പണമില്ലാത്തവന്‍ പിണം നോട്ടുനിരോധനം ഫലം കാണുമോ

0

[dropcap]അ[/dropcap]ടിയന്തിരാവസ്ഥാപ്രഖ്യാപനം പോലെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം വന്നത്. നാളെമുതല്‍ (നവം. 9 ബുധനാഴ്ച) 500ന്റേയും 1000ത്തിന്റേയും കറന്‍സി നോട്ടുകള്‍ക്ക് കടലാസുവില മാത്രം. ബാങ്കുകളും എടിഎം കൗണ്ടറുകളും പ്രവര്‍ത്തിക്കില്ല. ചുരുക്കം ചില സ്ഥലങ്ങളില്‍മാത്രം പഴയ നോട്ട് എടുക്കും. ബാങ്കുകളും എടിഎമ്മുകളും തുറന്നാലും നോട്ടുകള്‍ കൈമാറുന്നതിന് കര്‍ശനമായ നിയന്ത്രണമുണ്ടായിരിക്കും. അക്ഷരാര്‍ഥത്തില്‍ സാമ്പത്തിക അടിയന്തിരാവസ്ഥ തന്നെ.
യാതൊരു സൂചനയുമില്ലാതെ ഇത്തരമൊരു പ്രഖ്യാപനം എന്തിനുവേണ്ടിയായിരുന്നു? ജനങ്ങളെയാകെ പരിഭ്രാന്തിയിലാക്കിയ ഈ പ്രഖ്യാപനത്തിന് എന്ത് ന്യായീകരണമാണ് അധികാരികള്‍ക്ക് നല്കാനുള്ളത്? കള്ളപ്പണം പുറത്തുകൊണ്ടുവരാനാണ് ഈ നടപടിയെന്നാണ് അവകാശവാദം. ഇതിന്റെ പ്രത്യാഘാതങ്ങള്‍ രാജ്യസ്നേഹമുള്ള ജനങ്ങള്‍ രാജ്യത്തിന്‌വേണ്ടി സഹിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫലത്തില്‍ എന്താണ് സംഭവിച്ചത്? സാധാരണജനങ്ങളാകെ പരിഭ്രാന്തിയിലും ദുരിതത്തിലുമായി. ജനജീവിതം താറുമാറായി. ചികിത്സ മുടങ്ങി, യാത്രമുടങ്ങി, തൊഴില്‍ മുടങ്ങി, വിവാഹങ്ങള്‍ മാറ്റിവെക്കപ്പെട്ടു, ജനങ്ങളുടെ ഗതികേട് മുതലെടുക്കാന്‍ ഇടനിലക്കാര്‍ രംഗത്തുവന്നു, അടിയന്തിരാവശ്യങ്ങള്‍ക്ക് പരിഹാരം കാണാനാവാതെ ജനങ്ങള്‍ പരക്കം പാഞ്ഞു. ആത്യന്തിക ഫലം അതായിരുന്നു.
കള്ളപ്പണവും കള്ളനോട്ടും തടയേണ്ടതുതന്നെ. അതിന് കര്‍ക്കശമായ നടപടികളും വേണം. ഇപ്പോഴത്തെ നോട്ടുനിരോധന നടപടികള്‍ മൂലം തീരാദുരിതത്തിലായ കോടിക്കണക്കായ സാധാരണക്കാരില്‍ ആരെങ്കിലും കള്ളപ്പണക്കാര്‍ ആയിരുന്നോ? അവരില്‍ ആരെങ്കിലും കള്ളനോട്ടടിക്കാര്‍ ആയിരുന്നോ? സര്‍ക്കാരിന്റെ ഈ നടപടിമൂലം ഏതെങ്കിലും കള്ളപ്പണക്കാരന്‍ ദുരിതത്തിലായോ? അവരുടെ പണം ഇപ്പോഴും വിദേശബാങ്കുകളില്‍ വിദേശ കറന്‍സികളില്‍ സുരക്ഷിതമായിത്തന്നെ ഇരിക്കുന്നു. അവരുടെ പേരുകള്‍ അടങ്ങുന്ന ലിസ്റ്റ് സര്‍ക്കാരിന്റെ കൈവശമുണ്ടെന്ന് കേള്‍ക്കുന്നു. അവരില്‍ ഒരാളെപ്പോലും ചെറുതായൊന്ന് പേടിപ്പിക്കാന്‍പോലും ഈ നിരോധനം കൊണ്ട് കഴിയില്ല. കണക്കില്‍പ്പെടാത്ത പണം നോട്ടായിത്തന്നെ വീടുകളിലോ മറ്റുകേന്ദ്രങ്ങളിലോ സൂക്ഷിക്കുന്നവര്‍ വിരളമായിരിക്കും. അവരില്‍ കുറച്ചുപേര്‍ സര്‍ക്കാരില്‍ നികുതി അടയ്ക്കുമായിരിക്കും എന്നല്ലാതെ ഈ നടപടികൊണ്ട് മാത്രം കള്ളപ്പണം വെളുക്കില്ല എന്ന് പകല്‍പോലെ വ്യക്തമാണ്. അങ്ങനെ നോക്കുമ്പോള്‍ യഥാര്‍ഥ കുറ്റവാളികളെ തൊടാന്‍ കഴിയാതെ അവരെ പിടിക്കാനെന്നപേരില്‍ ഒരു കുറ്റവും ചെയ്യാത്ത അന്നന്നത്തെ അഷ്ടിക്ക് വകതേടുന്ന ദിവസക്കൂലിക്കാരേയും ചെറുകച്ചവടക്കാരേയും മറ്റുതൊഴിലാളികളേയും ബാങ്ക് കൗണ്ടറുകള്‍ക്കുമുന്നിലും എടിഎമ്മുകള്‍ക്കുമുന്നിലും ക്യൂ നില്കാന്‍ നിര്‍ബന്ധിതരാക്കിയ സര്‍ക്കാര്‍ നടപടിയെ ഒരു ദേശസ്നേഹിക്കും അംഗീകരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
നികുതിവെട്ടിപ്പും കള്ളപ്പണവും കോടീശ്വരന്മാരുടെ കിട്ടാക്കടവും അവസാനിപ്പിക്കേണ്ടതുതന്നെ. അതിന് രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നടപടികളാണ് ആവശ്യം. കള്ളപ്പണക്കാരുടേയും നികുതി വെട്ടിപ്പുകാരുടേയും വന്‍കിട കടക്കാരുടേയും വിവരങ്ങള്‍ സര്‍ക്കാരിന്റെ കൈവശം ഉണ്ടെന്ന് കേള്‍ക്കുന്നു. ഇതൊക്കെ ഉപയോഗപ്പെടുത്തി ബഹുഭൂരിപക്ഷം വരുന്ന ജനസാമാന്യത്തെ വലയ്ക്കാതെയുള്ള ദീര്‍ഘകാല പദ്ധതികള്‍ നടപ്പിലാക്കിയിരുന്നുവെങ്കില്‍ ഇന്ത്യ ലോകത്തിന് തന്നെ മാതൃകയാകുമായിരുന്നു. കറുത്ത പണവും വെളുത്ത പണവും സമ്പദ് വ്യവസ്ഥയുടെ തന്നെ ഭാഗമാണ് എന്ന് നമുക്കറിയാം. ഇതില്‍ കറുത്ത പണത്തെ എങ്ങനെ കുറച്ചുകൊണ്ടുവരാം എന്നാണ് ആലോചിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക വിദഗ്ധരുടെ നിര്‍ദേശങ്ങളൊന്നും പരിഗണിക്കപ്പെടാതെ എടുത്തിട്ടുള്ളതാണ് ഈ തീരുമാനം. ഈ സാഹചര്യത്തില്‍ പരിഷത്ത് പ്രവര്‍ത്തകര്‍ പ്രശ്നങ്ങളെക്കുറിച്ച് കൂടുതല്‍ പഠിച്ച് ജനങ്ങളുടെ ഇടയില്‍ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണം.
പി.മുരളീധരന്‍
ജനറല്‍സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *