ഞാനും പരിഷത്തും: ഡോ. ആര്‍ വി ജി മേനോന്‍
അതോടെ വിദ്യാഭ്യാസത്തെ പറ്റിയും എഞ്ചിനീയറിങ്ങിനെ പറ്റിയും സമൂഹത്തേപ്പറ്റിയും ഒക്കെയുള്ള എന്റെ കാഴ്ചപ്പാടുകളും പാടെ മാറി.
സാക്ഷാൽ എം പി പരമേശ്വരൻ ഞാൻ പഠിച്ച തിരുവനതപുരം എഞ്ചിനീയറിങ് കോളേജിൽ എന്നേക്കാൾ എട്ടു കൊല്ലം മുൻപാണ് പഠിച്ചത്. അച്യുതൻ മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ ഞാൻ പരിഷത്തിനെക്കുറിച്ച് കേൾക്കുന്നത് പാസ്സായി എഞ്ചിനീയറിങ് കോളേജിൽ അധ്യാപകനായി വന്ന് ഏറെ കൊല്ലങ്ങൾ കഴിഞ്ഞ ശേഷം മാത്രമാണ്. ഭോപ്പാൽ വാതക ദുരന്ത കാലത്ത്. പിന്നീട് സൈലന്റ് വാലി പ്രക്ഷോഭകാലത്താണ് ഞാൻ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങുന്നത്. അതോടനുബന്ധിച്ച് ജില്ലാ – സംസ്ഥാന വാർഷികങ്ങളിൽ പങ്കെടുത്തപ്പോഴാണ് സംഘടനയുടെ കാഴ്ചപ്പാടുകൾ വ്യക്തമായത്. അതോടെ വിദ്യാഭ്യാസത്തെ പറ്റിയും എഞ്ചിനീയറിങ്ങിനെ പറ്റിയും സമൂഹത്തേപ്പറ്റിയും ഒക്കെയുള്ള എന്റെ കാഴ്ചപ്പാടുകളും പാടെ മാറി. അധ്യാപകരുടെ പങ്കിനെപ്പറ്റിയുള്ള ധാരണയും മാറി. അതോടെ പുതിയൊരു ജീവിതം തുടങ്ങി എന്നു പറയാം. വിദ്യാഭ്യാസപരമായും തൊഴിൽപരമായും എം പി ആയിരുന്നു എനിക്ക് മാതൃക. എന്നു പറഞ്ഞാൽ എം പിയെപ്പോലെ ആകാൻ പറ്റില്ലല്ലോ. പക്ഷേ എം പി യുടെ ചെയ്തികളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാം. അത്രയൊക്കെയേ പറ്റൂ. അത്രയൊക്കെ മതി. അതുകൊണ്ടുതന്നെ ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ തൊഴിൽ ജീവിതത്തേക്കുറിച്ച് സംതൃപ്‍തി തോന്നുന്നു. അതാണ് പരിഷത്ത് എനിക്ക് തന്നത്. സംതൃപ്തി തോന്നുന്ന ജീവിതം.