ആരോഗ്യ സർവകലാശാലയിൽ ഗവേഷണവിഭാഗം ആരംഭിക്കണം-കോലഴി മേഖല

0

04/12/23  നവകേരളസദസ്സ് തൃശ്ശൂർ

 കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിൽ വൈദ്യശാസ്ത്രഗവേഷണത്തിന് ഉടൻ സംവിധാനം ഒരുക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലാകമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.  ആരോഗ്യ സർവകലാശാലാവളപ്പിൽ സംഘടിപ്പിച്ച വടക്കാഞ്ചേരി നിയോജകമണ്ഡലത്തിന്റെ നവകേരളസദസ്സിൽ ഇത് സംബന്ധിച്ച നിവേദനം പരിഷത്ത് പ്രവർത്തകർ നൽകി.
ആരോഗ്യ സർവകലാശാല രൂപീകരിച്ചിട്ട് 13വർഷം പിന്നിട്ടെങ്കിലും നാളിതുവരെ വൈദ്യശാസ്ത്രഗവേഷണത്തിന് വകുപ്പുകൾ തുടങ്ങിയില്ല. ലോകത്താകമാനം ആരോഗ്യ വിദ്യാഭ്യാസരംഗത്തും ആരോഗ്യപരിപാലനരംഗത്തും അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന നൂതനമാറ്റങ്ങൾ സ്വാംശീകരിച്ചു നടപ്പാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും വിജ്ഞാന ഉല്‌പാദനകേന്ദ്രം എന്ന നിലയിൽ ആരോഗ്യ സർവകലാശാലയ്ക്ക് സുപ്രധാനമായ പങ്കുണ്ട്.
വിവിധ ആരോഗ്യസൂചികകളിൽ മികച്ച നേട്ടം കൈവരിക്കാൻ കേരളത്തിന് ആയിട്ടുണ്ടെങ്കിലും വർദ്ധിക്കുന്ന രോഗാതുരതയിലും ചികിത്സാച്ചെലവിലും കേരളം മുന്നിലാണെന്ന വൈരുദ്ധ്യം നിലനിൽക്കുന്നുണ്ടെന്ന് നിവേദനം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ വിവിധങ്ങളായ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തിലൂന്നി ഗവേഷണവകുപ്പുകൾ ആരംഭിക്കുകയും സർവ്വകലാശാലയെ മികച്ച ഗവേഷണകേന്ദ്രം ആക്കിത്തീർക്കാനുള്ള സത്വരനടപടികൾ സ്വീകരിക്കുകയും വേണമെന്ന് പരിഷത്ത് ആവശ്യപ്പെട്ടു.
 പരിഷത്ത് കോലഴി മേഖലാപ്രസിഡൻറ് എം.എൻ.ലീലാമ്മ, സെക്രട്ടറി ഐ.കെ.മണി, ട്രഷറർ എ.ദിവാകരൻ, ഡോ.കെ.എ.ഹസീന, മേരി ഹെർബർട്ട് , കവിത പി വേണുഗോപാൽ, ഡോ.ആദിൽ നഫർ, കെ.വി.ആൻറണി, ടി.സത്യനാരായണൻ എന്നിവർ നിവേദകസംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *