‍ഞാനും പരിഷത്തും: പി മുരളീധരൻ

0

ഒരു മുന്നറിയിപ്പുമില്ലാതെ രംഗത്തുവന്ന എന്തിന്നധീരത കഴിഞ്ഞപ്പോൾ തന്നെ വലിയ ആവേശം.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 58-ാം വാർഷികം ഇന്ന് ആരംഭിക്കുന്നു. ഈ അവസരം ഞാൻ എങ്ങനെ പരിഷത്തിലെത്തി എന്ന് ഓർത്തെടുക്കുന്നു.

1983 ൽ കുന്നംകുളത്തെ ഒരു സുഹൃത്ത് വി.എസ് പ്രശാന്തനും KSEB യിലെ ശ്രീകുമാറും (ജീവിച്ചിരിപ്പില്ല) ഒരു രശീതി പുസ്തകം ഏല്പിച്ച് പറഞ്ഞു ” ഇത് 10 ടിക്കറ്റുകളാണ്. വിറ്റിട്ട് 100 രൂപ തരണം. ബാർ ഓഡിറ്റോറിയത്തിൽ നടക്കുന്ന കലാപരിപാടിയുടേതാണ്. (അക്കാലത്ത് ജില്ലയിൽ ഒരു കേന്ദ്രത്തിൽ കലാജാഥയുടെ ഹാൾ പരിപാടി വെക്കാം. ജില്ലാക്കമ്മിറ്റിയുടെ സാമ്പത്തിക സമാഹരണത്തിന്) കാണാനും വരണം. ഞാൻ ജോലി ചെയ്യുന്ന വനം വകുപ്പിനെ കളിയാക്കുന്ന പരിപാടിയുണ്ട് (കാടു കുരങ്ങനു വേണ്ടീടേണ്ട വെട്ടി വെടിപ്പാക്കാൻ നാടുഭരിക്കണ തമ്പ്രാക്കന്മാർ പറയണ കേട്ടില്ലേ… ) എന്നും പറഞ്ഞു.  ടിക്കറ്റ് സുഹൃദ് വലയത്തിൽ വിതരണം ചെയ്തു. പരിപാടിക്കും പോയി. ഒരു മുന്നറിയിപ്പുമില്ലാതെ രംഗത്തുവന്ന എന്തിന്നധീരത കഴിഞ്ഞപ്പോൾ തന്നെ വലിയ ആവേശം. മലയാളത്തിൽ ഐഡിയാസ് എക്സ്പ്രസ് ചെയ്യാനുള്ള ഡിഫിക്കൾട്ടിയെക്കുറിച്ച് വിവരിച്ചതിനു ശേഷം (ജാഥാ മാനേജർ പി.കെ.രാജൻ മാഷ്) സായിപ്പ് പോയിട്ട് എന്ന പാട്ട്. വിലപേശലും (കാലുമാറ്റം), പരശുപുരം ചന്തയും (സ്ത്രീധനം), ഡോക്ടറോടും തിത്തൈ ഏരെയും കഴിഞ്ഞ് ഏകലവ്യന്റെ പെരുവിരലിൽ പരിപാടി കഴിഞ്ഞപ്പോൾ ഈ പരിപാടി സ്വന്തം നാട്ടിലും നടത്തണമെന്ന തീരുമാനം അപ്പോൾ തന്നെ എടുത്തു. പക്ഷേ ജാഥയുടെ പരിപാടി വേറെ വഴിക്കായതിനാൽ നടന്നില്ല.

പിന്നൊരിക്കൽ വായനശാലയിൽ നടത്തിയ വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ് എന്ന ക്ലാസെടുക്കാൻ വീണ്ടുമെത്തിയ രാജൻ മാസ്റ്റർ വഴി കലാപരിപാടി എന്ന ആശയം വീണ്ടു വന്നു. തുടർന്ന് ഞങ്ങടെ യൂണിറ്റ് (പൊർക്കളങ്ങാട് ) രൂപീകരണം. ആദ്യം ഏല്പിക്കപ്പെട്ട പരിപാടി ജില്ലാ കലാ ടീമിന്റെ അഞ്ചു ദിവസത്തെ പരിശീലന ക്യാമ്പ്. സുഹൃത്തും പരിഷത്ത് അംഗവുമായ ശിവരാമന്റെ വീട്ടിലാണ് പരിശീലനം. രാത്രി വൈകി മറ്റൊരു വീട്ടിൽ താമസം. പരിശീലനം കാണാൻ അയൽക്കാരൊക്കെ വരും.  കെ.ഗോപിനാഥനാണ് (ഉമക്കുട്ടി) ക്യാമ്പ് ചുമതല. ഒരു കെട്ട് പരീക്ഷാപേപ്പറും കൊണ്ടാണ് വന്നിട്ടുള്ളത്. അയാളോട് എത്ര വേണമെങ്കിലും എന്തു വേണമെങ്കിലും ചർച്ചിക്കാം – തർക്കിക്കാം. പുതിയ തർക്കത്തിന് വഴിയുണ്ടാക്കിത്തരികയും ചെയ്യും. അവസാന ദിവസം ക്യാമ്പ് അംഗങ്ങളും യൂണിറ്റ് അംഗങ്ങളും നാട്ടുകാരും കൂടി ഒരു ജാഥ. പരിപാടി അവതരിപ്പിക്കുന്ന കേന്ദ്രത്തിലേക്ക്. മേഖലാ സെക്രട്ടറിയാണെന്ന് തോന്നുന്നു (രാജൻ എലവത്തൂർ ) കുറെ പുസ്തകങ്ങൾ ഒരു സഞ്ചിയിലാക്കി തോളിൽ ഇട്ടു തന്നു. ( അത് പിന്നെ ഇറക്കേണ്ടി വന്നില്ല) പരിപാടി അവതരണത്തിനു മുമ്പ് ഫാദർ ജോസ് ചിറ്റിലപ്പിള്ളിയുടെ ആമുഖപ്രസംഗം. (ഭക്ഷണത്തിനായി പ്രാർത്ഥിച്ചതുകൊണ്ട് കാര്യമില്ല അധ്വാനിക്കണമെന്ന്) പരിശീലന ക്യാമ്പ് സമാപിച്ചതോടെ എന്റെ വിലാസം ശാസ്ത്രസാഹിത്യ പരിഷത്ത്, പൊർക്കളങ്ങാട് പി.ഒ. എന്നായി. നാട്ടിൽ പരിഷത്ത് സംഘടനയെ അറിയാത്തവരില്ല.

അന്ന് ക്യാമ്പിലുണ്ടായിരുന്ന കെ വി ജോസ്, ബഷീർ, അജിത് കിഷോർ, വിജയരാമദാസ്, സുബ്രഹ്മണ്യൻ, അജിത്, (ബാക്കിയുള്ളവരടെ പേര് ഓർമ വരുന്നില്ല) പരിശീലകനായ വിത്സൻ ചെറായി, തുടങ്ങിയവരുമായുള്ള സൗഹൃദം.

ഇന്നും കലാപരിപാടികൾക്ക് ആശയപ്രചാരണത്തിൽ വലിയ പങ്ക് വഹിക്കാനുണ്ട്. അത് ഇതുവരെ കണ്ടുപരിചയിച്ച കലാജാഥകളുടെ രൂപത്തിലാകണമെന്നില്ല. വിപുലമായ അന്വേഷണം നടക്കണം, പലതരത്തിലുള്ള അവതരണങ്ങൾ കാണണം, അതിൽനിന്നെല്ലാം എടുക്കാവുന്നത് എടുക്കണം. അന്വേഷണങ്ങൾ നടക്കുന്നു, വീട്ടുമുറ്റ നാടകങ്ങൾ എന്നൊരു രീതി വികസിച്ചുവരുന്നുണ്ട്. ഡിജിറ്റൽ അവതരണങ്ങളുടെ സാധ്യതയും പരീക്ഷിക്കുന്നുണ്ട്. ഇന്നലെ ഫേസ്ബുക്കിലൂടെ നടന്ന ചെമ്പരത്തിച്ചോപ്പ്-പാട്ടും പറച്ചിലും- പരിപാടിയിൽ പഴയ പാട്ടുകളുടെ അവതരണം കണ്ടപ്പോൾ ഒരിക്കൽക്കൂടി പെരുവിരലും കന്യാഭൂമിയും പുണ്യഭൂമിയുടെ തേങ്ങലും രംഗത്തുകാണാൻ ഒരാഗ്രഹം.

Leave a Reply

Your email address will not be published. Required fields are marked *