ഇന്ത്യാ സ്റ്റോറി നാടകയാത്ര 2025 ജനുവരി 19 മുതൽ പ്രയാണം ആരംഭിയ്ക്കും

0

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ജനകീയ വിദ്യാഭ്യാസ പ്രവർത്തനമാണ് കലാജാഥകൾ. ഈ പ്രവർത്തന വർഷം ഇന്ത്യാ സ്റ്റോറി നാടകയാത്ര എന്ന പേരിലാണ് കലാജാഥ കേരള സമൂഹത്തിൻ്റെ മുന്നിലെത്തുന്നത്. ഈ പശ്ചാതലത്തിൽ കലാ സംസ്ക്കാരം ഉപസമിതി കൺ വീനർ എസ്. ജയകുമാർ ഇന്ത്യാ സ്റ്റോറി നാടകയാത്രയെക്കുറിച്ച് എഴുതുന്നു

 

     ഇന്ത്യാസ്റ്റോറി നാടകയാത്ര 2025 ജനുവരി 19 മുതൽ പ്രയാണം ആരംഭിക്കുകയാണ്.മൂന്ന് മേഖലാ ജാഥകളായി180 ൽ പരം കേന്ദ്രങ്ങളിൽ നാടകയാത്ര പരിപാടികൾ അവതരിപ്പിയ്ക്കും.

    കാലികമായ വിഷയങ്ങളിൽ സർഗാത്മക സംവാദത്തിന് വഴിയൊരുക്കി പ്രശ്നങ്ങളുടെ ആഴങ്ങളിലേക്ക് സമൂഹശ്രദ്ധ തിരിക്കാനും, കാര്യകാരണ ബന്ധിതമായ പരിഹാരാന്വേഷണത്തിലേക്ക് നയിക്കാനും,നാല് പതിറ്റാണ്ടിലേറെക്കാലം ശാസ്ത്രകലാജാഥകളിലൂടെ ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ ഇടപെടലുകൾ ചരിത്രത്തിൻ്റെ ഭാഗമാണ്.

ഇന്ത്യാസ്റ്റോറി നാടകയാത്രയും പ്രസ്തുത ചരിത്രത്തിന്റെ തുടർച്ചയും വളർച്ചയുമാണ്.ജനാധിപത്യം കുത്തകകൾ ഒരുക്കുന്ന കെട്ടു കാഴ്ചകളുടെയും ഭരണകൂടത്തിൻ്റെ കൺകെട്ടുകളുകളുടെയും പര്യായമായി മാറുമ്പോൾ, കാണേ കാണേ കൺവെട്ടത്തുനിന്നും ബഹുസ്വരത, മതേതരത്വം, ലിംഗനീതി, തുല്യത, മാനവികത തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾ മാത്രമല്ല ഭരണഘടന തന്നെയും മായ്ക്കപ്പെടുമ്പോൾ നൈരാശ്യത്തിനും നിസംഗതയ്ക്കും അപ്പുറം ജാഗ്രതയുടേയും ചെറുത്തുനിൽപ്പിൻ്റെയും പടയണി ഒരുക്കാൻ ഇന്ത്യാസ്റ്റോറി നാടക ലക്ഷ്യമിടുന്നു.

      കാലാവസ്ഥാ വ്യതിയാനം നവകേരള സങ്കല്പങ്ങൾക്കുമുന്നിൽ പർവതസമാനമായ പ്രതിസന്ധികൾ തീർക്കുമ്പോൾ ശാസ്ത്രവിജ്ഞാനത്തിൻ്റെയും യാഥാർത്ഥ്യബോധത്തിന്റെയും കരുത്തുറ്റ അടിത്തറയിൽ സുസ്ഥിരവികസന പാതയിലൂടെ കേരളത്തിൻ്റെ ഭാവി ഭൂമിക സാധ്യമാക്കണമെന്ന ഇച്ഛാശക്തി പകരാൻ നാടകയാത്ര ഊർജ്ജമാകുക തന്നെ ചെയ്യും.

തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ പിജി വിദ്യാർഥി എം.എസ്.അരവിന്ദാണ് ഇന്ത്യാസ്റ്റോറിയുടെ രചനയുംരംഗസാക്ഷാത്ക്കാരവും നിർവഹിച്ചത്.ഗാനരചന എം എം സചീന്ദ്രനും,ജി. രാജശേഖരനും സംഗീതം സന്ദീപും പശ്ചാത്തല സംഗീതം ബി.എസ്.ശ്രീകണ്ഠനുമാണ് നിർവഹിച്ചത്.

     ഡോ.കാവുമ്പായി ബാലകൃഷ്ണൻ, എം എം സചീന്ദ്രൻ, വൈക്കം വേണു, എ എം ബാലകൃഷ്ണൻ, ജി. രാജശേഖരൻ, ബി. രമേശ് തുടങ്ങിയവർ സ്ക്രിപ്റ്റ് രചന മുതൽ രംഗാവിഷ്കാരം വരെയുള്ള ചർച്ചകളിൽ ക്രിയാത്മ പങ്കാളിത്തം വഹിച്ചു.

    പാലക്കാട് ഐആർടിസിയിൽ 2024 ഡിസംബർ 24 മുതൽ 31 വരെ തീയതികളിൽ നടന്ന പ്രൊഡക്ഷൻ ക്യാമ്പിനെ തുടർന്ന്കോഴിക്കോട് ജില്ലയിലെ കണ്ണിപ്പൊയിലിൽ 2025 ജനുവരി 12 മുതലും തൃശൂർ ജില്ലയിലെ മുളങ്കുന്നത്ത് കാവിൽ 2025 ജനുവരി 18 മുതലും , കൊല്ലം ജില്ലയിലെ ചിതറയിൽ 2025 ജനുവരി 16 മുതലും മേഖലാ പരിശിലന ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്.ക്യാമ്പുകൾ ജനപങ്കാളിത്തത്തോടെ നടന്നു വരുന്നു. ഇന്ത്യാ സ്റ്റോറി നാടകയാത്ര പരാമധി ജനങ്ങളിലേയ്ക്ക് എത്തിയ്ക്കാനുള്ള പ്രവർത്തനങ്ങളാണ് ഇനി ഉണ്ടാവേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed