ഞാനും പരിഷത്തും: സി. എം. മുരളീധരന്‍

0

വ്യക്തിപരമായ തനിമാവാദത്തില്‍ കഴമ്പില്ല. കൂട്ടായ്മ, വലിയ വലിയ കൂട്ടായ്മ. അതാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.

ഏതാണ്ട് ഒരാമയെപ്പോലെ തോന്നിക്കുന്ന ഒരു കെട്ടിടം. കോഴിക്കോട് ബീച്ചിലായിരുന്നു അത്. പേര് സയന്‍സ് സെന്റര്‍. 1984 ന്റെ തുടക്കം. പോസ്റ്റ് ഓഫീസിലെ ജോലികഴിഞ്ഞ് സി കെ പ്രഭാകരനും മജീദുമൊന്നിച്ചാണ് അങ്ങോട്ട് കയറിച്ചെന്നത്. സിറ്റി യൂണിറ്റിന്റെ യോഗമാണ്. കുറച്ചു ദിവസം മുമ്പ് ഓഫീസില്‍ വച്ച് സി കെ യാണ് തന്റെ മനോഹരമായ കയ്യക്ഷരത്തില്‍ എന്നെ പരിഷത്തില്‍ ചേര്‍ക്കാനുള്ള കാര്‍ഡുകള്‍ പൂരിപ്പിച്ചത്. വി എം ഗോപാലകൃഷ്ണന്‍ എന്ന പരിഷത്ത് മേഖലാ സെക്രട്ടറി ഓഫീസില്‍ വന്ന് സി കെ യോട് പറഞ്ഞതനുസരിച്ചാണ് അത് സംഭവിച്ചത്. സിറ്റി യൂണിറ്റ് നിര്‍ജീവമായിക്കിടക്കുന്നു. ഒന്ന് ഉഷാറാക്കണം. പുതിയ കുറച്ച് ആളുകളെയൊക്കെ കണ്ടെത്തണം. വി എം ജിയെ എനിക്ക് നേരിട്ടറിയാം. ടി ടി സിക്ക് എന്റെ സീനിയറായിരുന്നു.

ആറേഴു പേരേയുള്ളൂ. യോഗം തുടങ്ങി. പ്രൊഫ. കെ ശ്രീധരനാണോ സംസാരിച്ചത്. തിട്ടം പോര. അടുത്ത സംസ്ഥാന വാര്‍ഷികം കോഴിക്കോട്ടാണ്. ആലപ്പുഴ സമ്മേളനസ്ഥലത്ത് വെച്ച് കഴിഞ്ഞ ദിവസം തീരുമാനിച്ചിട്ടേ ഉള്ളൂ. ഇവിടെ നഗരത്തില്‍ പരിഷത്തിന്റെ യൂനിറ്റ് സജീവമാക്കിയേ പറ്റൂ. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുള്ളതാണ്. അതായിരുന്നു ചുരുക്കം. ചെറിയ ചര്‍ച്ചയൊക്കെ കഴിഞ്ഞു. പരിഷത്തിനെക്കുറിച്ച് മുമ്പ് കേട്ടിട്ടുണ്ട്. പുസ്തകങ്ങളും മാസികകളുമൊക്കെ കുറേ വായിച്ചിട്ടുണ്ട്. സൈലന്റ് വാലിയെക്കുറിച്ചും മാവൂരിനെക്കുറിച്ചും പത്രത്തില്‍ വായിച്ച് ആവേശം കൊണ്ടിട്ടുണ്ട്. എങ്കിലും അപരിചിതമായ ഒന്നിലെത്തിയതിന്റെ എല്ലാ പ്രശ്നവുമുണ്ട്. പെട്ടെന്നാണ് ആരോ എന്റെ പേര് യൂനിറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പറഞ്ഞത്. ഒഴിഞ്ഞുമാറലിന്റെ ഓതിരം കടകം പുറത്തെടുത്തു. ഒടുവില്‍ യൂനിറ്റ് ജോയിന്റ് സെക്രട്ടറിയായി. സെക്രട്ടറി ആയ രാമചന്ദ്രന്‍, ഇ പി എഫിലെ സംഘടനാ ഭാരവാഹിയാണ്. അതുകൊണ്ട് ജോയിന്റ് സെക്രട്ടറി കാര്യമായി സഹായിക്കണം. ആദ്യമായിട്ട് വരുന്നതല്ലേയുള്ളൂ. ഒന്ന് കാര്യങ്ങള്‍ പഠിച്ചോട്ടെ. അങ്ങനെ ഒരു ക്ലോസ് ഉണ്ടായിരുന്നു. പറഞ്ഞതുപോലെ തന്നെ കാര്യങ്ങള്‍ ജോയിന്റ് സെക്രട്ടറിയുടെ തലയിലായി. അടുത്ത വര്‍ഷം, അതായത് 22ാം വാര്‍ഷികം കോഴിക്കോട് വരുന്നതിനു മുമ്പായി ഞാന്‍ യൂനിറ്റ് സെക്രട്ടറിയുമായി. തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളിലൂടെ പരിഷത്തിനെ തിരിച്ചറിഞ്ഞുകൊണ്ടിരുന്നു.

