ഞാനും പരിഷത്തും: പ്രൊഫ. കെ ശ്രീധരൻ

0

ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യവും പരിഷത്ത് വളർത്തിയ സാമൂഹ്യ വീക്ഷണവുമാണ്  ഈ പ്രവർത്തനങ്ങൾക്കെല്ലാമുള്ള ഊർജ്ജം…

ഇത്തരമൊരു പിന്തിരിഞ്ഞ് നോട്ടത്തിന് അവസരം നൽകിയതിനു നന്ദി. 1969-ലാണ് ഞാൻ പരിഷത്തിൽ അംഗത്വം എടുക്കുന്നത്. അതിനു മുൻപ് മറ്റു സംഘടനകളിലെ സഹപ്രവർത്തകരിൽ നിന്ന് പരിഷത്തിനെക്കുറിച്ച് അറിഞ്ഞിരുന്നു. പ്രവർത്തനങ്ങൾ നിരീക്ഷിക്കാറുമുണ്ടായിരുന്നു. പ്രൊഫ. വി എം എൻ നമ്പൂതിരിപ്പാടിൽ നിന്നാണ്  പരിഷത്തിനെ കുറിച്ച് അടുത്തറിഞ്ഞത്. അദ്ദേഹം ശാസ്ത്രഗതി ത്രൈ മാസികയുടെ പ്രസിദ്ധീകരണത്തിൽ ബദ്ധശ്രദ്ധനായിരുന്നു. പരിഷത്തിൽ അംഗത്വമെടുത്തതിൻറെ തൊട്ടടുത്ത വർഷം തന്നെ മെഡിക്കൽ കോളേജിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ചേവായൂർ യൂണിറ്റ് സെക്രട്ടറി സ്ഥാനം ആണ്ടൂർ രാമചന്ദ്രനിൽ നിന്ന് ഏറ്റുവാങ്ങി. കോഴിക്കോട് വച്ച് നടന്ന പരിഷത്തിൻറെ ദശവാർഷിക ആഘോഷ പരിപാടിയിൽ ആവേശപൂർവ്വം പങ്കെടുത്തു.  ഡോ. അച്യുതൻ, വി എം എൻ നമ്പൂതിരിപ്പാട്, സി പി നാരായണൻ,  ഉണ്ണികൃഷ്ണൻ നമ്പീശൻ, പി സി കെ നമ്പൂതിരിപ്പാട്, പി വി കൃഷ്ണൻ നായർ, കോട്ടി, ആർ ഇ സി യിലെ വിൻസെൻറ് പോൾ, ബാബു ടി ജോസ്, ഗുരുവായൂരപ്പൻ കോളേജിലെ ഐ ജി ബി, ഗോപിനാഥൻ നായർ, കെ സി സി രാജ, ക്രിസ്ത്യൻ കോളേജിലെ ലയണൽ ഹണ്ട് തുടങ്ങി വലിയൊരു ഒരു സംഘത്തിലെ കോഴിക്കോട് നിന്നുള്ള എല്ലാ പ്രവർത്തനങ്ങളിലും തുടക്കം മുതലേ സജീവ പങ്കാളിയായി. 1973 ൽ ജില്ലാ കമ്മിറ്റിയിലേക്കും 74 – 76 ൽ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. ശാസ്ത്രഗതി മാസികയുടെ പ്രസിദ്ധീകരണമായിരുന്നു അന്നത്തെ കോഴിക്കോട്ടെ പ്രധാന പ്രവർത്തനം. 1975 ൽ കേരളത്തിലുടനീളം നടന്ന പ്രകൃതി, ശാസ്ത്രം, സമൂഹം  എന്ന 3000 ശാസ്ത്ര ക്ലാസുകളിൽ  1400 ക്ലാസുകൾ കോഴിക്കോട് ജില്ലയിൽ നടന്നു. അച്യുതൻ സാറിനൊപ്പം അന്നത്തെ കോഴിക്കോടിൻറെ ഭാഗമായിരുന്ന വയനാട്ടിലേക്കും കോഴിക്കോടിൻറെ വടക്ക് കിഴക്ക് പ്രദേശങ്ങളായ വടകര, താമരശ്ശേരി, പേരാമ്പ്ര, കുറ്റ്യാടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം പോയി തെരുവുകളിലും പൊതുവേദികളിലും വായനശാലകളിലും ക്ലാസുകൾ നടത്തി കൊണ്ട് പൊതുപ്രവർത്തനത്തിൻറെ ആവേശം അനുഭവിച്ചു.

