യുറീക്കയുടെ പഴയ ലക്കങ്ങള്‍ ‍‍ഡിജിറ്റൈസ് ചെയ്ത് ക്രിയേറ്റീവ് കോമണ്‍സ് ആട്രിബ്യൂഷന്‍ 2.5 (CCBY 2.5 IN) ലൈസന്‍സ് പ്രകാരം പൊതുസമൂഹത്തിന് പകര്‍പ്പുപേക്ഷയില്‍ സൗജന്യമായി ലഭ്യമാക്കാന്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലോചിക്കുന്നു. ഇപ്രകാരം ക്രിയേറ്റീവ് കോമണ്‍സില്‍ പ്രസിദ്ധീകരിക്കുക വഴി അത്തരം ലക്കങ്ങളിലെ ഉള്ളടക്കം രചയിതാവിന് കടപ്പാട് രേഖപ്പെടുത്തി മറ്റ് മുന്‍കൂര്‍ അനുമതികളൊന്നുമില്ലാതെ ഉപയോഗിക്കുന്നതിനും പകര്‍ത്തുന്നതിനും പങ്കുവെയ്കുന്നതിനും പുനഃപ്രസിദ്ധീകരിക്കുന്നതിനും ഒക്കെയുള്ള അവകാശം ഏതൊരാള്‍ക്കും ലഭിക്കും. കടപ്പാട് രേഖപ്പെടുത്താതെ ഇപ്രകാരം ചെയ്യുന്നത് നിയമവിരുദ്ധവുമാകും.
യുറീക്കയുടെ ആരംഭകാലം തൊട്ട് ഇതുവരെയുള്ള ലക്കങ്ങളില്‍ ലേഖനം, കഥ, കവിത, ചിത്രകഥ, നാടകം, കഥാപ്രസംഗം തുടങ്ങിയ ഏതെങ്കിലും രൂപത്തില്‍ രചനകള്‍ പ്രസിദ്ധീകരിച്ച വ്യക്തികളില്‍ ആര്‍ക്കെങ്കിലും തങ്ങളുടെ രചന ഇത്തരത്തില്‍ പകര്‍പ്പുപേക്ഷയിലാക്കുന്നതില്‍ എതിരഭിപ്രായം ഉണ്ടെങ്കില്‍ അക്കാര്യം യുറീക്കയുടെ എഡിറ്ററേയോ മാനേജിങ്ങ് എ‍ഡിറ്ററേയോ 2017 മാര്‍ച്ച് 31 ന് മുമ്പായി രേഖാമൂലം അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അല്ലാത്തപക്ഷം തങ്ങളുടെ രചനകള്‍ ക്രിയേറ്റീവ് കോമണ്‍സില്‍ പ്രസിദ്ധീകരിക്കുന്നതില്‍ ബന്ധപ്പെട്ട രചയിതാക്കള്‍ക്ക് തര്‍ക്കമില്ല എന്നു കരുതുന്നതായിരിക്കുമെന്നും അറിയിക്കുന്നു.