പരിഷദ് മുക്കം മേഖലാ പ്രവർത്തകസംഗമം സമാപിച്ചു
മുക്കം: യൂണിറ്റുകളെ സർഗ്ഗാത്മകവും ചലനാത്മകവുമാക്കാനായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കംമേഖലാ പ്രവർത്തക സംഗമം പൂർത്തിയായി. മുക്കം സി ടിവി ഓഡിറ്റോറിയത്തിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. മുക്കം മേഖലയുടെ സാധ്യതകളും സവിശേഷതകളും വരാനിരിക്കുന്ന പ്രവർത്തനങ്ങളുടെ സൂചകങ്ങളും തൻ്റെ ഉദ്ഘാടന പ്രഭാഷണത്തിൽ അദ്ദേഹം അവതരിപ്പിച്ചു.
പ്രവർത്തകരെ പരിചയപ്പെടൽ പരിപാടിയെത്തുടർന്ന്, “മികച്ച പരിഷത്ത് യൂണിറ്റുകളുടെ നിർമ്മാണം” വിഷയത്തിൽ ടി.പി. വിശ്വൻ ക്ലാസ്സെടുത്തു.സംഘടനയുടെ പഴയകാല പ്രവർത്തനാനുഭവങ്ങൾ ഉള്‍ക്കൊണ്ട് പുതിയ കാലത്തിന്‍റെ ആവശ്യകതകൾ തിരിച്ചറിഞ്ഞും എങ്ങിനെ സംഘടനാ പ്രവർത്തനം മികവുറ്റതാക്കാം എന്ന് പ്രവർത്തകരെ ബോധ്യപ്പെടുത്തുന്നതായിരുന്നു ക്ലാസ്സ് . ഭക്ഷണശേഷം, “യൂണിറ്റുകളിലേക്ക് മടങ്ങാം ജനങ്ങളിലേക്കും”എന്ന ഇൻ്ററാക്ടീവ് സെഷൻ ജില്ലാ പരിസരം കൺവീനർ വിജീഷ് പരവരി നയിച്ചു. യൂണിറ്റ് യോഗങ്ങൾ, പരിപാടികൾ, മെമ്പർഷിപ്പ്, മറ്റു ഇടപെടൽ സാധ്യതകൾ, കൃഷി-ക്ലീനിംഗ് ഉൽപ്പന്ന സാധ്യതകൾ എന്നിവയും അവതരിപ്പിച്ചു.അംഗങ്ങളുടെ വിശദമായ ചർച്ചകൾക്കുശേഷം ഓരോ യൂണിറ്റും സവിശേഷമായി ഏറ്റെടുക്കുന്ന പരിപാടികൾ അവതരിപ്പിച്ചു. ചർച്ചകളുടെ ക്രോഡീകരണം ജില്ല കമ്മിറ്റിയംഗം അഡ്വ.പി. കൃഷ്ണകുമാർ നിർവ്വഹിച്ചു.
മേഖലയുടെ തനതായ പ്രവർത്തനങ്ങളായി അക്ഷര വിസ്മയം :വിദ്യാഭ്യാസ പരിപാടി , പ്ലാസ്റ്റിക്മാലിന്യമുക്ത മുക്കം, ഹരിതഭവനം ( മേഖലാഹരിതയോഗം – ജൂലൈ 1) എന്നീ പരിപാടികൾ നിശ്ഛയിച്ചു.ബാലവേദി ഫാക്കൽറ്റി ഗ്രൂപ്പും രൂപീകരിച്ചു.ചടങ്ങിൽ മേഖലാ പ്രസിഡണ്ട് യു.പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി കെ.സി.സെയ്ത് മുഹമ്മദ്, മജീദ് പി.പി., അസ്ലം പി.പി, എം.പ്രേമൻ, വി.മോയി, പി.എൻ.അജയൻ, പി.ഷാനവാസ്, എം.മുഹമ്മദ്, എ.പി.നൂർജഹാൻ, രമ്യ, പി.സ്മിന, റഹ്മത്തുള്ള, സുലൈമാൻ, ഗൗതം കൃഷ്ണ എന്നിവർ സംസാരിച്ചു. അലി ഹസ്സൻ സ്വാഗതവും പവൻകൃഷ്ണ നന്ദിയും പറഞ്ഞു.മുപ്പതു പേർ പങ്കാളികളായ സംഗമം തീർത്തും ഹരിത പ്രോട്ടോകോൾ പാലിച്ച് സ്വാശ്രയ ഭക്ഷണരീതിയവലംബിച്ചു. അലി ഹസൻ അവതരിപ്പിച്ച പരിഷത്ത് ഗാനത്തോടെ മേഖലാ പ്രവർത്തകസംഗമം അവസാനിച്ചു.