1976 ൽ ശാസ്ത്രഗതിയുടെ റസിഡൻറ് എഡിറ്റർ ആയി നിയോഗിച്ക്കപ്പെട്ടതോടെയാണ് പ്രസിദ്ധീകരണ രംഗത്തെ പ്രവർത്തനം ആരംഭിക്കുന്നത്. വി കെ ദാമോദരൻ ആയിരുന്നു ശാസ്ത്രഗതിയുടെ എഡിറ്റർ. തുടർന്ന് ഡോ. എസ് മോഹൻ. വി എം എൻ മാനേജിങ് എഡിറ്റർ. എൻറെ പ്രധാന ജോലി വി എം എൻ ഒപ്പം പരസ്പര സഹായി പ്രസ്സിൽ പോയി അച്ചു നിരത്തൽ, പ്രൂഫ് നോട്ടം (4തവണ- ഗാലി, റഫ്, ക്ലീൻ, മെഷീൻ പ്രൂഫ്), ചിത്രങ്ങൾക്ക് ബ്ലോക്ക് ഉണ്ടാക്കിപ്പിക്കൽ, അച്ചടിപ്പിക്കൽ, ബൈൻഡിങ്,  YMCA ക്രോസ് റോഡിലുള്ള പീടിക മുറിയുടെ മുകളിലെ പരിഷത്ത് ഓഫീസിൽ എത്തിക്കുക, അഡ്രസ് എഴുതി, റാപ്പർ ഒട്ടിച്ച്, സ്റ്റാമ്പ് ഒട്ടിച്ച്, ചുമന്ന് പോസ്റ്റ് ഓഫീസിൽ എത്തിക്കുക തുടങ്ങിയ അതിവിപുലമായ ജോലിയായിരുന്നു. ഒരു സഹായിയെ വിളിക്കാൻ പോലുമുള്ള സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല. MNS സഹായത്തിന് ഉണ്ടാകുമായിരുന്നു.  ഈ സമയത്ത് തന്നെ ഇതിലും വലിയ  വെല്ലുവിളി ഉയർന്ന ശ്രമകരമായ ജോലികൾ കൂടി അർപ്പിക്കപ്പെട്ടു. വികെഡി തിരുവനന്തപുരത്തേക്ക് പോയി.  MNS ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. VMN ഒരു അപകടത്തിൽ പെട്ടു ദീർഘകാലം കിടപ്പായി. ശാസ്ത്രഗതിയുടെ മേൽപ്പറഞ്ഞ ജോലികൾ കൂടാതെ എഴുത്തും എഡിറ്റിംഗും കൂടി ഏറ്റെടുക്കേണ്ടിവന്നു!

തീർന്നില്ല. ചാലിയാറിലെ അതിരൂക്ഷമായ മലിനീകരണവും അതിൻറെ നാനാ വിപത്തുകൾ മൂലം മാവൂർ, വാഴക്കാട് ഗ്രാമങ്ങളും കോഴിക്കോട് നഗരം പോലും വീർപ്പു മുട്ടുന്ന കാലമായിരുന്നു അത്. പ്രസാദ് മാഷ് എന്ന ധീര വീര പരാക്രമി കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ട്രാൻസ്ഫർ ആയി വന്നു.  അദ്ദേഹം ഒരു ദിവസം  പരിഷത്ത് ഓഫീസിൽ  വന്ന് ആരാണ് ഇവിടത്തെ പരിഷത്ത് സെക്രട്ടറി? അവനെ വിളിച്ചുവരുത്തി പ്രോസിക്യൂട്ട് ചെയ്യണം. അല്ലെങ്കിൽ തൂക്കിക്കൊല്ലണം. വിധി പ്രസ്താവിച്ചു. പിന്നീടാണ് വിവരം ഞാനറിയുന്നത്. സെക്രട്ടറി എന്ന നിലയ്ക്ക് ഞാൻ അദ്ദേഹത്തെ കണ്ടു. മാഷ് പറഞ്ഞു നാളെ തന്നെ  നമുക്ക് പുറപ്പെടണം, ചാലിയാർ മലിനീകരണം കാണണം, അവിടുത്തെ ജനങ്ങളുമായി സംസാരിക്കണം. നാളെ രാവിലെ ഞാൻ തൻറെ വീട്ടിൽ എത്തും. മറ്റുള്ള എല്ലാവരെയും വിളിച്ചോളൂ. താനാണ് അതിൻറെ കൺവീനർ. ശരി. അടുത്ത ദിവസം മാത്രമല്ല തുടർന്ന് എല്ലാ ഞായറാഴ്ചകളും ഞങ്ങൾ  മാവൂരിലേക്ക്  പഠനാർത്ഥം പോയിത്തുടങ്ങി. മാവൂർ വരെ ബസ്സിൽ പോകും. തോണിയിൽ ചാലിയാർ പുഴ കടക്കും. അപ്പുറത്തുള്ള വാഴക്കാടിലേക്ക്. അവിടെ ജനങ്ങളുമായി സംസാരിച്ചു.  ശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തി. സർവ്വേ നടത്തി. പ്രഭാഷണങ്ങൾ ഉണ്ടാകും, വീട്ടുമുറ്റത്ത് ക്ലാസുകൾ, കോലായയിൽ വെച്ച് SO2, H2S പരീക്ഷണങ്ങൾ… സമരങ്ങൾ, ഹൈക്കോടതിയിൽ കേസ്, രാജ്യസഭാ കമ്മിറ്റി തെളിവെടുപ്പ്, … അങ്ങനെ പ്രക്ഷുബ്ധമായ ഒരാണ്ട് കടന്നുപോയി. ഡോ വിജയ മാധവൻ, ഡോ അച്യുതൻ, ഡോ സുഗതൻ, ഉണ്ണികൃഷ്ണൻ നമ്പീശൻ, എൻജിനീയർ രാമചന്ദ്രൻ, ഡോ. കെ കെ വിജയൻ തുടങ്ങി  ഒരു ഡസനോളം പേർ ആയിരുന്നു  ഈ പഠന സംഘത്തിലുണ്ടായിരുന്നത്. വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായ അബ്ദുറഹ്മാൻ നമുക്ക് വേണ്ട സർവ്വ സഹായങ്ങളും തന്നു. ചാലിയാർ മലിനീകരണ വിരുദ്ധ സമരം പിന്നീട് ചരിത്രസംഭവമായി മാറി.

