മതേതരവും ലിംഗതുല്യതയുമുള്ള സിവില്‍ നിയമങ്ങള്‍ ഉണ്ടാകണം

0

ഒരു മതേതര രാജ്യത്ത് എല്ലാ മതവിഭാഗങ്ങള്‍ക്കും സ്വീകാര്യമായ പൊതു സിവില്‍നിയമം ഉണ്ടാകേണ്ടത് തന്നെയാണ്. വിവാഹം, സ്വത്തവകാശം, വിവാഹമോചനം, ദത്തെടുക്കല്‍, രക്ഷാകര്‍തൃത്വം തുടങ്ങിയ വിഷയങ്ങളില്‍ സ്ത്രീകളോട് കടുത്തവിവേചനം പുലര്‍ത്തുന്ന മതനിയമങ്ങള്‍ അതേപടി സ്വീകരിക്കാന്‍ ഒരു പരിഷ്കൃത സമൂഹത്തിനും കഴിയില്ല. ഈ പശ്ചാത്തലത്തില്‍ വേണം മതേതരവും ലിംഗതുല്യതയുള്ളതുമായ പൗരനിയമത്തിലധിഷ്ഠിതമായ സിവില്‍ നിയമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളെ കാണാന്‍.
വിവിധ മതനിയമസംഹിതകളെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കൊളോണിയല്‍ സര്‍ക്കാര്‍ ഇന്ത്യന്‍ ക്രിമിനല്‍ നിയമസംഹിതയ്ക്ക് രൂപം നല്കിയത്. രാജ്യത്ത് ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നത് വഴി ജനങ്ങളുടെ മേലുള്ള ഭരണകൂടത്തിന്റെ ആധിപത്യം ഉറപ്പിക്കുവാന്‍ കഴിയുമെന്നതിനാലാണ് കൊളോണിയല്‍ ഭരണകൂടം അത് ചെയ്തത്. അപ്പോഴും സിവില്‍ നിയമങ്ങളുടെ കാര്യത്തില്‍ അതത് മതവിഭാഗങ്ങളുടെ കീഴ്‌വഴക്കങ്ങളെ നിയമമായി അംഗീകരിച്ചു കൊടുത്തത് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തങ്ങളുടെ നയം നടപ്പാക്കുന്നതിന്റെ ഭാഗമായാകാനേ തരമുള്ളൂ. ഇന്ത്യാ വിഭജനമടക്കം നിരവധി ദുരിതങ്ങളിലേയ്ക്ക് വഴിതെളിച്ച ഈ നയത്തിന്റെ ബാക്കിപത്രമായാണ് ഭാരതത്തിലിന്നും വ്യത്യസ്ഥ മതവിഭാഗങ്ങള്‍ക്ക് വ്യത്യസ്ഥ സിവില്‍ നിയമങ്ങള്‍ നിലനില്‍ക്കുന്നത്. ഇതു പരിഹരിക്കുന്നതിനായാണ് ഭരണഘടനാനിര്‍മാതാക്കാള്‍ ഏകീകൃത സിവില്‍ നിയമം എന്ന ആശയത്തെ ഭരണഘടനയുടെ നിയാമകതത്വങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹിന്ദു മതത്തില്‍ ഉണ്ടായിരുന്ന കടുത്ത സ്ത്രീവിരുദ്ധമായ പിന്‍തുടര്‍ച്ചാനിയങ്ങള്‍ ഹിന്ദു കോഡ് ബില്ലിലൂടെ കുറെയൊക്കെ പരിഹരിക്കപ്പെട്ടു. കൃസ്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമത്തില്‍ ഉണ്ടായിരുന്ന സ്ത്രീവിരുദ്ധമായ ചട്ടങ്ങള്‍ മേരിറോയ് കേസിലുണ്ടായ കോടതി വിധിയെത്തുടര്‍ന്ന് പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഈ രണ്ടു മതങ്ങളിലും സ്ത്രീപുരുഷസമത്വമോ സാമൂഹ്യനീതിയോ പൂര്‍ണ്ണമായി നിലവില്‍വന്നുകഴിഞ്ഞു എന്ന് ഇതിനര്‍ത്ഥമില്ല. വിവാഹം, വിവാഹമോചനം തുടങ്ങിയ മേഖലകളില്‍ പരിഹരിക്കേണ്ടതായ പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് പിന്തുടര്‍ച്ചയായി സ്വത്തവകാശം നല്‍കിയ ആദ്യത്തെ മതം ഇസ്ലാം ആയിരുന്നിട്ടുകൂടി സ്വത്തവകാശം, വിവാഹം, വിവാഹമോചനം തുടങ്ങിയവയില്‍ ഒരു മതേതര പുരോഗമന സമൂഹത്തിന് യോജിക്കാത്ത പലനിയമങ്ങളും ആ മതത്തില്‍ ഇന്നും നിലനില്‍ക്കുന്നു. അഖിലേന്ത്യാതലത്തില്‍ നോക്കിയാല്‍ ദേശീയ പ്രാദേശികതലങ്ങളില്‍ ഉണ്ടായ നവോത്ഥാന പ്രക്രിയകളിലൂടെ ഹിന്ദുമതത്തിലെ സതിആചരണം, ശൈശവവിവാഹം തുടങ്ങിയ അനാചാരങ്ങള്‍ കുറെയൊക്കെ പരിഹരിക്കപ്പെട്ടതായി കാണാം. എന്നാല്‍ സുഘടിതമായ മത ചട്ടക്കൂടിനുള്ളില്‍ നില്‍ക്കുന്ന സെമിറ്റിക്ക് മതങ്ങളൊന്നും ഇത്തരത്തിലുള്ള പരിഷ്‌കരണത്തിനു വിധേയമായിട്ടില്ലെന്നത് അവയില്‍ ലിംഗവിവേചനവും അനീതിയും നിലനില്‍ക്കുന്നതിന് കാരണമായി. ആ നിലയ്ക്ക് ഏകീകൃത സിവില്‍ കോഡിനെ സാമൂഹ്യ നവോത്ഥാനത്തിന്റെ തുടര്‍ച്ചയായി കാണണം.
എകീകൃത സിവില്‍ നിയമം എന്നാല്‍ ഏതെങ്കിലുമൊരു മതനിയമം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതല്ല. ഹിന്ദു സിവില്‍ നിയമങ്ങള്‍ മറ്റു മതങ്ങളുടെ മേല്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കാന്‍ശ്രമിച്ചാല്‍ അത് വര്‍ഗ്ഗീയ കലാപങ്ങളിലാകും അവസാനിക്കുക. എല്ലാ മതങ്ങളിലുമുള്ള നിയമങ്ങളില്‍ സ്വീകരിക്കാവുന്ന അംശങ്ങള്‍ ഉണ്ടെങ്കില്‍ അവ എടുത്തും ആവശ്യമുള്ളവ പുതുതായി സൃഷ്ടിച്ചും മതേതരവും സ്ത്രീപുരുഷതുല്യത ഉറപ്പുവരുത്തുന്നതും പുരോഗമനപരവുമായ നിയമം രൂപപ്പെടുത്തുകയാണ് വേണ്ടത്. ഇതിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാനുള്ള അവസരമായി സര്‍ക്കാര്‍തലത്തില്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന നീക്കങ്ങളെ കാണണം.

പി.മുരളീധരന്‍
ജനറല്‍സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *