കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ സമ്മേളനം .

0

കാലാവസ്ഥാ പ്രതിസന്ധി:പ്രകൃതി ദുരന്തങ്ങളിൽ ജാഗ്രതയും ശാസ്ത്രീയ ആസൂത്രണവും അനിവാര്യം .

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ സമ്മേളനം

 

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല സമ്മേളനം ചെറുതാഴം ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ചു. കുസാറ്റ് റഡാർ സെൻ്റർ ഡയരക്ടർ ഡോ. എസ്. അഭിലാഷ് അസ്ഥിരമാവുന്ന കാലാവസ്ഥയും അതിജീവനവും എന്ന വിഷയത്തിൽ ക്ലാസ്സെടുത്ത് കൊണ്ട് സമ്മേളനം ഉൽഘാടനം ചെയ്തു.

 കാലാവസ്ഥാ പ്രതിസന്ധിയുടെ ഭാഗമായി ഉണ്ടാവുന്ന പ്രകൃതി ദുരന്തങ്ങൾ കേരളത്തിലെ ഏതു പ്രദേശത്തും ഏതു കാലത്തും സംഭവിക്കാവുന്നതാണെന്നും അതിനെ നേരിടാൻ ജാഗ്രതയും ശാസ്ത്രീയമായ ആസൂത്രണവും അനിവാര്യമാണെന്നും ഡോ. എസ്. അഭിലാഷ് പറഞ്ഞു. കേരളം സുസ്ഥിര വികസനലക്ഷ്യങ്ങളിൽ മുന്നിലാണെങ്കിലും കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ തീവ്ര കാലാവസ്ഥാദുരന്തങ്ങളിൽ ജീവനും ജീവനോപാധികളിലും സ്വത്തിനും വലിയ നഷ്ടമാണ് വരുത്തിയത്. വയനാട് മുണ്ടക്കൈ ഉൾപ്പെടെയുള്ള പശ്ചിമഘട്ട പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ വലിയ നാശങ്ങളുണ്ടാക്കി.സമൂഹത്തിൽ അരികുവൽക്കരിക്കപ്പെട്ട മനുഷ്യരാണ് കൂടുതൽ ഇതിൻ്റെ ഇരകളാവുന്നത്. എന്നാൽ അർഹമായ സാമ്പത്തിക പിന്തുണ നൽകാൻ കേന്ദ്രസർക്കാർ തയ്യാറാവാതിരിക്കുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.  ഇന്നത്തെ ആഗോളതാപനത്തിൻ്റെയും കാലാവസ്ഥാ പ്രതിസന്ധിയുടെയും ഉത്തരവാദികൾ മനുഷ്യ സമൂഹം മൊത്തമാണെന്ന പ്രചാരണം ശരിയല്ലെന്നും അമേരിക്ക ഉൾപ്പെടെയുള്ള മുതലാളിത്ത രാജ്യങ്ങളിൽ നിന്നാണ് കാർബൺ ഉത്സർജ്ജനത്തിൻ്റെ എഴുപത് ശതമാനവും ഉണ്ടാവുന്നത്. ഈ ശക്തികൾ അന്താരാഷ്ട്ര തലത്തിലുള്ള നിയന്ത്രണ ഉടമ്പടികളിൽ നിന്നും പിൻവാങ്ങുകയും യു എൻ പോലുള്ള സംവിധാനങ്ങളെ നോക്കുകുത്തിയാക്കുകയും ചെയ്യുകയാണ്. കഴിഞ്ഞ 50 വർഷത്തെ ഏറ്റവും തീവ്രമായ കാലാവസ്ഥാ ദുരന്തങ്ങളിൽ മരണപ്പെട്ടിട്ടുള്ളവർ കാർബൺ ഉത്സർജ്ജനത്തിൽ കാര്യമായ ഒരു പങ്കുമില്ലാത്ത ദരിദ്ര രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 