തുടർന്ന് എന്നിൽ അർപ്പിക്കപ്പെട്ട ചുമതല ശാസ്ത്ര കൗതുകം സചിത്ര ക്യൂറിയോ പീഡിയയുടെ പ്രസിദ്ധീകരണമായിരുന്നു. ചീഫ് എഡിറ്റർ വി കെ ദാമോദരൻ. ഞാൻ എക്സിക്യൂട്ടീവ് എഡിറ്റർ. അനി ഹോൾ റോഡിലെ പരിഷത്ത് ഓഫീസിൽ പ്രവർത്തനം ആരംഭിച്ചു. പരിഷത്ത് ഓഫീസ് എന്നല്ല സയൻസ് സെൻറർ എന്നാണ് പരിഷത്ത് ഓഫീസ് അറിയപ്പെട്ടിരുന്നത്. കോഴിക്കോടും പരിസരത്തെയും നിരവധി  ശാസ്ത്രകാരന്മാരേയും ബുദ്ധിജീവികളേയും പങ്കാളികളാക്കി കൊണ്ട് ഒരു വർഷത്തെ കഠിനപ്രയത്നം കൊണ്ടാണ് അന്ന് ശാസ്ത്രകൗതുകം പൂർത്തിയാക്കാൻ കഴിഞ്ഞത് വി കെ ദാമോദരൻ കൂടാതെ പ്രൊഫ ശിവശങ്കരൻ, ഡോക്ടർ സുഗതൻ, പ്രൊഫ. പ്രസാദ്, പ്രൊഫ. കിഷോർ, ആർ ഗോപാലകൃഷ്ണൻ തുടങ്ങിയവരെല്ലാം ആയിരുന്നു ഇതിൻറെ അണിയറയിൽ പ്രവർത്തിച്ചത്.  തിരുവനന്തപുരത്തു നിന്ന് ആർട്ടിസ്റ്റ് ദേവപാലനെ ഓഫീസിൽ 6 മാസത്തോളം താമസിപ്പിച്ചു കൊണ്ടാണ് ആർട്ട് വർക്ക് പൂർത്തിയാക്കിയത്. ആദ്യമായാണ് പരിഷത്ത് ഓഫ്സെററിൽ ഒരു പുസ്തകം അച്ചടിക്കുന്നത്. കേരളത്തിൽ ഓഫ്സെറ്റ് അച്ചടി  പ്രചരിച്ചിരുന്നുമില്ല. ഓഫ് സെററിനെ കുറിച്ച്  നമുക്ക് ആർക്കും അന്ന് ഒന്നും അറിഞ്ഞുകൂടായിരുന്നു. ശിവകാശിയിൽ പോയി ഓഫ്സെറ്റ് അച്ചടിയുടെ സാങ്കേതികവിദ്യ മുഴുവൻ പഠിച്ചു. പുസ്തകം ശിവകാശിയിൽ തന്നെയാണ് അച്ചടിച്ചത്. ആവേശോജ്വലമായ ഒരു കൂട്ടായ്മയുടെ വിജയമായിരുന്നു ശാസ്ത്രകൗതുകം പ്രസിദ്ധീകരണം. കേരളത്തിൻറെ കഥാകാരനായ എസ് കെ പൊറ്റക്കാട് ആണ് 1982 മാർച്ചിൽ ശാസ്ത്രകൗതുകം പ്രകാശനം ചെയ്തത്. സാമ്പത്തികമായി തകർന്നു കിടന്നിരുന്ന പരിഷത്തിന് ശാസ്ത്രകൗതുകം പ്രസിദ്ധീകരണത്തിലൂടെ ലഭിച്ച സാമ്പത്തികം  വലിയ ഉത്തേജനമാണ് നൽകിയത്. ശാസ്ത്ര കൗതുകത്തിന് പിന്നീട് പല പല പതിപ്പുകളും മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ഒരോ പതിപ്പ് കാണുമ്പോഴും അന്നുണ്ടായ ആ വലിയ കൂട്ടായ്മയെക്കുറിച്ച് സന്തോഷത്തോടെയും അഭിമാനത്തോടെയും ഓർക്കാറുണ്ട്. ഇക്കാലത്തു തന്നെയാണ് ചരിത്രപ്രസിദ്ധമായ സയലൻറ് വാലി സംരക്ഷണ സമരവും നടന്നത്. അതിലും തുടർന്നുള്ള ഒട്ടനവധി വനനശീകരണ വിരുദ്ധ സമരങ്ങളിലും സജീവമായി തന്നെ പങ്കെടുക്കാൻ കഴിഞ്ഞു. മുണ്ടൂർ മാർച്ച്, കണ്ണവം വനനശീകരണ വിരുദ്ധ പോരാട്ടം എന്നിവയെല്ലാം എടുത്തുപറയേണ്ട  സമര വേദികൾ ആയിരുന്നു. തുടർന്നുണ്ടായത് ശാസ്ത്രകലാജാഥയുടെ ആവിർഭാവമാണ്. അതിൽ വലിയ പങ്കൊന്നും  വഹിക്കാൻ കഴിഞ്ഞിട്ടില്ല.  ആസ്വാദനം ഒഴികെ.

സയൻസ് സെൻറർ എന്ന വലിയ ഒരു സ്വപ്ന പദ്ധതി ആയിരുന്നു തുടർന്ന് കോഴിക്കോട് ഞാൻ സജീവമായി പങ്കാളിയായ മറ്റൊരു പ്രവർത്തനം. ബീച്ചിൽ കോഴിക്കോട് കോർപ്പറേഷൻ  സൗജന്യമായി അനുവദിച്ചു തന്ന 30 സെൻറ് സ്ഥലത്ത് ഒരു വലിയ സെൻറർ പണിയുകയായിരുന്നു ലക്ഷ്യം.  സയൻസ് ഹോബി വർക്ക് ഷോപ്പ്,  സയൻസ് ലൈബ്രറി, സ്കൂൾ ശാസ്ത്ര പരീക്ഷണശാല,  അക്വേറിയം,  വാനനിരീക്ഷണം, തുടങ്ങിയ വിവിധ കാര്യങ്ങൾ ഉൾപ്പെടുത്തിയ മഹത്തായ ഒരു പദ്ധതിയാണ് വിഭാവനം ചെയ്തത് . ബീച്ചിൽ ഒരു ചെറിയ കെട്ടിടം പണിതു പ്രവർത്തനം ആരംഭിച്ചു. മുഖ്യമന്ത്രി ഇ കെ നായനാർ ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. എങ്കിലും അത് നാം ഉദ്ദേശിച്ച രീതിയിൽ വികസിപ്പിക്കാനോ തുടർച്ചയായ പ്രവർത്തനം ഉണ്ടാക്കാനോ കഴിഞ്ഞില്ല. ബീച്ചിലെ ഒറ്റപ്പെട്ട സ്ഥലത്ത്  സ്വയം നിലനിൽക്കാനും വളരാനും വേണ്ട ക്രാന്തിക വലുപ്പം  ഇല്ലാതെ സയൻസ് സെൻറർ പൊലിഞ്ഞുപോയി. സ്ഥലം പിന്നീട് കോർപ്പറേഷന് തന്നെ തിരിച്ചേൽപ്പിച്ചു.

യുറീക്ക മാസികയുടെ പ്രസിദ്ധീകരണം കോഴിക്കോട്ടേക്ക് മാറ്റിയപ്പോൾ അതിൻറെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട  ചുമതലകളും നിർവഹിക്കേണ്ട വന്നു. പിന്നീട് ശാസ്ത്ര കേരളവും കോഴിക്കോട്ടേക്ക് മാറ്റി. തുടർന്നുള്ള നാളുകളിൽ ഇവ രണ്ടിൻറേയും പ്രസിദ്ധീകരണമായിരുന്നു  മുഖ്യ ചുമതല.

കോഴിക്കോട്ടെ പരിഷത്ത് പ്രവർത്തനങ്ങളിൽ ഈ കാലത്തുണ്ടായ ഒരു വലിയ പ്രശ്നമായിരുന്നു  നമുക്ക് സ്ഥിരമായും വികസിച്ചുവരുന്ന പ്രവർത്തനങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നതും ആയ ഓഫീസ് ഇല്ലായെന്നത്..

YMCA ക്രോസ് റോഡിലെ പീടിക മുറിയുടെ മുകളിൽനിന്ന് ആനി ഹോൾ റോഡിലെ ഒരു പഴയ വീട്ടിലേക്കും അവിടെനിന്ന് ബീച്ചിൽ പണിത മിനി സയൻസ് സെൻററിലേക്കും അവിടെ പ്രവർത്തിക്കാൻ കഴിയാതെ വന്നപ്പോൾ സ്റ്റേഡിയത്തിനടുത്ത് കെഡിസി കെട്ടിടത്തിലേക്കും അവിടെനിന്ന് ഓടിച്ചപ്പോൾ രാരിച്ചൻ റോഡിലെ  പഴയ ഒരു വീട്ടിലേക്കും ഓഫീസും സാമഗ്രികളും തുടർച്ചയായി മാറ്റേണ്ടിവന്നു. ഒരു സ്ഥിരം ഓഫീസ് സ്വന്തം കെട്ടിടത്തിൽ എന്ന് സ്വപ്നസാക്ഷാത്കാരം നടന്നത് തളിയിൽ  ഇപ്പോൾ പ്രവർത്തിക്കുന്ന പരിഷത്ത് ഭവൻ സ്വന്തമാക്കാൻ കഴിഞ്ഞതോടെയാണ്. ‘എങ്ങിനെ എങ്ങനെ’ എന്ന നമ്മുടെ പ്രസിദ്ധീകരണം വിറ്റ് ലഭിച്ച മിച്ചം കൊണ്ടാണ് ആ കെട്ടിടം  വാങ്ങാൻ വേണ്ട തുകയുടെ സിംഹഭാഗം കണ്ടെത്തിയത്. ബാക്കി തുക കോഴിക്കോട്ടെ പ്രവർത്തകർ ലോൺ ആയും സംഭാവനയായും നൽകി. അങ്ങനെ സ്വന്തമായ ഒരു ആസ്ഥാനം ഉണ്ടായി. അതോടെ പരിഷത്തിൻറെ പ്രവർത്തനവും പ്രവർത്തകരും വലിയതോതിൽ വിപുലപ്പെട്ടു. നല്ല സംഘാടകരായ എ എം ബാലകൃഷ്ണൻ, കൊടക്കാട് ശ്രീധരൻ, കെ ടി രാധാകൃഷ്ണൻ, ടി പി സുകുമാരൻ തുടങ്ങിയ നിരവധി പ്രവർത്തകർ ഈ പ്രക്ഷുബ്ധ കാലത്താണ് സംഘടനയുടെ നേതൃനിരയിലേക്ക് വന്നത്. അത് വലിയൊരു മുതൽക്കൂട്ട് ആയിരുന്നു.

1989 ൽ കല്പറ്റയിൽ നടന്ന വാർഷികത്തിലാണ് സംസ്ഥാന പ്രസിഡണ്ടായി നിയോഗിക്കപ്പെട്ടത് . തീർത്തും അവിചാരിതവും അപ്രതീക്ഷിതവുമായിരുന്നു ആ നിയോഗം. പതിവ് പ്രവർത്തനങ്ങൾക്ക് അപ്പുറമായി Lead kindly light എന്ന  എറണാകുളം സമ്പൂർണ്ണ സാക്ഷരത, കേരള സമ്പൂർണ സാക്ഷരത എന്നിവയായിരുന്നു ആ കാലത്തെ മുഖ്യ പ്രവർത്തനം. ഈ രണ്ടു പ്രവർത്തനങ്ങളും അംഗബലത്തിലും ആന്തരിക ശേഷിയിലും പരിഷത്തിനെ ജനകീയ വൽക്കരിക്കുന്നതിലും വലിയ മുതൽക്കൂട്ടായി മാറി. 1994 ൽ കോഴിക്കോട് നടന്ന  പ്രശസ്തമായ ഒരു സമരമായിരുന്നു  ജീരകപ്പാറ വനസംരക്ഷണ പോരാട്ടം. ജില്ലയിലെ എല്ലാ രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങളും മതമേലധ്യക്ഷന്മാരും സാഹിത്യ സാംസ്കാരിക നായകന്മാരും മറ്റെല്ലാ ജനവിഭാഗങ്ങളും സംയുക്തമായി നടത്തിയ സമരത്തിൻറെ നേതൃത്വം പരിഷത്തിന് ആയിരുന്നു.  ഈയുള്ളവൻ ചെയർമാനും ഡി വൈ എഫ് ഐ നേതാവ് മത്തായി ചാക്കോ കൺവീനറായും ഉള്ള ഒരു സമിതിയാണ്  ഈ സമരത്തിന് ജില്ലാതല നേതൃത്വം നൽകിയത്. സമരത്തിൻറെ ജനപിന്തുണ മൂലം വന ചൂഷകർ ഒടുവിൽ തങ്ങളുടെ ശ്രമം ഉപേക്ഷിക്കുകയാണുണ്ടായത്. ഇത്തരം പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ എല്ലാ ജനവിഭാഗങ്ങളുടെയും കൂട്ടായ്മ ഉറപ്പാക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന്  ഈ സമരം നമ്മെ പഠിപ്പിച്ചു.

പരിസര വികസന സമിതികളുടെ കൺവീനർ എന്ന നിലക്കും പ്രസിദ്ധീകരണ സമിതിയുടെ കൺവീനർ, ചെയർമാൻ എന്നീ നിലകളിൽ ഏറെ കാലം പ്രവർത്തിച്ചിട്ടുണ്ട്. ധാരാളം പുസ്തകങ്ങൾ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിക്കാനും അവസരം കിട്ടി. പിന്നീട് നാലു വർഷത്തോളം  ഐ ആർ ടി സി യുടെ  ഡയറക്ടർ ആയി  പ്രവർത്തിക്കാനുള്ള അവസരവും പരിഷത്ത് എനിക്ക് നൽകിയിട്ടുണ്ട്.  ഇനിയും ധാരാളം എഴുതാനുണ്ട് . വിസ്താരഭയം മൂലം ഇതിവിടെ ചുരുക്കുന്നു.

50 തിലേറെ വർഷക്കാലം പരിഷത്തിനോടൊപ്പം വളരാനും നിരവധി ചുമതലകൾ നിർവഹിക്കാനും കഴിഞ്ഞത് വ്യക്തി ജീവിതത്തിൽ വലിയ ഒരു കാര്യം ആയി ഞാൻ കാണുന്നു. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യവും പരിഷത്ത് വളർത്തിയ സാമൂഹ്യ വീക്ഷണവുമാണ്  ഈ പ്രവർത്തനങ്ങൾക്കെല്ലാമുള്ള ഊർജ്ജം പകർന്നു നൽകിയത് എന്ന കാര്യം സന്തോഷപൂർവ്വം ഇപ്പോൾ ഓർമ്മിക്കുന്നു. ഈ ഊർജ്ജം തന്നെയാണ് എല്ലാ പരിഷത്ത് പ്രവർത്തകരെയും കർമ്മനിരതരാക്കുന്നത് . മറ്റൊരു പ്രസ്ഥാനത്തിനും  ഇതിലേറെ സാമൂഹ്യപ്രതിബദ്ധതയും നിസ്വാർത്ഥത കൈമുതലായുള്ള പ്രവർത്തനശൈലിയും ഉണ്ട് എന്ന് തോന്നുന്നില്ല.  അതോടൊപ്പം തന്നെ പരിഷത്തിന് അതിൻറെ ശാസ്ത്രീയ അടിത്തറ പണിത ഡോ. എം പി പരമേശ്വരൻറെ ദീർഘവീക്ഷണവും നിശ്ചയദാർഢ്യവും എക്കാലവും പ്രചോദനമായിട്ടുമുണ്ട്. സഹപ്രവർത്തകരെന്ന നിലക്ക് കെ കെ കൃഷ്ണകുമാർ, ടി ജി, കാവുമ്പായ്, കെ ടി ആർ, കൊടക്കാട്, അണ്ണൻ, ആർ വി ജി, വി ജി തുടങ്ങിയ മഹാനിര തന്നെ എല്ലാ പ്രവർത്തനങ്ങൾക്കും ആവേശവും പ്രചോദനവും തന്നിട്ടുണ്ട്.

