ജലസുരക്ഷ ജീവസുരക്ഷ
1900 ന് ശേഷം ഏറ്റവും ചൂട് കൂടിയ വര്‍ഷമായിരുന്നു 2016. കഴിഞ്ഞ വര്‍ഷവും ഇതുതന്നെയായിരുന്നു പറഞ്ഞത്. അടുത്ത ഏതാനും വര്‍ഷവും ഇതേ പല്ലവി ആവര്‍ത്തിക്കാന്‍ വഴിയുണ്ട്. ദൈവത്തിന്റെ സ്വന്തം നാടായ, ഹരിതാഭമായ കേരളത്തിലും വ്യത്യസ്തമല്ല അവസ്ഥ. കഴിഞ്ഞമാസം തന്നെ പാലക്കാട്ട് 37 ഡിഗ്രി ചൂട് രേഖപ്പെടുത്തിക്കഴിഞ്ഞു. കാലവര്‍ഷവും തുലാവര്‍ഷവും ഒരുപോലെ കൈവിട്ട ഇതുപോലൊരു വര്‍ഷം അടുത്തൊന്നുമുണ്ടായിട്ടില്ല. സംസ്ഥാനത്തൊട്ടാകെ ലഭിച്ച മഴയുടെ അളവില്‍ 62 ശതമാനം കുറവുണ്ടായി എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. സംസ്ഥാനമാകെ വരള്‍ച്ച ബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വരള്‍ച്ച അതിരൂക്ഷമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്ഥിതി മുന്‍കൂട്ടിക്കണ്ട് സര്‍ക്കാര്‍ സംവിധാനമാകെത്തന്നെ വരള്‍ച്ചാ ദുരിതാശ്വാസനടപടികള്‍ ശക്തമാക്കിക്കഴിഞ്ഞു. യാതൊരു പരിസ്ഥിതി പരിഗണനയും നല്‍കാതെ നടത്തിക്കൊണ്ടിരിക്കുന്ന വികസനത്തിന്റെ ഫലമാണ് ഈ വരള്‍ച്ച എന്നുതന്നെയാണ് അവസാന വിശകലനത്തില്‍ മനസ്സിലാവുന്നത്. 3000 മില്ലിലിറ്ററിലധികം മഴ ലഭിക്കുന്ന കേരളത്തില്‍ ജനങ്ങളുടെ ജലനിരക്ഷരതയും പ്രധാന കാരണങ്ങളില്‍ ഒന്നുതന്നെ.
വരള്‍ച്ചയുടെ ഉത്തരവാദികളെ തുറന്നുകാണിക്കുന്നതോടൊപ്പം വരള്‍ച്ചയുടെ ആഘാതം കുറയ്ക്കുന്നതിനുള്ള കര്‍മപരിപാടികള്‍ രൂപപ്പെടുത്തുന്നതിനും നമുക്ക് കഴിയണം. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും പുഴകളും കായലുകളും മലകളും കുന്നുകളും ഇല്ലാതാകുന്നതിന്റെ പാരിസ്ഥിതിക ദുരന്തമാണ് വരള്‍ച്ചയും താപനിലയിലെ വര്‍ധനവും എന്നും ജനങ്ങളെ ബോധ്യപ്പെടുത്തണം. ജീവിതവീക്ഷണത്തിലും ശൈലിയിലും മാറ്റം വരുത്തിക്കൊണ്ടേ ഇവയെ സംരക്ഷിക്കാന്‍ കഴിയൂ എന്ന് ഓര്‍മപ്പെടുത്തുകയും വേണം. എന്തായാലും കടുത്ത വേനലിനെ നേരിടാന്‍ പരിഷത്ത് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങുകതന്നെ വേണം. പഞ്ചായത്തുമായി സഹകരിച്ച് ജലസുരക്ഷ സംഘങ്ങള്‍ രൂപീകരിക്കാന്‍ കഴിയുമോ എന്നാലോചിക്കാവുന്നതാണ്. ജലസുരക്ഷ സംഘങ്ങളുടെ നേതൃത്വത്തില്‍ ഓരോ പ്രദേശത്തിനും അനുയോജ്യമായ പരിപാടിയുണ്ടാക്കി മുന്നോട്ടുനീങ്ങാന്‍ കഴിയണം. ഏതാനും ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. വീടുകള്‍ തോറും വെള്ളത്തിന്റെ അമിതമായ ഉപയോഗവും ദുരുപയോഗവും തടയാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുക, വിനോദപരിപാടികള്‍ക്കായി വെള്ളം ഉപയോഗിക്കുന്നത് നിയന്ത്രിക്കുക, വെള്ളം പൊതുസ്വത്തായി പ്രഖ്യാപിക്കുക, കുടിവെള്ളത്തിന്റെ സ്വകാര്യവത്കരണവും കച്ചവടവും കര്‍ശനമായി നിയന്ത്രിക്കുക, ഓരോ വാര്‍ഡിലെയും എല്ലാ ജലസ്രോതസ്സുകളുടെയും ഗുണനിലവാരം പരിശോധിക്കുക, വാര്‍ഡിലെ എല്ലാകുളങ്ങളും കിണറുകളും വൃത്തിയാക്കുക, ഓരോ പറമ്പിലും വീഴുന്ന മഴവെള്ളം പരമാവധി അവിടെത്തന്നെ മണ്ണിലേക്ക് കിനിഞ്ഞിറങ്ങുന്നതിനായുള്ള മഴക്കുഴി നിര്‍മാണക്യാമ്പയിന്‍ സംഘടിപ്പിക്കുക, ചെരുവുകളില്‍ മഴവെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുംവിധം വരമ്പുകളിടുക, കയ്യാലകള്‍ നിര്‍മിക്കുക, കൈത, ഇഞ്ചിപ്പുല്ല്, തീറ്റപ്പുല്‍ തുടങ്ങിയ സസ്യങ്ങള്‍ നട്ടുപിടിപ്പിച്ചു ജൈവബണ്ടുകള്‍ തീര്‍ക്കുക, ജലസ്രോതസ്സുകള്‍ മാലിന്യ വിമുക്തമാക്കുക തുടങ്ങി നിരവധി പരിപാടികള്‍ ജലസുരക്ഷാ സംഘത്തിന്റെ നേതൃത്വത്തില്‍ ചെയ്യാവുന്നതാണ്.
ജലസംരക്ഷണം ജനങ്ങള്‍ അടിയന്തിരമായി ഏറ്റെടുക്കേണ്ടതാണെന്ന് ബോധ്യപ്പെടുത്താന്‍ ജലസുരക്ഷാ യാത്രകളും ജലസുരക്ഷാ സംവാദങ്ങളും സംഘടിപ്പിക്കാന്‍ പരിഷത്ത് യൂണിറ്റുകള്‍ രംഗത്ത് വരണം. തദ്ദേശ സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ പ്രദേശത്തെ വിദ്യാലയങ്ങളിലൂടെ എല്ലാ വീടുകളിലും ജലസംരക്ഷണത്തിനായുള്ള അടിയന്തിര സന്ദേശം എത്തുമെന്ന് ഉറപ്പാക്കാനും നമുക്ക് കഴിയണം.
പി.മുരളീധരന്‍
ജനറല്‍ സെക്രട്ടറി