ചന്ദ്രനുമൊത്ത് ഒരു സെൽഫി
ചാന്ദ്രദിനത്തിൽ കൂടുതൽ ശാസ്ത്രം നമ്മൾ പറയേണ്ടതുണ്ട്. ലൂക്കയും ബാലവേദി സബ് കമ്മിറ്റിയും പത്തു ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ഒരു പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്.
കോട്ടയം
08.07.2023
പ്രിയരേ,
ശാസ്ത്രവിജ്ഞാനത്തിന്റേയും ഇച്ഛാശക്തിയുടേയും മാനവിക പതാക ചന്ദ്രമണ്ഡലത്തിൽ സ്ഥാപിക്കപ്പെട്ടതിന്റെ അമ്പത്തിനാലാം വാർഷികം വിളംബരം ചെയ്തുകൊണ്ട് വീണ്ടുമൊരു ജൂലൈ 21 വരുന്നു. ചാന്ദ്രയാൻ മൂന്ന് പുതിയ പഠന ലക്ഷ്യങ്ങളുമായി കുതിക്കാൻ അണിയറയിൽ ഒരുങ്ങുന്നു. ശാസ്ത്രത്തിന്റെ രീതിക്കെതിരേ ലോകമെമ്പാടുള്ള വിജ്ഞാനവിരോധികൾ പുതിയ ആയുധങ്ങൾ മിനുക്കുന്ന കാലമാണിത്. സാങ്കേതികവിദ്യാ വളർച്ചയുടെ എല്ലാ സുഖസൗകര്യങ്ങളും ആസ്വദിക്കുന്ന വികസിത മുതലാളിത്ത രാജ്യങ്ങളിൽ പോലും മനുഷ്യന്റെ ചാന്ദ്രവിജയത്തെ നിഷേധിക്കുന്ന വാദങ്ങൾ ഉയരുന്നുണ്ട്. ഇന്ത്യ പോലെ ദരിദ്രവും വൈജ്ഞാനികമായി ഏറെയൊന്നും മുന്നേറിയിട്ടില്ലാത്തതുമായ ഒരു രാജ്യത്ത് ശാസ്ത്രവിരുദ്ധാശയങ്ങൾ പ്രചരിപ്പിക്കാൻ കൂടുതൽ എളുപ്പമാണ്. പാഠപുസ്തകങ്ങളിൽ നിന്ന് ശാസ്ത്രത്തേയും ചരിത്രത്തേയും കുടിയിറക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതിനെ ഈ പശ്ചാത്തലത്തിൽ വേണം കാണാൻ. ഒരു പടി കൂടി കടന്ന് അതൊരു ഫാസിസ്റ്റ് വാഴ്ചയ്ക്ക് പശ്ചാത്തലമൊരുക്കലുമാവാം. അതുകൊണ്ട് ഈ ജൂലൈ 21 കൂടുതൽ പ്രസക്തമാണ്.
ചാന്ദ്രദിനത്തിൽ കൂടുതൽ ശാസ്ത്രം നമ്മൾ പറയേണ്ടതുണ്ട്. ലൂക്കയും ബാലവേദി സബ് കമ്മിറ്റിയും പത്തു ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ഒരു പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. ഒരു ലക്ഷം വിദ്യാർത്ഥികൾ ഈ പരിപാടിയിൽ പങ്കെടുക്കുമെന്ന് കരുതുന്നു. എല്ലാ ജില്ലകളിലും ബാലവേദി ഉപസമിതിയുടെ യോഗം ചേർന്ന് പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ചിരിക്കുമല്ലോ? ഇല്ലെങ്കിൽ അടിയന്തിരമായി പ്രവർത്തനങ്ങൾ തുടങ്ങണം.
ചന്ദ്രനെ പരിചയപ്പെടുക, ബഹിരാകാശ വിജ്ഞാനത്തിലേയ്ക്ക് ഒരു പടികൂടി മുന്നോട്ട് പോവുക, ചന്ദ്രനുമൊത്ത് ഒരു സെൽഫിയെടുക്കുക.