യുറീക്ക ഭക്ഷണപ്പതിപ്പ് പ്രകാശനം
മലപ്പുറം : ഭക്ഷണത്തിന്റെ ചരിത്രവും ശാസ്ത്രവും നിരവധി രുചിയറിവുകളും സമ്മേളിക്കുന്ന യുറീക്ക ഭക്ഷണപ്പതിപ്പിന്റെ പ്രകാശനം ഇന്ത്യനൂര്‍ കൂരിയാട് എഎംഎല്‍പി സ്കൂളില്‍ നടന്നു. പടിഞ്ഞാക്കരപ്പറമ്പില്‍ ജാനകി മുത്തശ്ശിയില്‍ നിന്ന് സയന്‍സ് ക്ലബ് കണ്‍വീനര്‍ ടി.നന്ദന യുറീക്ക ഏറ്റുവാങ്ങി. കുട്ടിക്കാലത്ത് ചിരട്ടയില്‍ മണ്ണപ്പം ചുട്ടതും പിന്നീട് അടുക്കളക്കാരിയായതും തുടങ്ങി പോയകാലത്തെ നിരവധി ജീവിതാനുഭവങ്ങള്‍ മുത്തശ്ശി വിദ്യാര്‍ഥികളുമായി പങ്കുവച്ചു. പാട്ടുപാടിയും കഥകള്‍ പറഞ്ഞും അവര്‍ കുട്ടികളെ രസിപ്പിച്ചു.
എല്‍.പി, യു.പി വിദ്യാര്‍ഥികള്‍ക്ക് അടുക്കളയുമായി ബന്ധപ്പെട്ട രചനകളുടെ മത്സരം, കൂട്ടുകാരുടെ ഭക്ഷണരീതി ചോദിച്ചറിയുന്ന സര്‍വെ, ഭക്ഷണവുമായി ബന്ധപ്പെട്ട് അറിയപ്പെടാത്ത ചരിത്രമെഴുതല്‍, ഭക്ഷണ ധൂര്‍ത്തിനെക്കുറിച്ച് സംവാദം, പദപ്രശ്നം, പാചകലയിലെ പാടവം തെളിയിക്കാന്‍ അവസരമൊരുക്കുന്ന കുറിപ്പുകള്‍ എന്നിങ്ങനെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് അവസരമൊരുക്കുന്നുമുണ്ട് ഭക്ഷണപ്പതിപ്പ്.
ഹെഡ്മാസ്റ്റര്‍ പി.സുരേഷ് അധ്യക്ഷത വഹിച്ചു. കെ.കൃഷ്ണ രചനകള്‍ പരിചയപ്പെടുത്തി. വിനോദിനി വി, എ.സേതുലക്ഷ്മി, എം.സുമംഗല, യു.പി.അബ്ദല്‍ കരീം എന്നിവര്‍ സംസാരിച്ചു.