നവോത്ഥാനവര്‍ഷം 2017
2017 കേരളത്തിന്റെയും ലോകത്തിന്റെതന്നെയും പുരോഗമനത്തിന് നിര്‍ണായക സംഭാവനകള്‍ ചെയ്ത പലസംഭവങ്ങളുടെയും നൂറാം വാര്‍ഷികമാണ്. ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ല പ്രഖ്യാപനം സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന പന്തിഭോജനം, ഇനി അമ്പലങ്ങളല്ല വിദ്യാലയങ്ങളാണ് വേണ്ടത് എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം തുടങ്ങി കേരള നവോത്ഥാനത്തിന്റെ നാഴികക്കല്ലുകളായി മാറിയ സംഭവങ്ങളുടെ ശതവര്‍ഷമാണ് 2017. അതോടൊപ്പം ലോകഗതിയെത്തന്നെ മാറ്റിമറിച്ച സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ രൂപീകരണത്തിന്റെ 100-ാം വര്‍ഷം, കേരളത്തെ രൂപപ്പെടുത്തിയ ആദ്യമന്ത്രിസഭയുടെ അറുപതാം വാര്‍ഷികം, ജനകീയശാസ്‌ത്രപ്രസ്ഥാനരൂപീകരണത്തിന്റെ 60ാം വര്‍ഷം (കേരള ശാസ്‌ത്രസാഹിത്യ സമിതി – 1957 ഒറ്റപ്പാലം) ഇതെല്ലാം 2017 ലാണ്. ഇനിയും പ്രസക്തമായ പല സംഭവങ്ങളും 2017മായി ബന്ധപ്പെടുത്തി ചൂണ്ടിക്കാണിക്കാനുണ്ട്.
നൂറ്റിഇരുപത്തിയഞ്ച് വര്‍ഷംമുമ്പ് ഭ്രാന്താലയമെന്ന് വിവേകാനന്ദന്‍ വിശേഷിപ്പിച്ച ഒരു പ്രദേശത്തെ, അറിവുള്ളവരുടെ നാടെന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തിയത് നവോത്ഥാന-ഇടതുപക്ഷ ആശയങ്ങളും ഇടപെടലുകളുമാണെന്ന് നമുക്കറിയാം. ജാതിക്കെതിരെ, ജന്മിത്തത്തിനെതിരെ, മുതലാളിത്തചൂഷണത്തിനെതിരെ, വൈദേശികാധിപത്യത്തിനെതിരെ – എല്ലാമുള്ള പ്രവര്‍ത്തനങ്ങളും പ്രക്ഷോഭങ്ങളും ഇവിടെ നടന്നു. ജനാധിപത്യത്തിന്റെയും, മതനിരപേക്ഷതയുടെയും, മാനവികതയുടെയും സോഷ്യലിസത്തിന്റെയും, യുക്തിചിന്തയുടെയും സാമ്രാജ്യത്വവിരുദ്ധതയുടെയും മൂല്യങ്ങളാണ് ഈ പ്രസ്ഥാ നങ്ങള്‍ കേരളീയമനസ്സുകളില്‍ വളര്‍ത്തിയെടുത്തത്. കേരളീയര്‍ ലോകരുടെ മുമ്പില്‍ തലയുയര്‍ത്തിനിന്നത് ഈ മൂല്യങ്ങളുടെ പിന്‍ബലത്തിലാണ്.
എന്നാല്‍ വര്‍ത്തമാനകാലത്ത് ഈ മൂല്യങ്ങളെല്ലാം പലതരത്തിലുള്ള വെല്ലുവിളികളെ നേരിടുകയാണ്. ആഗോളീകരണത്തിന്റെ കടന്നാക്രമണത്തില്‍ ഇടതുപക്ഷമൂല്യങ്ങള്‍ ദുര്‍ബലമാകുകയും കമ്പോളമൂല്യങ്ങള്‍ ശക്തിപ്പെടുകയും ചെയ്തിരിക്കുന്നു. പുനരുത്ഥാനവാദം ശക്തിപ്രാപിക്കുന്നു. ശാസ്ത്രസാങ്കേതികവിദ്യകളുടെ നേട്ടങ്ങളെ പ്രയോജനപ്പെടുത്തുമ്പോള്‍ത്തന്നെ ശാസ്ത്രീയരീതികളെയും, ശാസ്ത്രാവബോധത്തെയും നിരാകരിക്കുന്നു. വിദ്യാഭ്യാസമുള്ളവരുടെ എണ്ണം നൂറ് ശതമാനത്തിലെത്തി നില്‍ക്കുമ്പോഴും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പ്രചാരം നാള്‍ക്കുനാള്‍ ഏറി വരുന്നു. നമ്മള്‍ നേടിയ വിദ്യാഭ്യാസം ആത്മവിശ്വാസവും യുക്തിബോധവും ശാസ്ത്രബോധവും ഉണ്ടാക്കുന്നതിന് സഹായകരമാകുന്നില്ലേ എന്ന് ചിന്തിക്കേണ്ട അവസ്ഥയിലാണ് നമ്മള്‍ ജീവിക്കുന്നത്. പുരോഗമനചിന്തയുടെയും ശാസ്‌ത്രബോധത്തിന്റെയും യുക്തിചിന്ത യുടെയും കേരളീയ സംസ്‌കാരത്തിന്റെയും അടിത്തറയ്ക്ക് വിള്ളലുകള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരായ ശക്തമായ പ്രതിരോധം ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് ജനകീയ ശാസ്‌ത്രപ്രസ്ഥാനത്തിന്റെയും കൂടെ കടമയാണ്.
ഏതാനുംവര്‍ഷം മുമ്പ് ‘വേണം മറ്റൊരുകേരളം’ എന്ന ക്യാമ്പയിനില്‍ ആധുനികകേരളം രൂപപ്പെട്ടതെങ്ങനെയാണെന്നും വര്‍ത്തമാനകേരളം നേരിടുന്ന പ്രതിസന്ധികളെന്തൊക്കെയാണെന്നും ഭാവികേരളം എങ്ങനെയായിരിക്കണമെന്നും വിശദീകരിക്കുവാന്‍ നാം ശ്രമിച്ചിട്ടുണ്ട്. മറ്റൊരു കേരളത്തിന്റെ സാക്ഷാത്കാരം ക്ഷിപ്രസാധ്യമല്ലെന്ന ബോധ്യത്തോടെ തന്നെയാണ് നാം പരിപാടിക്ക് രൂപംനല്‍കിയത്. ആ ക്യാമ്പയിന്‍ കൂടുതല്‍ വ്യാപിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള ഒരവസരമായാണ് നവോത്ഥാനവര്‍ഷത്തെ നാം കാണുന്നത്. ജനുവരിയില്‍ നടക്കാന്‍ പോകുന്ന കലാജാഥ നവോത്ഥാനവര്‍ഷപ്രവര്‍ത്തനങ്ങളുടെ നാന്ദികുറിക്കുന്ന പ്രവര്‍ത്തനമായിരിക്കും. ജാഥയുടെ ഉള്ളടക്കം അതനുസരിച്ചാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഈ ലക്ഷ്യം മനസ്സില്‍വെച്ചായിരിക്കണം ഈ വര്‍ഷത്തെ കലാജാഥയുടെ സംഘാടനപ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കേണ്ടത്.
പി.മുരളീധരന്‍
ജനറല്‍ സെക്രട്ടറി