ഞാനും പരിഷത്തും: ബേബി ലത ഒ സി
പരിഷത്ത് സമൂഹത്തിന്റെ നേർ ദിശയിലേക്കുള്ള പ്രയാണത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.
‘എന്നെ ഞാനാക്കിയ പരിഷത്ത്’
ഞാൻ കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം മേഖലയിലുള്ള മനോഹരമായ മലപ്പട്ടം പഞ്ചായത്തിൽ താമസിക്കുന്നു. മലപ്പട്ടം പരിഷത്ത് യൂണിറ്റിലെ ഒരംഗം. പരിഷത്ത് രൂപീകരിച്ച് പ്രവർത്തിക്കാൻ തുടങ്ങിയതു മുതൽ എന്റെ നാട് പരിഷത്തിനൊപ്പമുണ്ടായിരുന്നു. ഇന്നും അത് അനുസ്യൂതം തുടരുന്നു. പരിഷത്തിന്റെ കലാജാഥകൾ, പരിഷത്ത് ഉല്പന്നങ്ങളായ അടുപ്പ്, ചൂടാറാപ്പെട്ടി, പുസ്തകങ്ങൾ എന്നിവ ഈ നാട് ഒന്നാകെ നെഞ്ചേറ്റിയവയാണ്. ഇന്നും എല്ലാവരും ഇത്തരം ഉൽപന്നങ്ങൾ പരിഷത്തിൽ നിന്നു ലഭിക്കാൻ അതിയായി ആഗ്രഹിക്കുന്നു.
1998 മുതലാണ് ഞാൻ പരിഷത്തിൽ അംഗമായത്. പ്രവർത്തനത്തിലേക്കു വരാൻ പിന്നെയും അഞ്ചാറ് വർഷങ്ങൾ കഴിയേണ്ടി വന്നു. കാരണങ്ങൾ പലതായിരുന്നു. ഇപ്പോൾ വ്യക്തമാക്കേണ്ടതില്ല. മലപ്പട്ടത്തുവച്ച് നടന്ന ഒരു മേഖലാ സമ്മേളനത്തോടു കൂടിയാണ് ഞാൻ സജീവമായത്. അന്നു മുതൽ ഇന്നുവരെ ആത്മാർത്ഥമായി നെഞ്ചേറ്റിയ പ്രവർത്തനം നടത്താൻ ഞാൻ ശ്രദ്ധിച്ചു. ശ്രീകണ്ഠപുരം മേഖലാ വൈസ് പ്രസിഡണ്ട്, കണ്ണൂർ ജില്ലാ ജെന്റർ കൺവീനർ, ജില്ലാ ജോ. സെക്രട്ടറി, ജില്ലാ സെക്രട്ടറി, നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പരിഷത്തില്‍ പ്രവര്‍ത്തിക്കാൻ കഴിഞ്ഞതിൽ നിറഞ്ഞ സന്തോഷമുണ്ട്. എന്റെ വ്യക്തിപരമായും ഔദ്യോഗികമായും ഉള്ള ജീവിത പദവിയിൽ പരിഷത്ത് എന്ന സംഘടനക്ക് ഒരു വലിയ റോൾ ഉണ്ട്. അക്കാദമികമായ വലിയ പിന്തുണയും പ്രചോദനവും എന്റെ ശിഷ്യഗണങ്ങൾക്കും സഹപ്രർത്തകർക്കും നാട്ടുകാർക്കും നൽകാൻ സംഘടനാ ബന്ധത്തിലൂടെ സാധിച്ചിട്ടുണ്ട്. അത് ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. ഇത് സമൂഹത്തിന്റെ നേർ ദിശയിലേക്കുള്ള പ്രയാണത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല.