നാടിനെ പിറകോട്ടു കൊണ്ടുപോകാനുള്ള ശ്രമങ്ങൾക്കെതിരെ നിരന്തര ഇടപെടൽ ആവശ്യമാണ് : ഡോ. കെ പി മോഹനൻ.

0

Keralapadayathra Second day

ശാസ്ത്രസാഹിത്യപരിഷത്ത് ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം നവ കേരളത്തിന് എന്ന മുദ്രാവാക്യമുയർത്തി കാഞ്ഞങ്ങാട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന കേരള പദയാത്രയുടെ രണ്ടാംദിനമായ ജനുവരി 28ന് ചെറുവത്തൂരിൽ നിന്ന് ആരംഭിച്ച് കാസർകോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി കണ്ണൂർ ജില്ലയിലെ ആദ്യ സ്വീകരണകേന്ദ്രമായ പയ്യന്നൂരിൽ അവസാനിച്ചു. പദയാത്രയുടെ ഇന്നത്തെ ക്യാപ്റ്റൻ ദേശാഭിമാനി വാരികയുടെ എഡിറ്റർ ഡോ. കെ പി മോഹനൻ ആയിരുന്നു. കാലിക്കടവ്, നടക്കാവ്, ഇളമ്പച്ചി എന്നിവയായിരുന്നു മറ്റ് സ്വീകരണ കേന്ദ്രങ്ങൾ .
നവോത്ഥാന മൂല്യങ്ങളെ ദുർബലമാക്കുന്ന കാഴ്ചയാണ് സമൂഹത്തിൽ കാണാൻ കഴിയുന്നത്‌. ദുരാചാരങ്ങൾ പലതും തിരിച്ചുവരുന്നു. വിശ്വാസം അന്ധവിശ്വാസത്തിലേക്ക്‌ വഴിമാറുന്നു.ശാസ്ത്രബോധവൽക്കരണത്തിലൂടെ മാത്രമേ ഇതിനെ മറികടക്കാനാവൂ.
കേരള പദയാത്രയുടെ വിവിധ സ്വീകരണകേന്ദ്രങ്ങളിലെത്തിയ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് ഡോ: കെ.പി.മോഹനൻ അഭിപ്രായപ്പെട്ടു. അധ്വാനത്തിലൂടെയല്ലാതെ എങ്ങിനെ പണമുണ്ടാക്കാം എന്നാണ് മുതലാളിത്തം പഠിപ്പിച്ചത്. വികസനത്തിന്റെ ബദൽ എന്ന പോലെ തന്നെ പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ടതാണ് ജീവിതത്തിന്റെ ബദൽ എന്നതും എന്ന് അദ്ദേഹം പറഞ്ഞു. പുരോഗതിയെ സുസ്ഥിരവും സ്ഥായിയുമാക്കാൻ എന്തുചെയ്യണം എന്നതാണ് ചിന്തിക്കേണ്ടത്. എല്ലാ മനുഷ്യരുടേയും ഉത്‌കണ്ഠകൾ പങ്കുവയ്‌ക്കുകയും പരിഹാരത്തിനായുള്ള കൂട്ടായ ആലോചനയുമാണ് കേരള പദയാത്രയിലൂടെ പരിഷത്ത്‌ ലക്ഷ്യമാക്കുന്നതെന്നും കെ പി മോഹനൻ പറഞ്ഞു. ചില മാധ്യമങ്ങൾ ഈ പദയാത്രയെയും വിവാദമാക്കാൻ ശ്രമിക്കുന്നുണ്ട്. അവർക്ക് സംവാദമല്ല വേണ്ടത് വിവാദമാണ്. എന്നാൽ സെമിനാറുകളിലൂടെയും സൂക്ഷ്മതല പഠനങ്ങളിലൂടെയുമെല്ലാം സമൂഹത്തിൽ യഥാർഥവിവരങ്ങളിൽ അധിഷ്ഠിതമായ സംവാദങ്ങൾ ഉയർത്തിക്കൊണ്ടുവരാനാണ് പരിഷത്ത് ലക്ഷ്യമിടുന്നത് എന്നും സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിക്കവേ പരിഷത്ത് സംസ്ഥാന പ്രസിഡണ്ടും പദയാത്രയുടെ വൈസ് ക്യാപ്റ്റനുമായ ബി.രമേഷ് വ്യക്തമാക്കി. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ പദയാത്രക്കൊപ്പം സഞ്ചരിക്കുന്ന കലാജാഥ ” ഷീ ആർക്കേവ് ” എന്ന നാടകവും “കോട്ട് ” എന്ന വിൽകലാമേളയും അവതരിപ്പിക്കുകയുണ്ടായി. സ്വീകരണകേന്ദ്രങ്ങളിൽ ഡോ.കെ.രാജേഷ്, എൻ.ശാന്തകുമാരി, ഡോ.വി.കെ.ബ്രിജേഷ് ,ടി.കെ.ദേവരാജൻ എന്നിവർ ജനകീയക്യാമ്പയിൻ വിശദീകരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *