ഞാനും പരിഷത്തും: ടി രാധാമണി
ക്ലാസ് കേട്ടും തുടർന്ന് ക്ലാസ് എടുത്തും ഞാനൊരു പരിഷത്തുകാരിയായി മാറി.
1975 അന്താരാഷ്ട്ര വനിതാവർഷവും അടിയന്തിരാവസ്ഥയും. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റിയിൽ നടന്ന ദേശീയ വനിതാ സെമിനാറിന്റെ സംഘാടകയും പ്രതിനിധിയുമായിരുന്നു ഞാൻ. ഈയിടെ അന്തരിച്ച ഡോ. ശാരദാമണിയുടെ അവതരണത്തോട് പ്രതികരിച്ചുകൊണ്ട് പത്തു മിനിറ്റ് ഞാൻ സംസാരിച്ചു. ആ സെഷൻ കഴിഞ്ഞയുടൻ കൃഷ്ണകുമാർ എന്നെ പരിചയപ്പെടാൻ വന്നു. പരിഷത്തിലേക്ക് വരണം എന്ന് നിർബന്ധമായി പറഞ്ഞു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഒരുപരിപാടിക്ക് ക്ഷണിച്ചു. അവിടെ വെച്ച് എം പി ഉൾപ്പെടെ കുറെ പരിഷത്തുകാരെ പരിചയപ്പെട്ടു. പിറ്റെ ദിവസം എംപിയുടെ വീട്ടിൽ പോയി. ഏജീസ് ഓഫീസിൽ പ്രകൃതി സമൂഹം ശാസ്ത്രം ക്ലാസ് ഏര്‍പ്പാടാക്കാനാണ് എം പി ആവശ്യപ്പെട്ടത്. അവിടത്തെ ലേഡീസ് ക്ലബ് സെക്രട്ടറി, റിക്രിയേഷന്‍ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എനിക്ക് അത് പെട്ടന്നു തന്നെ സംഘടിപ്പിക്കാൻ കഴിഞ്ഞു. എം പി, കൃഷ്ണകുമാർ, മാധവപ്പണിക്കർ എന്നിവരാണ് ക്ലാസ് എടുക്കാൻ വന്നത്. ക്ലാസ് കേട്ടും തുടർന്ന് ക്ലാസ് എടുത്തും ഞാനൊരു പരിഷത്തുകാരിയായി മാറി. പരിഷത്ത് മൂട്ടകടിയേറ്റു എന്നർത്ഥം.