കോൾനിലങ്ങൾ കർഷകരുടെ മാത്രം വിഷയമല്ല : ഡോ.പി.ഇന്ദിരാദേവി
28/10/23 തൃശ്ശൂർ:
കോൾനിലങ്ങൾ ഭക്ഷ്യോല്പാദനകേന്ദ്രം മാത്രമല്ലെന്നും അവിടെയുള്ള പ്രശ്നങ്ങൾ കർഷകരുടെ മാത്രം വിഷയമായി ലഘൂകരിക്കരുതെന്നും പ്രസിദ്ധ കൃഷിശാസ്ത്രജ്ഞ ഡോ.പി.ഇന്ദിരാദേവി പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ‘കോൾകർഷക – ശാസ്ത്രകാരസംഗമം’ തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഭൂഗർഭജലത്തെ സംരക്ഷിച്ച് പരിപോഷിപ്പിക്കുന്ന മികച്ച മഴവെള്ളസംഭരണി കൂടിയാണ് കോൾനിലങ്ങൾ എന്നവർ അഭിപ്രായപ്പെട്ടു. അതിന്റെ സംരക്ഷണത്തിൽ പൊതുസമൂഹത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. കോൾനിലകൃഷി നിലനിന്നാൽ മാത്രമെ കോൾനിലങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളു. ഇല്ലെങ്കിൽ കോൾനിലങ്ങൾക്ക് രൂപമാറ്റം സംഭവിക്കും. അതനുവദിക്കപ്പെട്ടുകൂട എന്നവർ ചൂണ്ടിക്കാട്ടി.
പരിഷത്ത് ജില്ലാട്രഷറർ ഒ.എൻ. അജിത് കുമാർ അധ്യക്ഷത വഹിച്ചു. കോൾകർഷകസംഘം ഭാരവാഹികളായ എം.ആർ.സന്തോഷ് കുമാർ, കെ.കെ. കൊച്ചുമുഹമ്മദ്, എൻ.കെ.സുബ്രഹ്മണ്യൻ, പി.പരമേശ്വരൻ, ടി.വി.വിശ്വംഭരൻ എന്നിവർ സംസാരിച്ചു.
ഡോ.പി.ഇന്ദിരാദേവി എഡിറ്റ് ചെയ്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്പ്ര സിദ്ധീകരിച്ച ‘കോൾപാടങ്ങൾ : ചരിത്രവും ശാസ്ത്രവും ‘ എന്ന ഗ്രന്ഥം സംഗമത്തിൽ പ്രകാശിപ്പിച്ചു. മുൻ കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ രജനി തിലകന് നൽകിയാണ് പുസ്തപ്രകാശനം നിർവഹിച്ചത്. കോൾനിലങ്ങൾ എന്ന ആവാസവ്യവസ്ഥയുടെ പാരിസ്ഥിതികമൂല്യവും പ്രാധാന്യവും വിശദീകരിക്കുന്ന ഒരു അതിപ്രധാന ഗ്രന്ഥമാണിതെന്ന് വി.എസ്.സുനിൽകുമാർ പറഞ്ഞു. ഭക്ഷ്യസുരക്ഷയിലും ജീവനോപാധിയാകുന്നതിലും ജലസംരക്ഷണത്തിലും കോൾനിലങ്ങൾ വഹിക്കുന്ന പങ്ക് വിദ്യാർത്ഥികൾ മുതൽ ജനപ്രതിനിധികൾ വരെ അറിഞ്ഞിരിക്കണം. അതിന് ഉപകരിക്കുന്ന ഒരു പാഠപുസ്തകമാണിത് എന്നദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളെ ഏകോപ്പിപ്പിച്ച് കോൾനിലങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ആസൂത്രണബോർഡ് ഫലപ്രദമായി പ്രവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ഡോ.കാവുമ്പായി ബാലകൃഷ്ണൻ, ഡോ.എ.ലത, ഡോ.എസ്.ശ്രീകുമാർ, ഡോ.കെ. വിദ്യാസാഗർ, വി.നിർമ്മല, ശശികുമാർ പള്ളിയിൽ, പി.ആർ.വർഗ്ഗീസ്, പി.എസ്.ജൂന, എ.പ്രേമകുമാരി എന്നിവർ പ്രസംഗിച്ചു.