യൂനിറ്റ് സെക്രട്ടറി എന്ന നിലയില്‍ സജീവസാന്നിധ്യമായി തുടരുന്നതിനിടയില്‍ ഒരു ദിവസം പരിഷദ് ഭവനില്‍- അത് അപ്പോള്‍ കോറണേഷന്‍ തിയ്യറ്ററിനടുത്തുള്ള കെ ഡി എഫ് എ കെട്ടിടത്തിലേക്ക് മാറിയിരുന്നു- പുതിയ ജില്ലാ സെക്രട്ടറി ടി പി സുകുമാരനോട് ഞാന്‍ ചോദിച്ചു. മാഷേ, പരിഷദ് സ്കൂള്‍ എന്നൊരു സംഭവം നടക്കുന്നെന്ന് കേട്ടല്ലോ. അതില്‍ ആരൊ‍ക്കൊക്കെയാണ് പങ്കെടുക്കുന്നത്. എന്താ പങ്കെടുക്കണോ എന്നായിരുന്നു മറുചോദ്യം. കോഴിക്കോട്, വയനാട് ജില്ലകളിലെ മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്കുള്ള മൂന്ന് ദിവസത്തെ സ്കൂളാണ്. ജില്ലയിലെ പലര്‍ക്കും അസൗകര്യമായതിനാല്‍ ജില്ലാ സെക്രട്ടറി എന്തുചെയ്യേണ്ടു എന്നാലോചിക്കുന്ന സമയത്താണ് എന്റെ സംശയം ഉദിക്കുന്നത് എന്നതിനാല്‍ നിനച്ചിരിക്കാതെ എനിക്ക് സ്കൂളിലേക്ക് അഡ്മിഷന്‍ കിട്ടി. ഒരു കാവിമുണ്ടും തോര്‍ത്തും സഞ്ചിയിലാക്കി ഞാന്‍ നിശ്ചിത ദിവസം സ്കൂളിലെത്തി. തിരുവങ്ങൂര്‍ ഹൈസ്കൂളിലാണ് ഈ സ്കൂള്‍ നടക്കുന്നത്. അവിടെ എത്തിയപ്പോഴാണ് ഒരു കുറിയ മനുഷ്യനെ കാണുന്നത്. പച്ചക്കളറുള്ള തുണി മടക്കി തയ്ച്ച് ഏതാണ്ട് ബനിയന്‍ പോലെയുള്ള ഒരു വേഷം. മുറിക്കൈ, കോളറില്ല, മുന്നില്‍ ബട്ടണുകളില്ല. ഇതിലും ലളിതമായ ഷര്‍ട്ട്കുപ്പായം അതുവരെ കണ്ടിട്ടില്ല. അദ്ദേഹമാണത്രേ സ്കൂളിന്റെ ഹെഡ്മാഷ്. പേര് എം പി പരമേശ്വരന്‍.

സ്കൂളില്‍ ക്ലാസ് തുടങ്ങി. ഇന്നത്തെ അണ്‍ എക്കണോമിക്ക് സ്കൂളിന്റെ ആദ്യരൂപമായിരുന്നു അത്. കുട്ടികള്‍ കുറവ്. വരേണ്ടിയിരുന്നവര്‍ പലരും വന്നില്ല. ക്ലാസെടുക്കേണ്ട അധ്യാപകരും പലരും വരില്ലയെന്ന് അവസാന നിമിഷം അറിയിച്ചു, ആരു വന്നില്ലെങ്കിലും ക്ലാസ് മുടങ്ങില്ല. സാക്ഷാല്‍ ഹെഡ്മാഷ് തന്നെ എല്ലാ ക്ലാസും കൈകാര്യം ചെയ്യും. നിരവധി പ്രവര്‍ത്തനാനുഭവമുള്ള പ്രവര്‍ത്തകര്‍, അവരില്‍ ചിലര്‍ തീവ്രരാഷ്ട്രീയ പാര്‍ട്ടികളോട് കൂറുപുലര്‍ത്തുന്നവര്‍. ഘോരഘോരം ചര്‍ച്ചയാണ്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അട്ടത്തുനിന്നു വീണ എലിയെപ്പോലെ തരിച്ചിരിക്കുകയായിരുന്നു ഞാന്‍. എം പി കേരളത്തിലെ ഊര്‍ജപ്രതിസന്ധി വിശദീകരിക്കുന്നു, കാടുകളെക്കുറിച്ച് പറയുന്നു, കാര്‍ഷിക വിളകള്‍ക്ക് കനാല്‍ ജലസേചനത്തിനു പകരം മോട്ടോര്‍ വെച്ചുള്ള ജലസേചനത്തെക്കുറിച്ചു പറയുന്നു. അവയുടെ നേട്ടകോട്ട വിശ്ലേഷണം (അയ്യോ, കടുകട്ടി വാക്ക്), വികസനത്തിന്റെ പരിപ്രേക്ഷ്യം (കടുകടുകട്ടി) വേണമെന്ന് പറയുന്നു. ഏതോ ഒരു പുതിയ ലോകം. ചര്‍ച്ചകളില്‍ ഇടപെട്ട് പറയാനുള്ള ഒന്നും എന്റെ കയ്യിലില്ല. എല്ലാം പുതിയ പുതിയ കാര്യങ്ങളാണ് കേള്‍ക്കുന്നത്. ഒരുപക്ഷേ, ആ പരിഷത്ത് സ്കൂളില്‍ വെച്ചാണ് ശരിക്കും പുതിയൊരു പരിഷത്തിനെക്കുറിച്ച് മനസ്സിലാക്കാനാവുന്നത്.

പിന്നീടിങ്ങോട്ട് അത് ജീവിതത്തിന്റെ ഭാഗമായിരുന്നു. ചെലവഴിച്ച മണിക്കൂറുകളുകളെത്ര? അറിയില്ല. പരിഷത്ത് എന്തു തന്നു എന്നു ചോദിച്ചാല്‍, എന്തെങ്കിലും ജീവിതത്തില്‍ ഉണ്ടെങ്കില്‍ അതെല്ലാം പരിഷത്ത് തന്നതാണ് എന്നേ പറയാനാവൂ. പരിഷത്ത് തരാന്‍ ശ്രമിച്ചത് മുഴുവന്‍ ഉള്‍ക്കൊള്ളാനോ ഏറ്റെടുക്കാനോ കഴിഞ്ഞിട്ടില്ല. ആശയങ്ങളായി ആദര്‍ശങ്ങളായി പരിഷത്ത് ഉയര്‍ത്തിക്കാട്ടിയതില്‍ നിന്ന് എത്രയോ കാതം ദൂരെ നിന്ന് എന്നാലാവുന്ന വിധം എന്തൊക്കെയാ ചെയ്തു. പലതും ചെയ്യാന്‍ അറിഞ്ഞിട്ടോ അതിനുള്ള കഴിവ് ഉണ്ടായിട്ടോ അല്ല. ഒപ്പം നില്‍ക്കുന്നവരുടെ കരുത്തില്‍,‍ അവര്‍ തന്ന ആത്മവിശ്വാസത്തില്‍ ചെയ്യാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍. ഭാരവാഹികളാവാന്‍ വേണ്ടി ആളുകളെ ഓടിച്ചിട്ടു പിടിക്കുന്ന മറ്റൊരു സംഘം ഉണ്ടോ ആവോ? എനിക്കറിയില്ല. എന്നെ പരിഷത്തിന്റെ ജനറല്‍‍ സെക്രട്ടറി ആവാന്‍ നിര്‍ബന്ധിച്ചപ്പോള്‍ രണ്ടുവട്ടം ഞാന്‍ എങ്ങനെയൊക്കെയോ ഓടി രക്ഷപ്പെട്ടു. 2002 ലും 2004 ലും. 2006 ല്‍ പക്ഷേ, അതെന്റെ തലയിലായി.

ജീവിതത്തെയും സമൂഹത്തെയും അതിന്റെ സമഗ്രതയില്‍ നോക്കിക്കാണാന്‍ പഠിപ്പിച്ചു എന്നാണ് പരിഷത്തിനെക്കുറിച്ച് ഞാന്‍ പറയുക. തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോഴും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ അവതരിപ്പിക്കാനുള്ള ഇടം. വരണ്ട രീതികള്‍ കണ്ണടച്ചു പിന്തുടരുന്നതിനു പകരം സര്‍ഗാത്മകതയുടെ സ്പാര്‍ക്കുകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും തയ്യാറുള്ള അന്തരീക്ഷം. പ്രശ്നങ്ങളെ അടര്‍ത്തിമാറ്റി പരിശോധിക്കുകയും വിവാദങ്ങളുണ്ടാക്കുകയും മുഖമുദ്രയാവുന്ന ഒരു കാലത്ത് പരിഷത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് വലിയ പിന്തുണ കിട്ടുകയില്ല. അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാമൂഹ്യപ്രശ്നങ്ങള്‍ കറുപ്പും വെളുപ്പുമല്ല. അവയ്ക്ക് യെസ് ഓര്‍ നോ ഉത്തരങ്ങള്‍ സാധ്യമല്ല. കറുപ്പിനും വെളുപ്പിനുമിടയില്‍ എത്രയോ ഷെയ്ഡുകള്‍. അവയോരോന്നും പരിഗണിക്കേണ്ടവയാണ്. ശാസ്ത്രബോധം എന്നത് പരീക്ഷണശാലകളിലൂടെയോ പാഠപുസ്തകങ്ങളിലൂടെയോ രൂപപ്പെടുന്നതല്ല. അത് ഒരു ജീവിതവീക്ഷണമാണ്. ശാസ്ത്രത്തിന്റെ രീതിയോടൊപ്പം ഉയര്‍ന്ന സാമൂഹ്യബോധവും കൂടി ചേരുമ്പോള്‍ സംഭവിക്കുന്ന ഒരു രാസപ്രവര്‍ത്തനം.

എല്ലാം തികഞ്ഞ ഒന്നാണ് പരിഷത്തെന്ന അവകാശവാദവും ഉന്നയിക്കുന്നില്ല. അതിന് ദൗര്‍ബല്യങ്ങളുണ്ട്. പുതിയ കാലത്ത് പ്രത്യേകിച്ചും. പക്ഷേ, ആ ദൗര്‍ബല്യങ്ങളെ മാറിനിന്ന് പുച്ഛിക്കേണ്ടവയായല്ല ഞാന്‍ കരുതുന്നത്. അതിനോടൊപ്പം നിന്ന് പരിഹരിക്കാനാണ്. ഒരുപാട് വിമര്‍ശനങ്ങളുള്ളവര്‍ ഉണ്ടെന്നറിയാം. അവയെ തള്ളിക്കളയുന്നുമില്ല. ഒറ്റകാര്യം മാത്രമേ പറയാനുള്ളൂ. വ്യക്തിപരമായ തനിമാവാദത്തില്‍ കഴമ്പില്ല. കൂട്ടായ്മ, വലിയ വലിയ കൂട്ടായ്മ. അതാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. ഏതെങ്കിലുമൊരു കൂട്ടായ്മയുടെ ഭാഗമായി ഒരു കൊല്ലമെങ്കിലും തുടര്‍ച്ചയായി നിങ്ങള്‍ക്ക് ഒന്ന് പ്രവര്‍ത്തിച്ച് നോക്കാമോ?

Leave a Reply

Your email address will not be published. Required fields are marked *