കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന് പുത്തൻ ഉണർവ് പകർന്ന് കേരളത്തിൽ ഒരു മാറ്റത്തിന് പ്രചോദനം നൽകും കേരള പദയാത്ര : രാമചന്ദ്രൻ കടന്നപ്പള്ളി

0

Kerala padayathra Captain Ramachandran Kadannappalli

കേരള പദയായാത്രയുടെ ആറാം ദിവസം കണ്ണൂരിൽ നിന്നും തുടങ്ങി കൂത്തുപറമ്പ് മറോളിഘട്ടിൽ അവസാനിച്ചു. ചാല, പെരളശ്ശേരി, മമ്പുറം, കൂത്തുപറമ്പ് എന്നീ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റ് വാങ്ങിയാണ് പദയാത്ര മുന്നേറിയത്. കണ്ണൂർ എം എൽ എയും കോൺഗ്രസ് എസ് നേതാവുമായ കടന്നപ്പള്ളി രാമചന്ദ്രൻ ആയിരുന്നു ആറാം ദിനത്തിൽ ജാഥയെ നയിച്ചത്. കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന് പുത്തൻ ഉണർവ് പകർന്ന് കേരളത്തിൽ ഒരു മാറ്റത്തിന് പ്രചോദനം നൽകുന്നതായിരിക്കും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേരള പദയാത്രയെന്ന് വിവിധ സ്വീകരണകേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പെരളശ്ശേരിയിലെ സ്വീകരണ കേന്ദ്രത്തിൻ സി.പി ഐ എം സംസ്ഥാനകമ്മറ്റി അംഗവും മുൻ എം.എൽ എയുമായ എം.വി.ജയരാജനും ജാഥാസ്വീകരണ പരിപാടിയിൽ സംബന്ധിച്ച് സംസാരിച്ചു. ജനകീയ ക്യാമ്പയിന്റെ ഭാഗമായി ചാല ,പെരളശ്ശേരി കേന്ദ്രങ്ങളിലായി നാലു ലക്ഷത്തിലധികം രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിച്ചു. മമ്പുറത്തെ സ്വീകരണ സമ്മേളനത്തിൽ ” നഗരവൽക്കരണവും കേരളവും” എന്ന വിഷയത്തിൽ പരിഷത്ത് ശ്രീകണ്ഠാപുരം മേഖല കമ്മിറ്റിയുടെ പഠന റിപ്പോർട്ട് പദയാത്രാ ക്യാപ്റ്റൻ രാമചന്ദ്രൻ കടന്നപ്പള്ളി സി പി ഐ എം പിണറായി ഏരിയാ സെക്രട്ടറി ശശിയേട്ടന് നൽകി പ്രകാശിപ്പിച്ചു. പഠനപ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകിയ കണ്ണൂർ യൂനിവേഴ്സിറ്റി പ്രൊഫസർ സി കെ പ്രസാദ് പഠനാനുഭവങ്ങളും പഠനത്തിലെ കണ്ടെത്തലുകളും അവതരിപ്പിച്ചു. കേരളശാസ്ത്രസാഹിത്യപരിഷത്ത് ,കണ്ണൂർ യൂനിവേഴ്സിറ്റി, ജി എച്ച് എസ് എസ് ശ്രീകണ്ഠാപുരം, മലപ്പട്ടം ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലെ എൻ എസ് എസ് വളണ്ടിയർമാർ എന്നിവരുടെ സഹകരണത്തോടെയാണ് ഈ പഠന പ്രവർത്തനം പൂർത്തിയാക്കിയത് . വിവിധ സ്വീകരണകേന്ദ്രങ്ങളിൽ ക്യാപ്റ്റനു പുറമെ പരിഷത്ത് ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ ,വൈസ് ക്യാപ്ടനും സംസ്ഥാന പ്രസിഡണ്ടുമായ ബി. രമേഷ് ,സി.പി. ഹരീന്ദ്രൻ , പദയാത്രാ അസിസ്റ്റൻറ് മാനേജർ ശൈലജ തുടങ്ങിയവർ കേരള പദയാത്രയുടെ ലക്ഷ്യങ്ങൾ വിശദീകരിച്ചു. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും പദയാത്രക്കൊപ്പം സഞ്ചരിക്കുന്ന കലാജാഥ ടീം നാടകം, വിൽ കലാമേള എന്നീ പരിപാടികളും അവതരിപ്പിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *