‍ഞാനും പരിഷത്തും: പ്രകാശന്‍ (കോട്ടയം)

0

പ്രസംഗിക്കാൻ ആരുമില്ല. രണ്ടും കല്പ്പിച്ചു ഞാൻ ഒരു പ്രസംഗം നടത്തി.

1983 ലെ ഒരു ദിവസം. തിരുവനന്തപുരം പരിഷത്ത് ഭവനിന്റെ രണ്ടാം നിലയിൽ ഒരു മുറിയിൽ  നിലത്ത് വിരിച്ച പായയിൽ ഞങ്ങൾ മുപ്പത് പേരോളം വട്ടത്തിൽ ഇരിക്കുകയാണ്. എം. പി.  ഡോ. ബി. ഇക്ബാൽ. കെ. കെ. കൃഷ്ണകുമാർ എന്നിവരൊക്കെയുണ്ട്. പരിഷത്തിന്റെ നയങ്ങളും കാഴ്ചപ്പാടുകളും പ്രചരിപ്പിക്കാനാവശ്യമായ പരിശീലനം നടക്കുകയാണ്. പരിശീലനത്തിന്റെ ഒരു ഘട്ടം കഴിഞ്ഞു. അടുത്ത ഘട്ടം അപ്രതീക്ഷിതമായിരുന്നു. ഓരോരുത്തർക്കും ഓരോ പോയിന്റ് അവതരിപ്പിക്കാനായി നൽകി. തുടക്കക്കാരൻ എന്ന നിലക്ക് എന്നോട് അവതരണത്തിന് ആവശ്യപ്പെടില്ല എന്ന വിശ്വാസത്തിൽ ഞാൻ ഇരിക്കെ, എന്നോടായി ചോദ്യം “സൈലന്റ് വാലിയെ കുറിച്ച് പരിഷത്തിന്റെ കാഴ്ചപ്പാട് എന്താണ് “ഇത്രയും പ്രഗത്ഭരുടെ മുന്നിൽ വച്ച് ഞാൻ എങ്ങനെ പറയും. വിറച്ചുകൊണ്ട് പരിഭ്രമത്തോടെ ഞാൻ പറഞ്ഞു. എനിക്കാവില്ല. ആരുമൊന്നും മിണ്ടിയില്ല. ചോദ്യം അടുത്ത ആളിന് കൊടുത്തു. പരിപാടി കഴിഞ്ഞ് പുറത്തേക്ക് നടക്കുമ്പോൾ ക്രി. കു. എന്റെ അടുത്ത് വന്ന് തോളിൽ പിടിച്ചിട്ട് പറഞ്ഞു “ആരുടെയും അറിവും കഴിവും പരിശോധിക്കാനല്ല, അവതരണത്തിലേ പാളിച്ചകൾ പരിഹരിക്കാനാണ് “എനിക്ക് ലജ്ജ തോന്നി.

അടുത്ത ദിവസം എന്റെ ഓഫീസ് വിട്ട്  പരിഷത്ത് ഭവനിൽ എത്തി. ഓഫീസ് സ്റ്റാഫ്‌ ആയ ലാൽ, ഉണ്ണി എന്നിവർ മാത്രം ഓഫീസിൽ ഇരിക്കുന്നു. ഞാൻ വരാന്തയിൽ ഉള്ള ഒരു ബഞ്ചിലിരുന്നു . രണ്ട് മൂന്നു ചെറുപ്പക്കാർ അങ്ങോട്ട്  വന്നു. നാളന്ദ എന്ന സ്ഥലത്തു നിന്ന് വരികയാണ്. ഒരു പരിഷത്ത് യൂണിറ്റ് ആരംഭിക്കണം. പരിഷത്തിനെ കുറിച്ച് വിശദീകരിക്കാൻ ഒരാള് വേണം. ഞാൻ മതിയോ? ഞാൻ ചോദിച്ചു. എന്റെ കുറ്റബോധത്തിന് ഒരു പ്രായശ്ചിത്തം ആകട്ടെ എന്ന് കരുതി  ഞാൻ പോയി. അടുത്ത ദിവസം പരിഷത്ത് ഭവനിൽ ചെന്നപ്പോൾ ക്രി. കു എന്നോട് പറഞ്ഞു. ആ കുട്ടികളെ ഞാൻ കണ്ടിരുന്നു. ക്ലാസ് നന്നായിരുന്നു എന്ന് പറഞ്ഞു. എനിക്ക് അത്ര വിശ്വാസം വന്നില്ല. പിന്നീട് മറ്റൊരു ദിവസം എന്നെ മറ്റൊരു ദൗത്യം ഏൽപ്പിച്ചു. അവിടത്തെ പ്രശസ്തമായ ഒരു വായനശാലയിൽ “ശാസ്ത്രം നിത്യജീവിതത്തിൽ “എന്ന വിഷയത്തിൽ ഒരു ക്ലാസ് എടുക്കണം. ഞാൻ പോയി. അങ്ങനെ ഞാനും ക്‌ളാസ്സെടുക്കാൻ തുടങ്ങി.

