സ്വാതന്ത്ര്യം തന്നെ ജീവിതം
Gs letter
ഇന്ത്യ സ്വാതന്ത്ര്യലബ്ധിയുടെ മുക്കാൽ നൂറ്റാണ്ടു പൂർത്തിയാക്കുന്നു.രാജ്യത്തിനു് ആഹ്ലാദിക്കാവുന്ന ഒരു സന്ദർഭം തന്നെയാണിത്.വിശേഷിച്ചും ഇന്ത്യയ്ക്കൊപ്പം കോളനിവാഴ്ചയിൽ നിന്ന് പുറത്ത് വന്ന നമ്മുടെ അയൽ രാജ്യങ്ങൾ പലതും മതാധിപത്യത്തലേയ്ക്കോ പട്ടാളഭരണത്തിലേയ്ക്കോ കലാപകലുഷിതമായ സാമൂഹ്യാന്തരീക്ഷത്തിലേയ്ക്കോ ഒക്കെ വീണുപോയപ്പോഴും ഇന്ത്യ ജനാധിപത്യഭരണസംവിധാനത്തെ നിലനിർത്തിയെന്ന വസ്തുത നാം വിസ്മരിക്കരുത്.നാലരപ്പതിറ്റാണ്ടുമുമ്പൊരിക്കൽ ഒരു ചെറിയകാലത്തേയ്ക്കെങ്കിലും ജനാധിപത്യത്തെ മരവിപ്പിച്ച് നിർത്താൻ അന്നത്തെ ഭരണാധികാരികൾ ശ്രമിച്ചു എന്നത് വിസ്മരിച്ചുകൊണ്ടല്ല ഇതുപറയു ന്നത്.ആ പ്രതിസന്ധിയേയും മറികടക്കാൻ ഇന്ത്യൻ ജനതയ്ക്ക് കഴിഞ്ഞുവെന്നത് നമ്മുടെ കരുത്തു തന്നെയാ ണ്.
ഇക്കൊല്ലം അതിവിപുലമായ ആഘോഷങ്ങൾക്കാണ് ഭാരതസർക്കാർ ആഹ്വാനം ചെയ്തിട്ടുള്ളതും പരിപാടികൾ തയ്യാറാക്കിയിട്ടുള്ളതും.എഴുപത്തിയഞ്ചാഴ്ചകൾ നീണ്ടുനിൽക്കുന്ന ഒരു വലിയ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്.എല്ലാ വീടുകളിലും മൂന്ന് ദിവസം തുടർച്ചയായി ദേശീയപതാക ഉയർത്തിക്കൊണ്ട് രാജ്യത്തെ മുഴുവൻ ജനങ്ങളേയും ആഘോഷത്തിൽ പങ്കാളികളാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. അതിനുവേണ്ടി ദേശീയപതാക സംബന്ധിച്ച നിയമങ്ങളിൽ ഇളവ് വരുത്താൻ പോലും സർക്കാർ തയ്യാറായി രിക്കുന്നു.ദേശീയസ്വാതന്ത്ര്യസമരത്തിൽ പങ്കാളിത്തമൊന്നുമില്ലാത്ത ഒരു പ്രസ്ഥാനമാണ് ഇന്നത്തെ അഖിലേ ന്ത്യാഭരണകക്ഷിയെ നയിക്കുന്നത് എന്ന ആരോപണം ശക്തമാണ്.അതുതീരെ അടിസ്ഥാനമില്ലാത്തതുമല്ല. ജനതയെ മതപരമായി ഭിന്നിപ്പിക്കുകയും ചിലർക്കെങ്കിലും അപരത്വം ആരോപിക്കുകയും ചെയ്തുകൊണ്ട് വർഗ്ഗീയവിഭജനത്തിന് കാരണമാകുന്ന ഒരു സിദ്ധാന്തമാണവരെ നയിക്കുന്നതെന്നും വിശ്വസിക്കാൻ ന്യായ മുണ്ട്.അതുകൊണ്ട് ഇപ്പോൾ നടക്കുന്ന അമിതാഘോഷപരിപാടികൾ ഒരു തീവ്രദേശീയത വളർത്തുന്നതിലേ യ്ക്ക് നയിച്ചേക്കാം.തീവ്രദേശീയത രാജ്യത്തിന്റെ ഉദ്ഗ്രഥനത്തിന് സഹായിക്കണമെന്നില്ല.എന്നു മാത്രമല്ല ഫാസിസവും നാസിസവും ആയുധമാക്കിയത് തീവ്രദേശീയബോധത്തെയാണുതാനും.