ഇനി പരിഷത്തിൻറെ മുന്നോട്ടുള്ള  പ്രയാണത്തെ കുറിച്ച് രണ്ടു വാക്ക് കൂടി പറയട്ടെ. 50 വർഷം മുൻപ് ഞാൻ പരിഷത്തിൽ പ്രവർത്തിച്ച തുടങ്ങിയപ്പോൾ ഉള്ള സാമൂഹ്യസാഹചര്യം അല്ല ഇന്നുള്ളത്. ശാസ്ത്രം മലയാളത്തിൽ എഴുതുക എന്നത് പോലും വിപ്ലവകരമായ ഒരു പ്രവർത്തനമായിരുന്നു അന്ന്. ബോധനമാധ്യമം മലയാളത്തിലേക്ക് മാറ്റണമെന്ന സാമൂഹ്യ ആവശ്യം ശക്തമായി നിലനിന്നിരുന്നു. അതിനുവേണ്ടിയാണ് അക്കാലത്ത് കേരള ഭാഷ  ഇൻസ്റ്റിറ്റ്യൂട്ട് രൂപീകൃതമായത്. എന്നാൽ എൻ വി ക്ക് ശേഷം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഈ കൃത്യ നിർവഹണത്തിൽ വേണ്ടത്ര ശുഷ്കാന്തി കാണിച്ചിട്ടില്ല. ബോധന മാധ്യമം എന്ന നിലക്ക് ഭാഷ വേണ്ടത്ര വികസിച്ചതും ഇല്ല. എന്നാൽ ഒരു ശാസ്ത്ര ഭാഷ രൂപപ്പെടുത്തുന്നതിലും  ഏതു ശാസ്ത്ര വിഷയവും സാമൂഹ്യ തലത്തിൽ കൈകാര്യം ചെയ്യുന്നതിലും പരിഷത്ത് വലിയ തോതിൽ വിജയിച്ചിട്ടുണ്ട്. ബോധന ഭാഷ എന്നത് വ്യത്യസ്തമായ മറ്റൊന്നാണ്. ഇനി പരിഷത്തിന് ഈ കാര്യത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് ഗൗരവമായി ആലോചിക്കണം എന്നാണ് തോന്നുന്നത്.

പരിഷത്തിൻറെ മറ്റൊരു പ്രധാന ലക്ഷ്യമാണ് ശാസ്ത്രബോധം പ്രചരിപ്പിച്ച് ജനങ്ങളെ മുഴുവൻ  യുക്തിബോധമുള്ളവരും അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മോചിപ്പിക്കുകയും ചെയ്യുക എന്നത്. ഇത് നമ്മുടെ ഒരു പ്രധാനപ്പെട്ട ചുമതലയാണ്. നാം ഈ രംഗത്ത് ഏറെ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ എല്ലാ പ്രവർത്തങ്ങളും അപ്രസക്തമാകും വിധം വിശ്വാസങ്ങളുടെയും ആചാര സംരക്ഷണത്തിൻറേയും മലവെള്ളപ്പാച്ചിൽ അനവരതം തുടരുകയാണ്. ഇത് സമൂഹത്തെ എവിടെ കൊണ്ടെത്തിക്കും എന്ന വേവലാതിയാണ് മനസ്സിൽ ഉയരുന്നത്. സാമൂഹ്യ- രാഷ്ട്രീയ- വികസന കാര്യങ്ങളിലെ ശാസ്ത്രബോധത്തിൻറെ അനിവാര്യത പോലെ തന്നെ പ്രധാനമാണ് വ്യക്തിജീവിതത്തിലെ ശാസ്ത്രബോധം. മൗലികമായ പ്രവർത്തനം ഇവിടെ ആവശ്യമാണ്. രണ്ട് പ്രവർത്തനങ്ങൾ നിർദേശിക്കട്ടെ.