1984 ഡിസംബറിൽ ഭോപ്പാലിൽ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ നിന്ന് വിഷവാതകം പുറത്ത് വന്ന് ആയിരങ്ങൾ മരിച്ചപ്പോൾ എവറെഡി ബാറ്ററി ബഹിഷ്കരിക്കുക എന്ന മുദ്രാവാക്യവുമായി പാളയം മുതൽ കിഴക്കേക്കോട്ട വരെ പല ദിവസങ്ങളിലും ഗംഭീര പ്രകടനം നടന്നു. തിരുവനന്തപുരം സിറ്റി യുണിറ്റ് സെക്രട്ടറി ആയ എനിക്കും ഒരു ചുമതല വന്നു. കിഴക്കേക്കോട്ട മുതൽ സെക്രട്ടറിയറ്റ് വരെ പ്രകടനം നടത്തണം. ആളു കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ പ്രസംഗിക്കണം. എനിക്ക് പ്രസംഗം, അതും പൊതുസ്ഥലത്ത് ചെയ്യാൻ അറിയില്ല. നിശ്ചയിച്ച ദിവസം എനിക്ക് “ചെവി വേദന” വന്നു. ഞാൻ പരിപാടിക്ക് പോയില്ല. പരിപാടി നടന്ന് കാണും എന്ന ചിന്തയിൽ പിറ്റേ ദിവസം പരിഷത്ത് ഭവനിൽ ചെന്നപ്പോഴാണ് അറിയുന്നത് പരിപാടി നടന്നില്ല. അടുത്ത ദിവസം പരിപാടി നടത്താൻ തീരുമാനിച്ചു. ഭാഗ്യത്തിന് അന്നവിടെ സി. ജി (ശാന്തകുമാർ) ഉണ്ടായിരുന്നു. അദ്ദേഹത്തോട്  കിഴക്കേക്കോട്ടയിൽ പ്രസംഗിക്കാൻ വരണം എന്ന് പറഞ്ഞു. അദ്ദേഹം വന്ന് രണ്ട് മൂന്നു സ്റ്റോപ്പിൽ പ്രസംഗിച്ചു. അതിന് ശേഷം അദ്ദേഹം പോയി. ഞങ്ങൾ പ്രകടനമായി സ്റ്റാച്യു ജങ്ഷനിൽ എത്തി. അവിടെ വലിയ ജനക്കൂട്ടം ബസ് കാത്തു നിൽക്കുന്നു. പ്രസംഗിക്കാൻ ആരുമില്ല. രണ്ടും കല്പ്പിച്ചു ഞാൻ ഒരു പ്രസംഗം നടത്തി.

പിന്നീട് ജന്മനാടായ കോട്ടയത്ത്‌ എത്തി. സാക്ഷരതയുടെ ജില്ലാ റിസോഴ്സ് പേഴ്സൺ തുടങ്ങിയ നിലകളിൽ  പല പരിപാടിയിലും ക്ലാസ് എടുത്തും പ്രസംഗിച്ചും ഒരു പ്രാസംഗികനായി. 91ന് ശേഷം ആഗോളവൽക്കരണത്തിനെതിരെ സർവീസ് സംഘടനകളുടെ അടക്കം പല വേദികളിൽ, പല സ്ഥല ങ്ങളിൽ പ്രസംഗം, ക്ലാസ്  തുടർന്നു.

2013 ൽ ഞാൻ മലപ്പുറത്തു ജോലി ചെയ്യുന്ന കാലം. അവിടെ ഒരു പ്രാഥമിക ബാങ്കിന്റെ (ഞാൻ ജോലി ചെയ്തിരുന്ന സഹകരണ ബാങ്കിന് താലൂക്ക് തോറും പ്രാഥമിക ബാങ്കുകളും സംസ്ഥാന തലത്തിൽ  അപ്പെക്സ് ബാങ്കുമാണ് ഉള്ളത്) ബ്രാഞ്ച് ഉൽഘാടനം. മന്ത്രി ആര്യാടൻ മുഹമ്മദ്‌ ആണ് ഉൽഘാടനം. ഞങ്ങളുടെ ചെയർമാനും മന്ത്രിക്കൊപ്പമാണ് വരിക. യോഗം തുടങ്ങാൻ നിർദേശം കിട്ടി. സ്വാഗതം പറഞ്ഞു. അധ്യക്ഷൻ പ്രസംഗിച്ചു. മന്ത്രി എത്തിയിട്ടില്ല. അത് കൊണ്ട് അടുത്ത പ്രസംഗികനായി എന്നെ വിളിച്ചു. വഴിയിലേക്ക് മന്ത്രി വരുന്നതും നോക്കി ഞാൻ പ്രസംഗം തുടങ്ങി. അഞ്ചു മിനിറ്റ് കഴിഞ്ഞ് കാണും. അധ്യക്ഷൻ പ്രാഥമിക ബാങ്കിന്റെ പ്രസിഡന്റ് എന്റെ ചെവിയിൽ പറഞ്ഞു. മന്ത്രി വരാൻ താമസിക്കും. മന്ത്രി വരുന്നത് വരെ  പ്രസംഗിക്കണം. ഞാൻ മുക്കാൽ മണിക്കൂറോളം പ്രസംഗിക്കേണ്ടി വന്നു. അങ്ങനെ പ്രസംഗിക്കാൻ എന്നെ പ്രാപ്തനാക്കിയത് പരിഷത്താണ്.

Leave a Reply

Your email address will not be published. Required fields are marked *