സമീപകാലത്താകട്ടെ തൊഴിലില്ലായ്മ,കൃഷിയിടങ്ങളിലെ പ്രശ്നങ്ങൾ,മറ്റ് സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് പരാതികൾ കുന്നുകൂടുമ്പോൾ സർക്കാരും ഭരണകക്ഷിയും ഹിന്ദുദേശീയവാദവിഷയങ്ങളിലേക്ക് കൂടുതൽ കൂടുതൽ ശ്രദ്ധ തിരിക്കുകയും അതുവഴി ഉയർന്നുവരു ന്ന ജനകീയപ്രശ്നങ്ങളെ തമസ്ക്കരിക്കുയും ചെയ്യുന്നു.ഫാസിസം എന്നെങ്കി ലും ഇന്ത്യയിൽ വന്നാൽ അത് ഭൂരിപക്ഷഹിന്ദുവർഗീയതയുടെ രൂപത്തിലായിരിക്കുമെന്ന ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകൾ ഇക്കാലത്ത് സ്മരണീയമാണ്.
എന്നാൽ ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികം ഏതൊരു ഇന്ത്യൻ പൗരനും ആഹ്ലാദപൂർവ്വം ആഘോഷിക്കേണ്ട ഒരു സന്ദർഭം തന്നെയാണ്.സമ്പൂർണ്ണമായും അഹിംസയിലൂന്നിയതും അക്രമരഹിതവുമായ ഒരു സമരമാർഗ്ഗമാണ് ഇന്ത്യൻ ദേശീയപ്രസ്ഥാനം പിന്തുടർന്നതെങ്കിലും കൊളോണി യൽ ഭരണകർത്താക്കൾ ആ രൂപത്തില്ല അതിനെ നേരിട്ടത്.ഇന്ത്യയ്ക്ക് പൂർണ്ണസ്വാതന്ത്ര്യം വേണമെന്ന 1929 ലെ ലോഹോർ കോൺഗ്രസ്സിന്റെ പ്രമേയത്തിനുശേഷം തൊട്ടടുത്ത വർഷം മാത്രം ഒരു ലക്ഷത്തോളം സമര സേനാനികൾ തടവറയിലടയ്ക്കപ്പെട്ടിട്ടുണ്ട്.ജാലിയൻ വാലാബാഗും കിസ്സഖവാനി ബസാർ കൂട്ടക്കൊലയും ദേശീ യപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ രക്തമിറ്റുന്ന ഓർമ്മകൾ തന്നെയാണ്.ഇന്ത്യയുടെ സ്വാതന്ത്ര്യം മാത്രമല്ല ദേശീയപ്രസ്ഥാനത്തിന്റെ അനന്തരഫലങ്ങൾ.സ്വാശ്രയത്വം മുതൽ ഗ്രാമസ്വരാജ് വരെ നീളുന്ന ഒരു രാഷ്ട്രീയ ദർശനം കൂടി അതു വളർത്തിയെടുത്തിട്ടുണ്ട്.മോഹൻ ദാസ് കരംചന്ദ് ഗാന്ധിയെന്ന ഒരു ബാരിസ്റ്റർ മഹാത്മാ ഗാന്ധിയെന്ന അതിമാനുഷനായി ഒരു ജനതയുടെ ആത്മവീര്യത്തെ തട്ടിയുണർത്തുന്ന ചരിത്രം എല്ലാ ഇന്ത്യാ ക്കാരിലും ആദരവിസ്മയങ്ങൾ തീർക്കുന്ന ഒന്നാണ്.ഭഗതിസിങ്ങും രാജ് ഗുരുവും സുഖ്ദേവും ഉദ്ധംസിങ്ങും ഖുദിറാം ബോസും ജീവൻ നല്കിയ ഒരു ധാരയുമുണ്ടിന്.നേതാജി സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷ് പട്ടാളത്തിനെതിരേ ആയുധമെടുത്തിറങ്ങിയ കഥ ആരെയാണ് കോൾമയിർ കൊള്ളിക്കാത്തത്?ബ്രിട്ടീഷുകാർ ഇന്ത്യ വിടുക മാത്രമല്ല,ജന്മിത്വം അവസാനിപ്പിക്കുക കൂടി വേണം,പൂർണ്ണസ്വാതന്ത്ര്യത്തിന് എന്ന ഇടതുപക്ഷ മുദ്രാവാക്യവും ഇന്ത്യയുടെ ഭാവിവളർച്ചയ്ക്ക് ദിശാബോധം നൽകിയ ഒന്നുതന്നെയാണ്.
ഇന്ന് ഇന്ത്യ വിവിധ പ്രതിസന്ധികൾ നേരിടുന്നുണ്ട്.ശാസ്ത്രബോധവും മതേതരത്വവും വലിയ വേല്ലുവി ളി നേരിടുന്നു.ജനാധിപത്യം സാങ്കേതികാർത്ഥത്തിൽ മാത്രം നിലനിൽക്കുന്ന ഒന്നായി മാറുന്നു.കെട്ടുകഥകളം പുരാണങ്ങളും ചരിത്രത്തിനു പകരം വയ്ക്കപ്പെടുന്നു.രാജ്യത്തിന്റെ ബഹുസ്വരത ഭരണകർത്താക്കളാൽതന്നെ ചവിട്ടിയരയ്ക്കപ്പെടുന്നു.ഒരു ന്യൂനപക്ഷം വരുന്ന അതിസമ്പന്നർ പിന്നെയും സമ്പന്നരാവുന്നു,ദരിദ്രർ കൂടുതൽ ദരിദ്രരായിത്തീരുന്നു.ഇവയെയൊക്കെ വിമർശനപരമായി വിലയിരുത്തേണ്ട ഒരവസരം കൂടിയാണ് സ്വാത ന്ത്ര്യദിനാഘോഷവേളകൾ.ഈ എഴുപത്തിയഞ്ചാം വാർഷികം അത്തരം ഒരു പരിശോധനയ്ക്ക് കൂടിയുള്ള സമ യമാണ്.ഈ കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത് ഇന്ത്യയെ കണ്ടെത്തുക എന്നത് തന്നെയാണ്.ജനാധിപ ത്യവും ശാസ്ത്രബോധവും മതേതരസ്വഭാവവും ഉള്ള ഒരു ഇന്ത്യ നിലനിൽക്കേണ്ടത് സ്വാതന്ത്ര്യസമരസേനാനി കളുടെ സ്വപ്നം മാത്രമല്ല,ഇപ്പോൾ ഇന്ത്യയിൽ ജീവിക്കുന്നവരുടേയും നാളെ ജനിക്കാനിരിക്കുന്നവരുടേയും അനിവാര്യമായ ആവശ്യം കൂടിയാണ്..അതാവട്ടെ ഈ വർഷത്തെ നമ്മുടെ സ്വാന്ത്ര്യദിന പ്രതിജ്ഞ.
പാരിഷത്തികാഭിവാദനങ്ങളോടെ
ജോജി കൂട്ടുമ്മേൽ
ജനറൽ സെക്രട്ടറി.
സ്വതന്ത്ര ഭാരതത്തിലെ പുതുതലമുറയും… വരും തലമുറയും അറിഞ്ഞിരിക്കേണ്ട വിശേഷങ്ങൾ 👏👏👏👏