കോലഴി മേഖലാ വാർഷിക സമ്മേളനം
കോലഴി മേഖലയുടെ ഒന്നാം വാർഷിക സമ്മേളനം പി എസ് രാജശേഖരൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
തൃശ്ശൂര്‍: കോലഴി മേഖലയുടെ ഒന്നാം വാർഷിക സമ്മേളനം ഏപ്രിൽ 18-നു പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗവും കലാ-സാംസ്ക്കാരം ഉപസമിതി സംസ്ഥാന ചെയർമാനുമായ പി എസ് രാജശേഖരൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനു ശേഷം സംഘടന രേഖ അവതരിപ്പിച്ച് അദ്ദേഹം സംസാരിച്ചു. ചുരുങ്ങിയ കാലയളവിൽ മികച്ച പ്രവർത്തനമാണ് കോലഴി മേഖല നടത്തിയതെന്നു ശ്ലാഘിച്ച അദ്ദേഹം ഒരനുഭവ കഥയിലൂടെ നാട്ടിൽ നിലവിലുള്ള ലിംഗസമത്വത്തിലേക്കു് കേൾവിക്കാരുടെ അഭിപ്രായങ്ങൾ ആരാഞ്ഞു കൊണ്ടാണ് രേഖാവതരണവുമായി മുന്നോട്ടു പോയത്. ജനാധിപത്യ പ്രക്രിയ വീടുകളിലെ ചുമതലകളുടെ നീതിപൂർവ്വമായ വിതരണത്തോടെ തുടങ്ങണമെന്നദ്ദേഹം സമർത്ഥിച്ചു.കേരളത്തിന്റെ ജനാധിപത്യ മതനിരപേക്ഷ ശാസ്ത്രവീക്ഷണ പരിസരം ചുരുങ്ങി വരുന്നതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത ആശയ പ്രചരണ സമരത്തിനൊത്ത് ശക്തമായി നിലകൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സംഘടനാ രേഖയിൽ നടന്ന ചർച്ചയിൽ പാമ്പുർ യൂണിറ്റിലെ മുതിർന്ന പ്രവർത്തകൻ അറുമുഖൻ, അവണൂർ യൂണിറ്റിലെ വി പി മുകുന്ദൻ, കോലഴി യൂണിറ്റിലെ രെജിത് മോഹൻ, സി ബാലചന്ദ്രൻ, പേരാമംഗലം യൂണിറ്റ് സെക്രട്ടറി സാവി എന്നിവർ എന്നിവർ പങ്കെടുത്തു.
കോലഴി മേഖല സെക്രട്ടറി എം എൻ ലീലാമ്മ പ്രവർത്തന റിപ്പോർട്ടും മേഖല ട്രഷറർ എ ദിവാകരൻ വരവുചിലവു കണക്കും അവതരിപ്പിച്ചു. റിപ്പോർട്ട് ചർച്ചയിൽ യൂണിറ്റ് പ്രതിനിധികൾ സജീവമായി പങ്കെടുത്തു. നേരത്തെ ലഭ്യമാക്കിയിരുന്ന റിപ്പോർട്ടിനെ വിലയിരുത്തിയ പ്രതിനിധികൾ ആവശ്യമായ തിരു ത്തലുകളും ക്രിയാത്മകമായ നിർദ്ദേശങ്ങളും നിർദ്ദേശിച്ചു. എ ദിവാകരൻ അവതരിപ്പിച്ച വരവുചിലവു കണക്കിനെ കുറിച്ച് മേഖല ഓഡിറ്റർമാരിൽ ഒരാളായ പി അജിതൻ വരവു ചിലവു കണക്കിന്റെ കൃത്യതയും സ്വീകാര്യതയും അംഗീകരിച്ചു സംസാരിച്ചു. പല പ്രവർത്തനങ്ങൾക്കും വേണ്ടി വന്ന യഥാർത്ഥ ചിലവ് കണക്കിൽ പ്രതിഫലിച്ചോ എന്ന ആശങ്കയും ഓഡിറ്റർ പ്രകടമാക്കി.
കോലഴി മേഖലയുടെ അടുത്ത വർഷത്തെ നിർവ്വാഹക സമിതി തിരഞ്ഞെടുപ്പിൽ എ പി ശങ്കരനാരായണൻ അധ്യക്ഷനായി. ഐ കെ മണി (പ്രസിഡന്റ്), പി കെ ഉണ്ണികൃഷ്ണൻ (വൈസ് പ്രസിഡന്റ്), എം എൻ ലീലാമ്മ (സെക്രട്ടറി), കെ ആർ ദിവ്യ (ജോ. സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. ഓഡിറ്റർമാരായി മുളങ്കുന്നത്തുകാവ് യൂണിറ്റിലെ ഈശ്വര വാര്യരെയും കോലഴി യൂണിറ്റിലെ പി അജിതനെയും സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു.
21 അംഗ മേഖല നിർവ്വാഹക സമിതിയെയും 20 ജില്ലാ സമ്മേളന കൗൺസിലർമാരെയും യോഗം തിരഞ്ഞെടുത്തു.
ഭാവി പ്രവർത്തനങ്ങൾ മേഖല സെക്രട്ടറി വിശദീകരിച്ചു. കോവിഡ് 19ന്റെ മാരകമായ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം അടക്കമുള്ള ആഘോഷങ്ങൾ പ്രതീകാത്മകമാക്കി ജില്ല ഭരണകൂടത്തോടും സംസ്ഥാന സർക്കാരിനോടും ആവശ്യപ്പടുന്ന പ്രമേയം കെ വി ആന്റണി അവതരിപ്പിക്കുകയും രെജിത് മോഹനും എ ദിവാകരനും പിന്തുണയ്ക്കുകയും ചെയ്തു. സി ബാലചന്ദ്രൻ നിർദ്ദേശിച്ച ഭേദഗതികളോടെ പ്രമേയം എകകണ്ഠമായി അംഗീകരിക്കപ്പെട്ടു.
യോഗത്തിൽ ഐ കെ മണി അദ്ധ്യക്ഷനായി. മേഖല ജോ. സെക്രട്ടറി കെ ആർ ദിവ്യ അനുശോചന പ്രമേയം അവതരിപ്പിച്ചു. പേരാമംഗലം യൂണിറ്റ് സെക്രട്ടറി ശ്രീമതി സാവി സുധീഷ് സ്വഗതവും മെഡിക്കൽ കോളേജ് യൂണിറ്റ് സെക്രട്ടറി ഡോ. കെ എ ഹസീന നന്ദിയും പറഞ്ഞു.