ഡോ.സഫറുള്ള ചൗധരിയെ അനുസ്മരിച്ചു
പ്രശസ്ത ജനകീയാരോഗ്യ പ്രവർത്തകൻ ഡോ. സഫറുള്ള ചൗധരിയെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മറ്റിയുടെയും ആരോഗ്യ വിഷയസമിതിയുടെയും നേതൃത്വത്തിൽ അനുസ്മരിച്ചു. കേരള സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. ബി. ഇക്ബാൽ അനുസ്മരണ പ്രഭാഷണം നടത്തി.
23 ഒക്ടോബർ 2023
വയനാട്
കൽപറ്റ: പ്രശസ്ത ജനകീയാരോഗ്യ പ്രവർത്തകൻ ഡോ. സഫറുള്ള ചൗധരിയെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മറ്റിയുടെയും ആരോഗ്യ വിഷയസമിതിയുടെയും നേതൃത്വത്തിൽ അനുസ്മരിച്ചു. കേരള സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. ബി. ഇക്ബാൽ അനുസ്മരണ പ്രഭാഷണം നടത്തി. 1982ൽ ബംഗ്ലാദേശിലെ ദേശീയ ഔഷധനയ രൂപീകരണത്തിൽ മുഖ്യ പങ്കുവഹിച്ചത് ഡോ. സഫറുള്ള ചൗധരിയാണ്. ലോകമെങ്ങുമുള്ള ജനകീയാരോഗ്യ പ്രസ്ഥാനങ്ങൾക്ക് ദിശാബോധം നൽകിയ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് ഡോ.സഫറുള്ള ചൗധരി തുടക്കമിട്ടിട്ടുണ്ട്. ബംഗ്ലാദേശിലെ ഗ്രാമീണ ദരിദ്രജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കിയ സഫറുള്ള ബ്രിട്ടനിലെ പഠനം ഉപേക്ഷിച്ചു. സാവറിലെ ചികിത്സാകേന്ദ്രം ഗൊണശാസ്തായ കേന്ദ്രം (ജനകീയാരോഗ്യം കേന്ദ്രം) എന്ന് നാമകരണം ചെയ്ത് വളർത്തിയെടുത്തു. പിന്നീട് കുറഞ്ഞവിലയ്ക്കുള്ള ജനറിക്ക് അവശ്യമരുന്ന് ഉല്പാദിപ്പിക്കാനായി ഔഷനിർമ്മാണ ഫാക്ടറിയും മെഡിക്കൽ കോളേജും സ്ഥാപിച്ചു. സാർവദേശീയ ജനകീയാരോഗ്യപ്രസ്ഥാനം (People’s Health Movement) രൂപീകരിക്കാനുള്ള സമ്മേളനം 2000 ജനുവരിയിൽ ഗൊണശാസ്തായ കേന്ദ്രത്തിൽ വച്ച് സംഘടിപ്പിച്ചു.
ആരോഗ്യ രംഗത്തെ വികസനത്തിന് സ്ത്രീ വിദ്യാഭ്യാസം അത്യാവശ്യമാണെന്ന് ഡോ.ബി.ഇക്ബാൽ പറഞ്ഞു. കേരളം ആരോഗ്യരംഗത്ത് ഏറെ മുന്നിലാണ്, എന്നാൽ ഈ മേഖലയിലെ പുതിയ വെല്ലുവിളികൾ പരിശോധിക്കേണ്ടതുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. പ്രാഥമികാരോഗ്യ സേവനം , ആരോഗ്യത്തിൻ്റെ സാമൂഹിക ഉറവിടങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തൽ, ജനകീയ ഔഷധനയം നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, ആഗോള ജനകീയാരോഗ്യ പ്രസ്ഥാനം, പേറ്റൻ്റ് നിയമങ്ങളെക്കുറിച്ച് അവബോധം, ജനകീയാരോഗ്യ കാഴ്ചപ്പാടുകൾക്ക് അടിത്തറയായ മെഡിക്കൽ വിദ്യാഭ്യാസം, മഹാമാരികൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പുതിയ വെല്ലുവിളികളെ നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ, ഏകലോകം – ഏകാരോഗ്യം തുടങ്ങിയ പുതിയ ആശയങ്ങൾ പ്രോത്സാഹിപ്പിക്കൽ, കേരളത്തിലെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയാണ് അദ്ധേഹം സംസാരിച്ചത്. കൽപറ്റ നഗരസഭ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സി കെ ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. വി.പി. ബാലചന്ദ്രൻ ,ഡോ. അനീഷ് ടി.എസ് സി.പി.സുരേഷ് ബാബു, സി. ജയരാജൻ
എന്നിവർ സംസാരിച്ചു.