ലോകത്തെ ഇന്ന് നിയന്ത്രിക്കുന്ന മൂലധന കേന്ദ്രിതമായ മുതലാളിത്ത വളർച്ചയുടെ ഉപോൽപന്നമാണ് ഇന്നത്തെ ആഗോള താപനവും കാലാവസ്ഥാ പ്രതിസന്ധിയും കേരളതീരം ഉൾപ്പടെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരമേഖലയിൽ മൺസൂൺ കാലയളവിൽ മഴപ്പെയ്ത്തിന്റെ സ്വഭാവം മാറുന്നതായി പഠനങ്ങൾ കാണിക്കുന്നുണ്ട്. 2030 – ൽ റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് കരുതിയിരുന്ന ശരാശരി താപനിലയാണ് കഴിഞ്ഞ 15 മാസമായി കേരളത്തിൽ അനുഭവപ്പെടുന്നത്.കാലാവസ്ഥാ വ്യതിയാനത്തെയും ആഗോള താപനത്തെയും അതിൻ്റെ പ്രത്യാഘാതങ്ങളെയും ചെറുക്കാനുള്ള പ്രാദേശികമായ ശ്രമങ്ങൾ നയപരമായും പ്രായോഗികമായും ഭരണകൂടവും ജനങ്ങളും ഒരുപോലെ കൈക്കൊള്ളേണ്ടതുണ്ട്. ഉദ്ഘാടന പ്രസംഗത്തിൽ ഡോ. അഭിലാഷ് പറഞ്ഞു.

സ്വാഗത സംഘം ചെയർമാൻ ടി.വി രാജേഷ് മുൻ എം.എൽ.എ സ്വാഗതം പറഞ്ഞു. പരിഷത് കണ്ണൂർ ജില്ല പ്രസിഡണ്ട് കെ.പി. പ്രദീപൻ അധ്യക്ഷത വഹിച്ചു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, സ്കൂൾ കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര ചെപ്പ് – വീട്ടിൽ ഒരു പരീക്ഷണ ശാല എന്ന പുസ്തകത്തിൻ്റെ കവർ പേജ് എം. വിജിൻ എം എൽ എ പ്രകാശനം ചെയ്തു. പുതിയ പാഠ്യ പദ്ധതിയെ സഹായിക്കുന്ന ലഘുപരീക്ഷണങ്ങളാണ് പുസ്തകത്തിൽ ഉള്ളത്. 

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് കെ കെ .രത്നകുമാരി സമ്മേളനത്തെ അഭിസംബോധന ചെയ്തു .സമ്മേളന പ്രതിനിധികൾ ചെറുതാഴം ഗവ: ഹയർ സെക്കൻ്ററിയിലേക്ക് സമ്മേളന ഓർമ്മക്കായി നൽകുന്ന ശാസ്ത്ര ലൈബ്രറി കോർണർ – പുസ്തകങ്ങൾ ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. ശ്രീധരൻ ചെറുതാഴം ഗവ: ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൽ എൻ രാജേഷിന് കൈമാറി.

   കർണാടക ബി.ജി.വി.എസ് വൈസ് പ്രസിഡണ്ട് ഡോ. ശുഭാങ്കർ ചക്രവർത്തി അഖിലേന്ത്യാതലത്തിൽ ജനകീയ ശാസ്ത്ര പ്രസ്ഥാനം വഹിക്കുന്നപങ്കിനെ കുറിച്ച് അവതരിപ്പിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. ദിവാകരൻ സംഘടനാ രേഖ അവതരിപ്പിച്ചു.സംസ്ഥാന ട്രഷറർ പി.പി.ബാബുപുതിയ ശാസ്ത്രപുസ്തകങ്ങളെ പരിചയപ്പെടുത്തി

 കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ

ഡോ. കാവുമ്പായി ബാലകൃഷ്ണൻ ഒ.എം. ശങ്കരൻ,ടി.ഗംഗാധരൻ,എം ദിവാകരൻ, കെ. വിനോദ്, വി.വി ശ്രീനിവാസൻ, സി.പി ഹരിന്ദ്രൻ, ഏഴാം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ഗോവിന്ദൻ എന്നിവർ സംസാരിച്ചു.

