നേതാവും സംഘാടകനും

0

മുഴുവൻ പരിഷത്ത് പ്രവർത്തകരും ചെയ്യേണ്ട ഒരു പ്രധാന ഉത്തരവാദിത്വമുണ്ട്. നിങ്ങളുടെ കയ്യിൽ കിട്ടുന്ന വാർത്തയുടെ ലിങ്ക് സംഘടനക്കുള്ളിലും പുറമേയും നവമാധ്യമ ഇടങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കണം. പരിഷത്ത് എന്തു ചെയ്യുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയായി പരിഷദ് വാർത്ത ജനങ്ങൾക്കിടയിൽ പ്രചരിക്കട്ടെ.

30 ജൂണ്‍ 2023
സുഹൃത്തുക്കളേ,
പരിഷദ് വാർത്ത കൂടുതൽ സജീവമാവുകയാണ്. സംസ്ഥാനത്തുടനീളം നടക്കുന്ന പരിഷത്ത് പ്രവർത്തനങ്ങളെ എല്ലാവർക്കുമായി പങ്കുവയ്ക്കുകയാണ് പരിഷദ് വാർത്തയുടെ പ്രഥമധർമ്മം. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ കടമ നിറവേറ്റുന്നതിൽ പരിഷദ് വാർത്തയ്ക്ക് ചില പരിമിതികളുണ്ടായിരുന്നു. അച്ചടി രൂപത്തിൽ നിന്ന് ഡിജിറ്റൽ രൂപത്തിലേക്ക് മാറുന്നതിന് വാർത്ത കുറച്ചധികം സമയമെടുത്തു. എങ്കിൽ പോലും ഓരോ ദിവസവും വാർത്തകളും കുറിപ്പുകളും അപ്‌ലോഡ് ചെയ്യാൻ കഴിയുന്ന രൂപത്തിൽ പരിഷദ് വാർത്ത ഒരു മെച്ചപ്പെട്ട വാർത്താപോർട്ടലായി വികസിക്കുകയാണ്. ഇന്ന് സംസ്ഥാനത്തുടനീളം എല്ലാ ജില്ലകളിലും വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേകം ചുമതലക്കാരുണ്ട്. അങ്ങനെ യൂണിറ്റ് തല പ്രവർത്തനങ്ങൾ വരെ പരിഷദ് വാർത്തയിലൂടെ സംസ്ഥാനത്താകെ പ്രചരിക്കുന്നു. പരിഷത്തംഗങ്ങൾക്ക് മാത്രമല്ല പുറത്തുള്ളവർക്കും വാർത്ത ലഭ്യമാകുമെന്നതാണ് ഇതിന്റെ സവിശേഷത.
     കേവലമായി വിവരങ്ങൾ പങ്കുവയ്ക്കുക മാത്രമല്ല, പരിഷത്ത് പ്രവർത്തകരെ ആശയപരമായും മാനസികമായും ഒന്നിപ്പിക്കുക എന്ന ദൗത്യം കൂടി പരിഷദ്  വാർത്തയ്ക്ക് ചെയ്യാനുണ്ട്. വാർത്തയുടെ വായനക്കാരെല്ലാം ഒരേ ചരടിൽ കോർക്കപ്പെട്ട ആക്ടിവിസ്റ്റുകളായിത്തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം പരിഷത്ത് പ്രവർത്തകർക്ക് സംഘടനയുടെ നിലപാടുകളും കാലാകാലങ്ങളിൽ ഉണ്ടാകുന്ന പ്രതികരണങ്ങളും അറിയുന്നതിനുള്ള മാർഗം കൂടിയായിത്തീരും ഇത്. പ്രവർത്തകർക്കുള്ള ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമുള്ള വിശദീകരണങ്ങൾ കൂടി നൽകാൻ വൈകാതെ തന്നെ പരിഷദ് വാർത്ത സജ്ജമാകും.ആ നിലയ്ക്ക് മുഴുവൻ പരിഷത്ത് പ്രവർത്തകരെയും ഏകോപിപ്പിക്കുവാനും പരിഷത്ത് പ്രവർത്തനങ്ങളുടെ മുഖ്യസംഘാടകൻ ആകുവാനും പരിഷദ് വാർത്തയ്ക്ക് കഴിയും.
     മുഴുവൻ പരിഷത്ത് പ്രവർത്തകരും ചെയ്യേണ്ട ഒരു പ്രധാന ഉത്തരവാദിത്വമുണ്ട്. നിങ്ങളുടെ കയ്യിൽ കിട്ടുന്ന വാർത്തയുടെ ലിങ്ക് സംഘടനക്കുള്ളിലും പുറമേയും നവമാധ്യമ ഇടങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കണം. പരിഷത്ത് എന്തു ചെയ്യുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയായി പരിഷദ് വാർത്ത ജനങ്ങൾക്കിടയിൽ പ്രചരിക്കട്ടെ.
     ഈ വർഷം നമ്മുടെ പ്രധാന പ്രവർത്തനങ്ങളെല്ലാം വികേന്ദ്രീകൃതമായാണ് നടക്കുന്നത്. അമ്പത് സംഘടനാ വിദ്യാഭ്യാസ ക്യാമ്പുകൾ, നൂറ്റിനാൽപ്പത് പദയാത്രകൾ, മറ്റ് വിവിധ വിഷയങ്ങളിലുള്ള  കാമ്പയിനുകൾ എന്നിവയെല്ലാം അത്യന്തം വികേന്ദ്രീകൃതമായ രീതിയിൽ യൂണിറ്റ്-മേഖലാതല പ്രവർത്തകരുടെ മുൻകൈയിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഇവയെല്ലാം ഏകോപിപ്പിക്കുവാൻ ഫലപ്രദമായ ഒരു സംവിധാനം ആവശ്യമുണ്ട്. ഈ ഉത്തരവാദിത്വമാണ് ഇനിമുതൽ പരിഷദ് വാർത്ത നിർവഹിക്കുന്നത്.
     കൂടുതൽ കരുത്തോടെ, കൂടുതൽ ജനകീയമായി മുന്നോട്ടു പോകുവാൻ പരിഷദ് വാർത്ത ഒരു ഉപാധിയായിത്തീരട്ടെ !
അഭിവാദനങ്ങളോടെ
ജോജി കൂട്ടുമ്മേൽ ജനറൽ സെക്രട്ടറി
കോട്ടയം
30.6.2023

Leave a Reply

Your email address will not be published. Required fields are marked *