കലാജാഥ പരിശീലനം വിജയിപ്പിക്കാൻ കണ്ണിപൊയിൽ ഒരുങ്ങുന്നു
ബാലുശ്ശേരി : വിവിധ സാമൂഹികവിഷയ മേഖലകളിലെ ഇടപെലുകൾക്കുള്ള ഉപാധി എന്ന നിലയിൽ ആശയ പ്രചാരണത്തിന് കല എന്ന സാർവലൗകിക മാധ്യമത്തെ പരിഷത്ത് ഉപയോഗിക്കാൻ തുടങ്ങിയിട്ട് നാല് പതിറ്റാണ്ട് കഴിഞ്ഞു. ഈ വർഷത്തെ ശാസ്ത്ര കലാജാഥ ജനുവരി 20 മുതൽ സംസ്ഥാനത്ത് പ്രയാണം ആരംഭിക്കുകയാണ്. കലാജാഥയുടെ പ്രൊഡക്ഷൻ ക്യാമ്പ് ഡിസംബർ 24 ന് ഐ ആർ ടി സി യിൽ ആരംഭിച്ചു കഴിഞ്ഞു. തുടർന്ന് മൂന്ന് വൻ മേഖലകളിലായി കലാജാഥയുടെ പരിശീലനങ്ങളും ആരംഭിക്കും. ഉത്തര മേഖലയുടെ പരിശീലനക്യാമ്പ് കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മേഖലയിൽ കണ്ണിപൊയിൽ വെച്ച് 2025 ജനുവരി 12 മുതൽ 19 വരെ നടക്കുകയാണ്.
ഉത്തരമേഖലയിലെ കലാജാഥയുടെ പരിശീലന ക്യാമ്പിന്‍റെ സംഘാടക സമിതി രൂപീകരണ യോഗം 25.12.24 ന് എടക്കര കൊളക്കാട് എ.യു.പി സ്ക്കൂളിൽ ചേര്‍ന്നു. ഉത്തരമേഖല സെക്രട്ടറി എൻ ശാന്തകുമാരി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി രൂപീകരണ യോഗത്തിൽ മുൻ സംസ്ഥാന പ്രസിഡണ്ട് കെ.ടി.രാധാകൃഷ്ണൻ റിഹേഴ്സൽ ക്യാമ്പിനെ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി വി.കെ.ചന്ദ്രൻ സ്വാഗതവും കെ.കെ. അരവിന്ദാക്ഷൻ പ്രവർത്തന പരിപാടിയും അവതരിപ്പിച്ചു. ബാലുശ്ശേരി മേഖലാ പ്രസിഡണ്ട് അഹമ്മദ് നന്ദിയും പറഞ്ഞു.
ബാലുശ്ശേരി നിയോജക മണ്ഡലം എം.എൽ.എ സച്ചിൻ ദേവ് ചെയർപേഴ്സണും കെ.കെ. അരവിന്ദാക്ഷൻ ജനറൽ കൺവീനറുമായി സംഘാടക സമിതിയും ഉപസമിതികളും രൂപീകരിച്ചു. ക്യാമ്പ് തുടങ്ങുന്നതുമുതൽ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ സാംസ്കാരിക സദസ്സ് അടക്കമുള്ള പരിപാടികൾ ഉൾപ്പടെ വിപുലമാ രീതിയിൽ ജനകീയ പങ്കാളിത്തത്തോടെ ക്യാമ്പ് വിജയിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളാണ് കണ്ണിപൊയിലിൽ നടന്നുവരുന്നത്.
മുൻ ജനറൽ സെക്രട്ടറി സി.എം. മുരളീധരൻ, ജില്ലാ ജോയിന്‍റ് സെക്രട്ടറിമാരായ പി.ബിജു ,ഹരീഷ് ഹർഷ, ജില്ലാ ട്രഷറർ സത്യനാഥൻ,കലാസംസ്കാരം ഉപസമിതി ജില്ലാ ചെയര്‍മാന്‍ ഇ ടി വത്സന്‍ തുടങ്ങിയവരും സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പങ്കെടുത്തു .