വിദ്യാഭ്യാസരംഗത്തെ നമ്മുടെ ശക്തമായ ഇടപെടലുകൾ ഇതുവരെ പാഠപുസ്തക നവീകരണത്തിലെ  ശാസ്ത്രീയമായ ഇടപെടൽ, ബോധന രീതി പരിഷ്കരിക്കൽ, വിദ്യാഭ്യാസരംഗത്ത് സാമൂഹ്യ നീതിയും തുല്യതയും ഔന്നത്യവും ഉറപ്പിക്കൽ എന്നിവയാണ്. ഇതെല്ലാം പ്രധാനം തന്നെ. ഇവയോടൊപ്പം പുതിയ തലമുറയെ ശാസ്ത്രബോധമുള്ള ഉത്തമ പൗരൻമാരായി വളർത്തുന്നതിന് അധ്യാപകരിൽ ഉണ്ടാകേണ്ട പെരുമാറ്റ വ്യതിയാനം നാം ലക്ഷ്യമിടണം. ശാസ്ത്രബോധമുള്ള അധ്യാപകർ പഠിപ്പിക്കുന്ന വിദ്യാർത്ഥികൾ  ശാസ്ത്രബോധം ഉള്ളവരായി വളരും എന്നതിൽ ഒരു സംശയവുമില്ല. ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള വ്യാപകമായ പ്രവർത്തനം നാം ഏറ്റെടുക്കണം. രണ്ടാമത്തെ കാര്യം വനിതകളുടെയും വീട്ടമ്മമാരുടേയും ശാസ്ത്രബോധം വളർത്തുന്നതിനുള്ള പ്രവർത്തനം ഏറ്റെടുക്കുക എന്നതാണ്. ഇന്ന് അന്ധവിശ്വാസങ്ങളുടെ പതാക വാഹകരിൽ മുഖ്യം വീട്ടമ്മമാരാണ്. ഒരു വീട്ടമ്മ അന്ധവിശ്വാസ മുക്തി നേടിയാൽ അവരുടെ കുട്ടികൾ അങ്ങനെ തന്നെയാകും വളരുക. ആകയാൽ വനിതകളിലെ ശാസ്ത്രബോധ നിർമ്മിതി വളരെ പ്രധാനപ്പെട്ട  ഒരു അജണ്ടയായി മാറണം. അങ്ങനെ ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു പ്രവർത്തനം ഒരുപക്ഷേ ഫലം കണ്ടേക്കും.

പരിസരരംഗത്ത് വലിയ മുന്നേറ്റം നാം ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ സമീപകാലത്തായി ധാരാളം പുതിയ സംഘങ്ങൾ ഈ രംഗത്ത് വന്നത് മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കാരണം അവയിൽ പലതും പരിസര പ്രശ്നങ്ങളെ രാഷ്ട്രീയ പ്രശ്നമാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു എന്നത് ഒരു കാര്യം. മറ്റൊരു പ്രശ്നം ധാരാളം പരിസര മൗലികവാദികൾ – കേവല പരിസര വാദികൾ മുളച്ചു പൊങ്ങിയിട്ടുണ്ട്. ഇവയ്ക്കിടയിൽ പരിസ്ഥിതിയെയും വികസനത്തെയും സമന്വയിപ്പിച്ചു കൊണ്ടുള്ള തീർത്തും ശാസ്ത്രീയമായ പരിസര വാദം സംരക്ഷിച്ചു പോകാനുള്ള  മുൻകരുതലുകൾ നിലനിർത്താൻ ശ്രമിക്കേണ്ടതുണ്ട്.

ഇന്ന് സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികളുടെ  പ്രവർത്തനങ്ങൾ വല്ലാതെ വിലകെട്ട് താണു പോകുന്നുണ്ട്. ഏതു സത്യത്തെയും നുണയാക്കി മാറ്റാനും ഏതു നുണയേയും സത്യമാക്കി അവതരിപ്പിക്കാനും കഴിയുന്ന വാചാലതയാണ് രാഷ്ട്രീയത്തിൽ മുന്നിട്ടു നിൽക്കുന്നത്.  എതിരാളിയെ പരാജയപ്പെടുത്താൻ ഏത് ഹീന മാർഗ്ഗവും സ്വീകരിക്കാം എന്ന തത്ത്വശാസ്ത്രത്തിനാണ് മുൻകൈ ലഭിക്കുന്നത്. ഇവിടെ ശരി തെറ്റുകൾ കണ്ടെത്തി വിവേചനപൂർവ്വം അവതരിപ്പിക്കുക എന്നതല്ല മുഖ്യധാരാ മാധ്യമങ്ങളുടെയും പ്രവർത്തനശൈലി. ഈ പ്രവണതക്കെതിരെയുള്ള പ്രവർത്തനങ്ങൾക്കും വലിയ പ്രസക്തിയുണ്ട്.

ഇത്തരം വളരെ സുവ്യക്തമായതും ശാസ്ത്രീയമായതുമായ സമീപനങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളിൽ കേന്ദ്രീകരിക്കാനും നാം സദാ ഉണർന്നിരിക്കേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *