‘ഇന്ത്യാസ്റ്റോറി’: മധ്യമേഖലാപരിശീലന ക്യാമ്പ് തുടങ്ങി.

0

'ഇന്ത്യാസ്റ്റോറി': മധ്യമേഖലാ പരിശീലനക്യാമ്പ്

തൃശ്ശൂർ – മുളങ്കുന്നത്തുകാവ്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കലാജാഥയുടെ മധ്യമേഖലാപരിശീലന ക്യാമ്പ് തുടങ്ങി. ‘ഇന്ത്യാസ്റ്റോറി’ എന്ന പേരിലുള്ള ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകാവതരണമാണ് കലാജാഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിലനിൽക്കുന്ന അത്യന്തം കലുഷിതമായ ഇന്ത്യൻ രാഷ്ട്രീയസാഹചര്യത്തെ പ്രതിരോധിക്കാനുള്ള ആഹ്വാനമാണ് നാടകയാത്ര നൽകുന്ന സന്ദേശം.
പരിശീലന ക്യാമ്പിൻ്റെ ആതിഥേയർ പരിഷത്ത് കോലഴി മേഖലയാണ്.

നാടകപ്രവർത്തകൻ കെ.വി.ഗണേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പണാധിപത്യവും വരേണ്യതയും കലയെ ഗ്രസിച്ചിരിക്കുന്നു എന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പണമുള്ളവർക്ക് മാത്രം പ്രവേശനമുള്ള നാടകോത്സവങ്ങൾ അടിസ്ഥാനവർഗത്തെ ദൂരത്ത് നിർത്തുന്നു. ഇറ്റ്ഫോക് നാടകോത്സവം പോലും സാധാരണക്കാർക്ക് അപ്രാപ്യമാകുന്നു. വൻകിട സ്ഥാപനങ്ങളുടെ CSR ഫണ്ട് നഗരം കേന്ദ്രീകരിച്ചുള്ള മഹാമേളകൾക്കായാണ് ചെലവഴിക്കുന്നത്. ഗ്രാമങ്ങളിൽ സാധാരണക്കാർക്ക് നാടകം കാണാവുന്ന വിധം മേളകൾ വികേന്ദ്രീകരിക്കുന്നില്ല. ഇതിന് ഒരു അപവാദമാണ് പരിഷത്തിൻ്റെ കലാജാഥകൾ എന്നദ്ദേഹം പറഞ്ഞു. ഗ്രാമഗ്രാമാന്തരങ്ങളിലെ തെരുവോരങ്ങളിൽ സാധാരണക്കാരുമായി നേരിട്ട് സംവദിക്കുന്ന പരിഷത്ത് കലാജാഥകൾക്ക് വലിയ പ്രസക്തിയാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുവിടങ്ങളിൽ പുരോഗമനാശയക്കാർ പോലും കുറ്റകരമായ നിശബ്ദത പാലിക്കുന്ന ഇക്കാലത്ത്, സാമൂഹ്യതിന്മകൾക്തിരെ സധൈര്യം ശബ്ദമുയർത്തുന്ന പരിഷത്ത് കലാജാഥയെ ഏവരും പിന്തുണക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പുസ്തകം സമ്മാനിച്ച് അദ്ദേഹം കലാകാരന്മാരെ സ്വീകരിച്ചു. 10കലാകാരന്മാരാണ് (7 പു & 3സ്ത്രീ) ക്യാമ്പിൽ പങ്കെടുക്കുന്നത്.

പരിഷത്ത് മേഖലാപ്രസിഡണ്ട് പ്രീത ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പരിഷത്ത് മധ്യമേഖലാസെക്രട്ടറി പി.അരവിന്ദാക്ഷൻ, കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ പി.പ്രദോഷ് , വി.മനോജ് കുമാർ, ജില്ലാസെക്രട്ടറി ടി.വി.രാജു, മേഖലാസെക്രട്ടറി വി.കെ.മുകുന്ദൻ, ഐ.കെ.മണി എന്നിവർ പ്രസംഗിച്ചു.

ജനുവരി 26ന് തൃശ്ശൂരിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന മധ്യമേഖലാകലാജാഥ 5ജില്ലകളിലെ (തൃശ്ശൂർ, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം) പര്യടനത്തിന് ശേഷം ഫെബ്രുവരി 11ന് വൈക്കത്ത് സമാപിക്കും. ഇതേസമയം ഉത്തരമേഖലാ – ദക്ഷിണമേഖലാ ജാഥകളും പര്യടനം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

You may have missed