ഞാനും പരിഷത്തും: ജോജി കൂട്ടുമ്മേല്‍
ആ ചോദ്യം കേട്ടപ്പോഴാണ് അതുവരെ തോന്നാതിരുന്ന ആ തോന്നൽ എനിക്കുണ്ടായത്.
1987 ലെ ഓണക്കാലം. തൃശൂരെ തലോർ LFLP സ്കൂളിൽ ലീവ് വേക്കൻസിയിൽ കിട്ടിയ ഒന്നര മാസത്തെ അദ്ധ്യാപക ജോലി തീർന്നു. അതിന് മുമ്പ് മലപ്പുറത്ത് ഒരു വർഷത്തേയ്ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കിട്ടിയ ജോലി ഒരു മാസം കഴിഞ്ഞപ്പോൾ രാജി വച്ചിട്ടാണ് സി.എം.ഐ. മാനേജ്മെന്റിൽ ചേരുന്നത്. അവിടെ കിട്ടിയത് ഒന്നര മാസത്തെ ലീവ് വേക്കൻസിയാണ്. അത് തീർന്ന് ഇനിയെന്ത് എന്ന അനിശ്ചിതത്വത്തിൽ വിരുപ്പ് കാലായിലെ SNM ലൈബ്രറിയിലും കുമരകം പള്ളിച്ചിറയിലെ വാസുദേവൻ വൈദ്യരുടെ വൈദ്യശാലയിലും ബിനീഷ് ടെയ്‍ലേഴ്സിലും കുമരകം ചന്തക്കവലയിലും ഒക്കെയായി ജീവിതം കറങ്ങിത്തിരിയുന്ന കാലം.
ഒരു സായാഹ്നത്തിൽ ചന്തക്കവലയിൽ പോസ്റ്റും ചാരി നിൽക്കുമ്പോഴാണ് അജിതൻ നമ്പൂതിരി വരുന്നത്. അജിതനെ നേരത്തെ അറിയാം. സി.എം.എസ് കോളജിലെ SFI യുടെ യൂണി. യൂണിയൻ കൗൺസിലറായിരുന്നു. വന്നപാടെ അജിതൻ വിളിച്ചു.
വാടോ, കുറച്ച് അടുപ്പിന് ഓഡർ പിടിക്കാം.
അടുപ്പോ, എന്തടുപ്പ് എന്ന് ഞാൻ.
ഒരു വിശദീകരണവും തന്നില്ല, താൻ വാടോ എന്ന് പറഞ്ഞ് അജിതൻ നടന്നു. മറുത്തൊന്നും പറയാൻ തോന്നിയില്ല ഞാനും നടന്നു. ചെന്ന് കയറിയത് ചെല്ലപ്പൻ സാറിന്റെ ഫ്രണ്ട്സ് കോളജിൽ .അവിടെ പി.ജെ കുര്യൻ (Kurian PJ), സരസൻ (Sarasijan Nv), പോൾ (Paul John Pampadithara), തമ്പാച്ചൻ, മധു എല്ലാവരും ഉണ്ട്. കുര്യൻ സാർ മേഖലാ പ്രസിഡന്റോ മറ്റോ ആണ്. അത് പരിഷത്തിന്റെ യൂണിറ്റ് യോഗമായിരുന്നു. കുര്യൻ സാറിന്റെ മേഖലാ റിപ്പോർട്ടിംഗ് ആണ് ആദ്യം കേട്ട പരിഷത്ത് പ്രസംഗം. സംഗതി കൊള്ളാല്ലോ എന്ന് തോന്നി. അടുപ്പ് ക്യാമ്പിന്റെ അവസാന ഘട്ടമായിരുന്നു, അപ്പോൾ. അതിന്റെ ഓഡർ പിടിക്കാനൊന്നും ഞാൻ അത്ര വലുതായൊന്നും പോയിരുന്നില്ല.
കുറച്ച് ദിവസം കഴിഞ്ഞ് കോട്ടയം പരിഷദ് ഭവനിൽ ഒരു യോഗത്തിനുള്ള പോസ്റ്റ് കാർഡ് വന്നു. എസ്. ബാബുജിയാണ് കത്തയച്ചിരിക്കുന്നത്. ഞാൻ പങ്കെടുത്ത കമ്മിറ്റിയല്ലാതെ മറ്റൊരു യോഗം കൂടി അപ്പോൾ അവിടെ ഉണ്ടായിരുന്നതായി ഓർക്കുന്നു. അതിൽ S P എന്നറിയപ്പെട്ടിരുന്ന ശിവദാസ് പാലമറ്റം, കെ.കെ.ജി സാർ (Kkg Pillai), സി.എം.എസ് ലെ പി സി ജോൺ സാർ എന്നിവരൊക്കെയുണ്ടായിരുന്നു. തുടർന്ന് ചേരേണ്ട യൂണിറ്റ് യോഗങ്ങളും മറ്റുമായിരുന്നു അവിടെ ആലോചിച്ചത്. തിരികെ വന്ന് മറ്റ് ചില സുഹൃത്തുക്കളെ കൂടി പരിഷത്തിലേയ്ക്ക് ക്ഷണിച്ചു.
പിന്നീടൊരു ഞായറാഴ്ച പള്ളിയിൽ പോയപ്പോൾ വികാരിയച്ചന്റെ ചോദ്യം.
നീയിപ്പോൾ ശാസ്ത്രസാഹിത്യ പരിഷത്തിലാണെന്ന് കേട്ടല്ലോ?
ആ ചോദ്യം കേട്ടപ്പോഴാണ് അതുവരെ തോന്നാതിരുന്ന ആ തോന്നൽ എനിക്കുണ്ടായത്.
അതെ, ഞാനിപ്പോൾ പരിഷത്തിലാണ്.