കേരള പദയാത്ര കണ്ണൂർജില്ലയിൽ പര്യടനം തുടരുന്നു.
Keralapadayathra Fifth day kannur jilla
കേരള പദയാത്ര കാസർകോട് ജില്ലയിൽ ആവേശകരമായ പര്യടനം പൂർത്തിയാക്കി അഞ്ചാം ദിനത്തിൽ കണ്ണൂർ ജില്ലയിലെ പ്രയാണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.” ശാസ്ത്രം ജനനന്മയ്ക്ക് ,ശാസ്ത്രം നവ കേരളത്തിന്” എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കാഞ്ഞങ്ങാട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന കേരള പദയാത്ര ഇന്ന് ചെറുകുന്ന് തറയിൽ നിന്ന് ആരംഭിച്ച് കണ്ണൂർ ടൗൺ സ്ക്വയറിലാണ് അവസാനിച്ചത്.
ഇരിണാവ് , കരിക്കൻ കുളം ,പുതിയതെരുവ് , കണ്ണൂർ ടൗൺ സ്ക്വയർ എന്നിവയായിരുന്നു ഇന്നത്തെ സ്വീകരണ കേന്ദ്രങ്ങൾ . ആദ്യ സ്വീകരണ കേന്ദ്രമായ ഇരിണാവിൽ, രാഷ്ട്രപിതാവ് ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി പതിനൊന്ന് മണിക്ക് രണ്ടു മിനിറ്റ് മൗനം ആചരിക്കുകയും, തുടർന്ന് ഭരണഘടനയുടെ ആമുഖം വായിച്ച് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത പ്രഖ്യാപിക്കുകയും ചെയ്തു .
മലയാളത്തിന്റെ പ്രിയ കവി വീരൻകുട്ടിയാണ് അഞ്ചാം ദിനത്തിൽ പദയാത്ര നയിച്ചത്. കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ട് മല സംരക്ഷണ പ്രവർത്തനങ്ങളിൽ പരിഷത്തിനും സംരക്ഷണ സമിതിക്കുമൊപ്പം വീരാൻകുട്ടി നിലകൊണ്ടിരുന്നു. പരിസ്ഥിതിയെക്കുറിച്ച് സംസാരിച്ചതിന് അദ്ദേഹത്തിന്റെ പുസ്തകം കത്തിച്ചതിനും സമകാലികകേരളം സാക്ഷിയായി. വിവിധ ജാഥാ സ്വീകരണ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ട് , നാടിന്റെ വികസനത്തിൽ ഉൾപ്പെടെ യുവതലമുറയുടെ പുതു കാഴ്ചപ്പാടുകൾ യാഥാർത്ഥ്യമാകണമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസം ലഭിച്ച കുട്ടികൾ പുറത്തു പോകാൻ താല്പര്യം കാണിക്കുകയാണ്, യുവതലമുറയ്ക്ക് ഒരു പുതിയ ലോകം തുറന്നു കൊടുക്കുവാൻ നമ്മൾക്ക് കഴിയണമെന്നും അദ്ദേഹം സൂചിപ്പിച്ചു.ഓരോ പ്രസംഗത്തിനും ശേഷമുള്ള അദ്ദേഹത്തിന്റെ ചെറു കവിതകളുടെ അവതരണമായിരുന്നു പദയാത്രയിലെ ഇന്നത്തെ ആകർഷണം. ഇരിണാവിൽ ” നയതന്ത്രം “, കരിക്കിൻകുളത്ത് ” ഭൂമിക്കടിയിൽ ” പുതിയ തെരുവിൽ ” അപ്പൂപ്പൻ താടി ” എന്നീ കവിതകളാണ് അവതരിപ്പിച്ചത്.
പദയാത്രയുടെ അഞ്ചാം ദിനത്തിന് സമാപനം കുറിച്ചു കൊണ്ട് കണ്ണൂർ ടൗൺ സ്ക്വയറിൽ നടന്ന സ്വീകരണ പരിപാടിയുടെ ഉദ്ഘാടനം കണ്ണൂർ എം.എൽ എയും പദയാത്രയുടെ ആറാം ദിനത്തിലെ ക്യാപ്റ്റനുമായ രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. പദയാത്രയുടെ വൈസ് ക്യാപ്ടനും പരിഷത്ത് സംസ്ഥാന പ്രസിഡണ്ടുമായ ബി രമേഷ്, ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ എന്നിവർ സംസാരിച്ചു. പദയാത്രക്കൊപ്പം സഞ്ചരിക്കുന്ന കലാ ജാഥയിലെ “കോട്ട് ” എന്ന വിൽ കലാമേളയിലെ പാട്ടുകൾ എഴുതി ചിട്ടപ്പെടുത്തിയ ഡോ: എ.എസ് പ്രശാന്ത് കൃഷ്ണൻ , ബി.എസ് ശ്രീകണ്ഠൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.തുടർന്ന് കലാജാഥാ പരിപാടികളുടെ അവതരണവും നടന്നു.