പാലോട് : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 2ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നന്ദിയോട് പച്ച എല്‍.പി സ്കൂളിലും പെരിങ്ങമല പഞ്ചായത്ത് ഓഫീസ് നടയിലും “കേരളം വിചാരവും വീണ്ടെടുപ്പും” എന്ന പേരില്‍ സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. നഷ്ടപ്പെട്ടുപോകുന്ന നവോത്ഥാനമൂല്യങ്ങളെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ 100 കേന്ദ്രങ്ങളിലാണ് സംവാദം നടന്നത്. അതിന്റെ ഭാഗമായുള്ള നന്ദിയോടിലെ സദസ്സ് ഡോ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. നന്ദിയോട് ഷൈനി ടീച്ചറും പെരുനാട് നാഗേഷും പെരിങ്ങമല യില്‍ ഗംഗാധരന്‍ പിള്ളയും ‘കേരളം വിചാരവും വീണ്ടെടുപ്പും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ശാസ്ത്രബോധത്തിന്റെ പ്രചാരം അനിവാര്യമായ കാലഘട്ടത്തിലാണ് നാമുള്ളത്. അയ്യാ വൈകുണ്ഡ സ്വാമിയുടെയും ശ്രീനാരായണഗുരുവിന്റെയും അയ്യന്‍കാളിയുടെയും ചട്ടമ്പി സ്വാമികളുടെയും സഹോദരന്‍ അയ്യപ്പന്റെയും മറ്റ് എണ്ണമറ്റ സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെയും പ്രവര്‍ത്തനങ്ങളുടെ ഫലമാണ് കേരളം സാംസ്കാരിക കേരളമായി മാറിയത്. ഈ യാഥാര്‍ഥ്യം പുതുതലമുറയിലേക്ക് പ്രസരിപ്പിക്കുവാന്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. കൂടുതല്‍ തലങ്ങളിലേക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണം.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിയമനിര്‍മാണം ആവശ്യപ്പെട്ടുകൊണ്ടുള്ള പരിഷത്ത് 52-ാം സംസ്ഥാന സമ്മേളന പ്രമേയം വാമനപുരം എം.എല്‍.എ അഡ്വ.ഡി.കെ.മുരളിക്ക് ഇതിന്റെ ഭാഗമായി നല്‍കി.
Parishadvartha
News portal of Kerala Sasthrasahithya Parishath