സമ്മേളനത്തിൽ ബിജു നിടുവാലൂർ റിപ്പോർട്ടും ട്രഷറർ കെ.വിനോദ് കുമാർ വരവ്ചെലവ്കണക്കുംഅവതരിപ്പിച്ചു.പി.വി. ജയശീ ടീച്ചർ ജില്ല അവലോകന റിപ്പോർട്ട്  അവതരിപ്പിച്ചു. ജ്യോതി കോളോത്ത് പ്രമേയം അവതരിപ്പിച്ചു.

    ഭക്ഷണവും പോഷണവുമായി ബന്ധപ്പെട്ട് 62 മത് വാർഷിക സമ്മേളനത്തിന്റെ ഭാഗമായി പ്രസിദ്ധപ്പെടുത്തുന്ന സമ്പൂർണ്ണ പുസ്തകത്തിൻ്റെ ഉള്ളടക്ക – ചോദ്യാവലി സിപി ഹരിന്ദ്രൻ പ്രകാശനം ചെയ്തു. സമ്മേളനം നാളെ സമാപിക്കും.

 

സമ്മേളനം അംഗീകരിച്ച പ്രമേയം.

കേരളത്തിലെ യുവാക്കളിലും കുട്ടികളിലും വ്യാപിച്ച് കൊണ്ടിരിക്കുന്ന ലഹരിയാസക്തിക്കെതിരെ പ്രചരണ ബോധവൽക്കരണ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക.

 ഇതിന് വേണ്ടി കേരള സർക്കാർ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുക

 

കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിലെ കോളെജ് – സർവ്വകലാശാല കാമ്പസുകൾ സ്കൂൾ പരിസരങ്ങൾ തുടങ്ങി കൗമാരപ്രായത്തിലുള്ളവർ വ്യാപരിക്കുന്ന എല്ലാ സ്ഥലങ്ങളിലും മദ്യം കഞ്ചാവ് രാസലഹരിയുല്പന്നങ്ങൾ എന്നിവയുടെ ഉപോയഗവ്യാപനത്തിന്റെ നടുക്കുന്ന വാർത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായ അക്രമപ്രവർത്തനങ്ങളും കുറ്റകൃത്യങ്ങളുംവ്യാപകമാകുന്നുമുണ്ട്. പൊതുസമൂഹവും മാധ്യമങ്ങളും ഭരണകൂടവും ഇതിനെ ഗൗരവമായി ക്കണ്ട് രംഗത്തിറങ്ങിയിരിക്കുന്നു എന്നത് ആശ്വാസകരമാണ്.

യുവജനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്തം വർദ്ധിപ്പിച്ചും ജ്ഞാനാന്വേഷണ തൃഷ്ണയെ വളർത്തിയും സാമൂഹ്യ ബോധം വളർത്തിയും മാനസികാരോഗ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തന പരിപാടികൾ നടപ്പിലാക്കായുമുള്ള ബഹുതല സ്പർശിയായ പ്രവർത്തന പരിപാടികൾ ആ വിഷകരിച്ച് നടപ്പാക്കിയാലേ ഈ പ്രവണതയെ നേരിടാൻ സാധിക്കുകയുള്ളു.

               ഇതിനു വേണ്ടി സംഘടനയുടെ മുഴുവൻ ഘടകങ്ങളും സജ്ജമാകണമെന്നും സർക്കാർ തലത്തിൽ ഇതിനായി ആ വിഷ്കരിച്ച് നടപ്പിലാക്കുന്ന പരിപാടികളുമായി മുഴുവൻ പരിഷത്ത് പ്രവർത്തകരും സർവ്വാത്മനാ സഹകരിക്കണമെന്നും ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *