കേരളത്തിലെ കൃഷി തദ്ദേശസ്ഥാപന തലത്തിൽ പുന:സംഘടിപ്പിക്കുക

0

കേരളത്തിലെ കൃഷി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ തദ്ദേശ സ്വയംഭരണ

സ്ഥാപനങ്ങളുടെ മുൻകൈയിൽ പുന:സംഘടിപ്പിക്കുക

കേരളത്തിലെ കാർഷികമേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറുന്നതിനും നേടിയ നേട്ടങ്ങൾ നിലനിർത്തുന്നതിനും സംഘടിതമായ ശ്രമങ്ങൾ ആവശ്യമാണ്. തദ്ദേശഭരണസ്ഥാപനങ്ങളുടെ മുൻകൈയിൽ വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും കാർഷിക ഗ്രൂപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ജനകീയാസൂത്രണ മാതൃകയിൽ ഊർജിതമായ ഒരു ക്യാമ്പയിൻ അനിവാര്യമാണ്. ശാസ്ത്രീയമായ കൃഷി രീതികളുടെ അടിസ്ഥാനത്തിൽ മാലിന്യസംസ്കരണം മുതൽ മാർക്കറ്റിങ് വരെ സമഗ്രമായി കണ്ടുകൊണ്ടുള്ള പ്രവർത്തനപദ്ധതി ഭാവികേരളത്തിനായി നവകേരള പരിപാടിയിലൂടെ നടപ്പാക്കാനാകണം.

കേരളത്തിലെ പുരയിടങ്ങളിൽ 90% വും ശരാശരി 50 സെന്റ് വിസ്തൃതിയിലുള്ള തുണ്ട് ഭൂമി കളാണ്. മൊത്തം കൃഷി ഭൂമിയുടെ 80%  ഭൂ ഉടമകളുടെ കയ്യിലാണ്. ഉൽപാദന ചെലവ് വർധിക്കുകയും ഉൽപ്പന്നങ്ങൾക്ക് മതിയായ വില ലഭിക്കാതിരിക്കുകയും ചെയ്തതോടെ ആദായകരമല്ലാതായി. റിയൽ എസ്റ്റേറ്റ് മാഫിയകളുടെ ഇടപെടൽ മൂലം കൃഷിഭൂമിയുടെ  ഗണ്യമായ ഭാഗം കച്ചവടത്തിനുള്ള ഉപാധിയായി മാറി. കഴിഞ്ഞ 40 വർഷത്തിനിടയിൽ മൊത്തം ഭൂവിസ്തൃതിയിൽ 57% ഉണ്ടായിരുന്നത് 53% മായും കാർഷികേതര ഭൂമി 7 ശതമാനത്തിൽ നിന്ന് 12% മായി വർദ്ധിപ്പിച്ചു. തരിശുഭൂമി 1.7% ൽ നിന്നും 3.6% മായി വർദ്ധിച്ചു.

ഈ സാഹചര്യത്തിൽ തരിശു ഭൂമിയുടെ അളവ് ക്രമമായി കുറച്ചു കൊണ്ടുവരിക, ശാസ്ത്രീയ കൃഷിരീതി വ്യാപിപ്പിക്കുക, നീർത്തടാധിഷ്ഠിതമായി കൃഷിഭൂമിയെ ക്രമീകരിക്കുക, മാലിന്യ സംസ്കരണത്തെ കൃഷിയുമായി ബന്ധപ്പെടുത്തുക, കാർഷികപ്രവർത്തികൾ പരമാവധി യന്ത്രവൽകരിക്കുക, കൃഷിയുൽപ്പന്നങ്ങളുടെ സംഭരണത്തിൽ പൊതുമേഖലയുടെ ഇട പെടൽ വർധിപ്പിക്കുക, കാർഷിക ഗവേഷണസ്ഥാപനങ്ങളുടെ സഹായത്തോടെ പ്രാഥമിക കാർഷിക ഉൽപ്പന്നങ്ങളെ മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കി മാറ്റുന്നതിന് ഇടപെടുക ഇ- കൊമേഴ്സ് ഓൺലൈൻ വ്യാപാരം, കാർഷിക മേഖലയിലേക്ക് വ്യാപിപ്പിച്ച കാർഷിക വിപണിയെ ആധുനികവൽക്കരിക്കുക, കാർഷിക ഉല്പാദന കമ്പനികൾ മുഖേന കാർഷിക വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ അന്തരീക്ഷവും സാമ്പത്തിക സഹായവും നൽകുക, കൃഷി, മൃഗം, മത്സ്യം, ക്ഷീരം, ജലം, മണ്ണ്, കാർഷിക-വ്യവസായ മാർക്കറ്റ് എന്നിങ്ങനെയുള്ള വകുപ്പുതല പ്രവർത്തനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടു വരിക, ഇവയെല്ലാം പൂർണമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാക്കുക എന്നീ ആവശ്യങ്ങൾ ഈ പ്രമേയത്തിലൂടെ പരിഷത്തിന്റെ വജ്രജൂബിലി സംസ്ഥാന സമ്മേളനം കേരള സർക്കാരിനോട്  ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *