ്റ്‌സ് എന്നീ ശാസ്ത്രജ്ഞര്‍ പങ്കിട്ടെടുത്തു. ദ്രവ്യത്തിന്റെ അസാധാരണമായ ചില അവസ്ഥാവിശേഷങ്ങള്‍ക്ക് സൈദ്ധാന്തിക വിശദീകരണം നല്‍കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ടോപോളോജീയ സങ്കല്പനങ്ങള്‍ ആണ് ഇതിനായി അവര്‍ ഉപയോഗിച്ചത്. ഇവരുടെ ഗവേഷണപ്രവര്‍ത്തനം തികച്ചും നൂതനവും വ്യത്യസ്തവുമായ ചില ഉല്‍പന്നങ്ങള്‍ക്ക് ജന്മം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. ദ്രവ്യത്തിന്റെ അസാധാരണ പെരുമാറ്റത്തെപ്പറ്റി ഇവര്‍ നടത്തിയ പല പ്രവചനങ്ങളും പിന്നീട് ശരിയാണെന്ന് തെളിയിക്കപ്പെട്ടു.
വൈദ്യശാസ്ത്രം, ഭൗതികം, രസതന്ത്രം എന്നീ മൂന്ന് ശാസ്ത്രശാഖകളില്‍ 2016-ാംമാണ്ട് നൊബേല്‍ സമ്മാനത്തിന് അര്‍ഹമായ ഗവേഷണങ്ങള്‍ ശാസ്ത്രലോകത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതെളിയിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *