ലോകോളേജ് സമരം തീര്‍ന്നു. ഇനിയെന്ത് ?
തിരുവനന്തപുരം ലോ അക്കാദമിയിലെ സമരം അവസാനിച്ചു. നെഹ്റുകോളേജിലെ സമരവും ഉടനെ തീര്‍ന്നേക്കാം. സമരത്തില്‍ ആര് ജയിച്ചു ആര് തോറ്റു എന്നൊന്നും വിലയിരുത്തുന്നതില്‍ കഥയില്ല. സ്വാശ്രയകോളേജുകളും അവിടത്തെ വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും പ്രശ്നങ്ങളും അതുപോലെത്തന്നെ നിലനില്കുന്നു. പതിനാറ് വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വാശ്രയ കോളേജുകള്‍ അടച്ചുപൂട്ടണമെന്ന പ്രമേയം പാസ്സാക്കിയ നമുക്കുപോലും അതേ നിലപാടില്‍ തുടരാനാവുമെന്ന് തോന്നുന്നില്ല. അടച്ചുപൂട്ടണമെന്ന പ്രമേയം പാസ്സാക്കുമ്പോള്‍ കണക്കിലെടുത്ത ആശങ്കകള്‍ എല്ലാംതന്നെ അതേ അളവിലോ അതിനേക്കാള്‍ കൂടിയ അളവിലോ ഇന്ന് അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. 500നടുത്ത് സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ പ്രൊഫഷണല്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളെക്കാള്‍ അനേകമിരട്ടി കുട്ടികള്‍ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പഠിച്ച്പുറത്തുവന്നുകൊണ്ടിരിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ അടച്ചുപൂട്ടുകയെന്ന നിലപാട് ആവര്‍ത്തിക്കുന്നത് യുക്തിരഹിതവുമാണ്.
സ്വാശ്രയകോളേജുകള്‍ ഇന്ന് നിലനിൽക്കുന്നത് ടി.എം.എ പൈ കേസിലെ സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിലാണ്. അത് മാറ്റാത്ത കാലത്തോളം സ്വാശ്രയകോളേജ് അടച്ചുപൂട്ടാൻ നിയമം അനുകൂലമാകില്ല. അങ്ങനെയെങ്കില്‍ ഇപ്പോൾ ആവശ്യപ്പെടാവുന്നത് വിദ്യാഭ്യാസനിലവാരം പാലിക്കാൻ ആവശ്യമായ വ്യവസ്ഥകൾ സർവകലാശാലകളും സർക്കാരും കർശനമായി പാലിക്കണമെന്നാണ്. അടിസ്ഥാനസൗകര്യങ്ങള്‍, പാഠ്യപദ്ധതി, അമിതഫീസ്, അനധികൃതമായ പിഴയും ശിക്ഷാരീതികളും, അധ്യാപകരുടെ യോഗ്യത, നീതിപൂർവം പരീക്ഷ നടത്തൽ, വിദ്യാര്‍ഥി പീഡനം, വിദ്യാർഥികളുടെ അവകാശ സംരക്ഷണം, കോളേജ് നടത്തിപ്പിലെ സുതാര്യത എന്നിവ സർവകലാശാലകളും രക്ഷാകർത്താക്കളും നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കണം. അതിനെ നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ ഇടപെടാനും ഉതകുന്ന നിയമവ്യവസ്ഥയുണ്ടാകണം.
പ്രൊഫണൽ കോളേജുകൾക്ക് പുറമേ നിരവധി സ്വാശ്രയ ആർട്ട് ആന്റ് സയൻസ് കോളജുകളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. ഇപ്പോൾ ഏതാനും കോളേജുകളിൽ നടക്കുന്ന വിദ്യാർത്ഥി രാഷ്ടീയ സമരങ്ങൾ കൂടുതൽ കോളേജുകളിലേക്ക് വ്യാപിക്കാനാണ് സാധ്യത. വിദ്യാഭ്യാസ മേഖല നവീകരിക്കണമെന്ന ലക്ഷ്യത്തോടെ നടക്കുന്ന സമരങ്ങൾക്ക് പുറമേ സങ്കുചിത കക്ഷിരാഷ്ടീയ ലക്ഷ്യങ്ങളും പല സമരങ്ങൾക്ക് പിന്നിലുമുണ്ട്. ഇത് വിദ്യാഭ്യാസമേഖലയെ കൂടുതൽ കലുഷിതമാക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദീർഘകാല പരിപ്രേക്ഷ്യത്തോട് കൂടിയ ഇടപെടലുകൾ സർവ്വകലാശാലകളുടെയും സർക്കാരിന്റെയും ഭാഗത്തുനിന്നും ഉണ്ടാവേണ്ടിയിരിക്കുന്നു. പ്രശ്നങ്ങൾ വിശദമായി പഠിച്ച് ഉചിതമായ പരിഹാര നടപടികൾ നിർദ്ദേശിക്കാൻ ഒരു ഉന്നത തല സമിതിയെ സർക്കാര്‍ നിയോഗിക്കണം. സമിതിയുടെ നിർദ്ദേശങ്ങൾ സമയ ബന്ധിതമായി നടപ്പിലാക്കുമെന്നും സർക്കാർ പ്രഖ്യാപിക്കണം.
അഭിവാദനങ്ങളോടെ
മുരളീധരന്‍ പി
ജനറല്‍ സെക്രട്ടറി