ഞാനും പരിഷത്തും: സുരേന്ദ്രൻ ചെത്തുകടവ്
2018 ലെ സംസ്ഥാന അധ്യാപക അവാർഡ് നേടാൻ കഴിഞ്ഞത് പരിഷദ് ബാലവേദി പ്രവർത്തനങ്ങളിൽ നിന്ന് സ്വാംശീകരിച്ച ഊർജ്ജമാണ് എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.
കോഴിക്കോട് ജില്ലയിൽ കുന്ദമംഗലം മേഖലയിലെ ചെത്തു കടവ് യൂണിറ്റ് അംഗം. 1985 ൽ പരിഷത്ത് അംഗമായി. കലാജാഥയായിരുന്നു മുഖ്യ പ്രചോദനം, പിന്നെ മാസികകളും. പ്രസ്തുത വർഷം ചെത്തുകടവിൽ പുതിയ യൂണിറ്റ് രൂപീകരിച്ച് യൂണിറ്റ് സെക്രട്ടറിയായി ആദ്യ ചുമതല. 1986 ൽ ചെത്തുകടവ് യൂണിറ്റിൽ ബാലവേദി രൂപീകരിക്കുകയും ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. കൊടക്കാട് ശ്രീധരൻ മാഷ് ആയിരുന്നു ബാലവേദി ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. പ്രസ്തുത ബാലവേദി ഇന്നും സജീവമായി തന്നെ നിലനില്ക്കുന്നുണ്ട്. പിന്നീട് മേഖലാ സെക്രട്ടറി, മേഖല പ്രസിഡണ്ട്, ജില്ലാ കമ്മിറ്റിയംഗം, ജില്ലാ വിദ്യാഭ്യാസ ഉപസമിതി കൺവീനർ, ബാലവേദി ജില്ലാ ഉപസമതി കൺവീനർ ചുമതലയും ചെയർമാൻ ചുമതലയും നിരവധി തവണ മാറി മാറി ഏറ്റെടുത്തിട്ടുണ്ട്. 2004 ലെ ആലപ്പുഴ അഖിലേന്ത്യാ സർഗ്ഗോത്സവത്തിൽ സജീവമായി പങ്കെടുത്തു. 2017ൽ കർണാടകയിലെ ഹസനിൽ BGVS സംഘടിപ്പിച്ച അഖിലേന്ത്യാ ബാലോത്സവത്തിലും RP യായി പങ്കെടുത്തത് നല്ല അനുഭവമായി. രണ്ട് വർഷം ജില്ലാ ബാലവേദി കലാജാഥ നയിക്കുവാനും അവസരമുണ്ടായി. മുഖ്യ പ്രവർത്തന മേഖല ബാലവേദി തന്നെ. യുറീക്കയിൽ ഏതാനും രചനകൾ നടത്തിയിട്ടുണ്ട്. വിജ്ഞാനോത്സവ പ്രവർത്തനങ്ങളിൽ സംസ്ഥാന തലം മുതൽ യുണിറ്റ് തലം വരെ ഇടപെടാറുണ്ട്. ഫ്രൻഡ്സ് ഓഫ് KSSP യുമായി ബന്ധപ്പെട്ട് വിവിധ ഗൾഫ് രാജ്യങ്ങളിലെ ബാലവേദികളിൽ RP യായി കോവിഡ് കാലത്ത് ഓൺലൈനിൽ നിരവധി തവണ പങ്കെടുത്തു. ഇപ്പോൾ ബാലവേദിയുടെ സംസ്ഥാന ഉപസമിതി ചെയർമാൻ സ്ഥാനം വഹിക്കുന്നു. 2018 ലെ സംസ്ഥാന അധ്യാപക അവാർഡ് നേടാൻ കഴിഞ്ഞത് പരിഷദ് ബാലവേദി പ്രവർത്തനങ്ങളിൽ നിന്ന് സ്വാംശീകരിച്ച ഊർജ്ജമാണ് എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.