ഞാനും പരിഷത്തും: എൽ ഷൈലജ

0

തിരിഞ്ഞു നോക്കുമ്പോൾ എന്നിലെ മാറ്റത്തിന് പരിഷത്തിന് വലിയ പങ്കുണ്ട് എന്ന് ഞാൻ തിരിച്ചറിയുന്നു.

ഹൈസ്ക്കൂൾ പഠന കാലത്ത് യുറീക്കാ പരീക്ഷയിലൂടെയാണ് ആരംഭം. അന്ന് പരിഷത്തിനെക്കുറിച്ച് എനിക്കറിയില്ലായിരുന്നു സമ്മാനമായി ലഭിച്ച “കോട്ടുവാ ഇടുന്നത് എന്തുകൊണ്ട് എന്ന ചെറു പുസ്തകം വലിയ താത്പര്യം എന്നിലുണർത്തി. പരിഷത്തിനെ അറിയുന്നതും സജീവമാകുന്നതും വിവാഹശേഷമാണ്. 1998 മുതൽ വിവിധ പ്രവർത്തനങ്ങളിലൂടെ ഇടപെട്ടുകൊണ്ട് പരിഷത്തിനെ കൂടുതൽ അറിയാൻ സാധിച്ചു. 1999 ൽ കരുനാഗപ്പള്ളി മേഖലയുടെ വനിതാ സബ് കമ്മിറ്റി കൺവീനറായി. രാധാമണി ചേച്ചി അധ്യക്ഷത വഹിച്ച് സാറാ ജോസഫ് ഉദ്ഘാടനം ചെയ്ത വനിത സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വനിതാ സംഗമത്തിന്റെ സംഘാടകരിലൊരാളായി. നന്ദി പറയുവാനാണ് ആദ്യമായി മൈക്ക് കയ്യിലെടുക്കുന്നത്. അതിനുശേഷം പൊതുരംഗത്ത് കൂടുതൽ സജീവമായി. സമതാ അയൽക്കൂട്ടം രൂപീകരണം, സ്വാശ്രയ ജാഥയും കലാജാഥയും പിന്നെ തുടരനുഭവങ്ങളായി. പത്തനംതിട്ട -തിരുവനന്തപുരം കലാജാഥയോടൊപ്പം സമാപനകേന്ദ്രം വരെ സഹയാത്രികയായി സഞ്ചരിക്കാൻ കഴിഞ്ഞതും വലിയ അനുഭവസമ്പത്താണ് നൽകിയത്. തുടർന്നുള്ള ജില്ലാ കലാജാഥകളുടെ ഭാഗമാകാനും ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധിയായ ഘട്ടത്തിൽ ഐ.ആര്‍.ടി.സിയുടെ മണ്ണിരക്കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നീ മാലിന്യ സംസ്കരണ ഉപാധികൾ പ്രത്യേക പദ്ധതിയിലൂടെ ആദ്യമായി എന്റെ പഞ്ചായത്തിൽ നടപ്പിലാക്കുന്നതിനും പരിഷത്തിന്റെ പള്ളിക്കലാർ പഠന  പ്രവർത്തനത്തിന്റെ ഭാഗമാകാനും കഴിഞ്ഞു. തിരിഞ്ഞു നോക്കുമ്പോൾ എന്നിലെ മാറ്റത്തിന് പരിഷത്തിന് വലിയ പങ്കുണ്ട് എന്ന് ഞാൻ തിരിച്ചറിയുന്നു.

പരിഷത്ത് പ്രവർത്തന ശൈലിയിൽ ഓരോ ഘട്ടത്തിലും ഏറ്റെടുക്കുന്ന ക്യാമ്പയിനുകളും കലാജാഥകളും ജനകീയ ശാസ്ത്ര പ്രസ്ഥാനമെന്ന നിലയിൽ കൂടുതൽ പേർക്ക് ആവേശം ഉണ്ടാക്കുന്നുണ്ട്. സാധാരണക്കാരിയായ എന്നിലുണ്ടായ മാറ്റം പോലെ സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നും കൂടുതൽ പേരെ അണി ചേർക്കാൻ കഴിഞ്ഞാൽ കേരള സമൂഹത്തിൽ കുതിച്ചു ചാട്ടം തന്നെ നടത്താൻ കഴിയും. യൂണിറ്റ് പ്രദേശങ്ങളിൽ ചെറിയ ചെറിയ കൂട്ടായ്യകൾ സംഘടിപ്പിച്ചു കൊണ്ട് പ്രദേശത്തുള്ള ഓരോ വ്യക്തികളിലും പരിഷത്തിനെപ്പറ്റി കൂടുതലറിയാനുള്ള അവസരം മന:പൂർവ്വം രൂപപ്പെടുത്താനും സാധിച്ചാൽ അതിലൂടെ സംഘടനാ പ്രവർത്തനത്തിൽ സജീവ പങ്കാളികളാക്കാനും കഴിയും.

Leave a Reply

Your email address will not be published. Required fields are marked *