കുരുന്നില വിതരണവും ടീച്ചർമാർക്കുള്ള പഠന ക്ലാസും സംഘടിപ്പിച്ചു
വയനാട് , പരിഷത്ത് ബത്തേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘കുരുന്നില’ വിതരണവും പഠന ക്ലാസും സംഘടിപ്പിച്ചു.
11 ജനുവരി 2024
വയനാട്
സുൽത്താൻ ബത്തേരി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രീ-പ്രൈമറി കുട്ടികൾക്കായി പ്രസിദ്ധീകരിച്ച കുരുന്നില പുസ്തക സമാഹാരം, ബത്തേരിയിലെ വിവിധ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും വ്യക്തികളുടേയും സഹകരണത്തോടെ പരിഷത്ത് ബത്തേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ബത്തേരി മുനിസിപ്പാലിറ്റിയിലെ 42 അങ്കണവാടികൾക്ക് വിതരണം ചെയ്തു. ജനുവരി 11 ന് സുൽത്താൻ ബത്തേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീ. ടി കെ രമേശ് ഉദ്ഘാടനം ചെയ്തു.
മുഖ്യപ്രഭാഷണം നിർവഹിച്ച കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയും , കേന്ദ്രനിർവാഹക സമിതി അംഗവുമായ ശ്രീ കെ ടി രാധാകൃഷ്ണൻ മാസ്റ്റർ കുരുന്നില സദസ്സിന് പരിചയപ്പെടുത്തുകയും കുട്ടികളുടെ പരിചരണം, പഠനം, സംരക്ഷണം എന്നിവ സംബന്ധിച്ച് ക്ലാസെടുക്കുകയും ചെയ്തു. കുട്ടികളിലെ മാനസിക വികാസം പുഷ്ടിപ്പെടുന്ന അഞ്ചു വയസ്സിന് താഴെയുള്ള കാലത്താണ് കുട്ടികൾ അങ്കണവാടികളിൽ എത്തുന്നത് എന്നതിനാൽ അങ്കണവാടികളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും, യഥാർത്ഥത്തിൽ അങ്കണവാടികളിൽ എത്തേണ്ടതായ കുട്ടികളുടെ ചെറിയ ഭാഗം മാത്രമാണ് ഇപ്പോൾ അംഗീകൃത അങ്കണവാടികളിൽ എത്തിച്ചേരുന്നത് എന്ന വസ്തുത ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുൻസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ്,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇൻ ചാർജ് സാലി പൗലോസ്, ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.റഷീദ്, വിദ്യാഭ്യാസ- കല – കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ നസീറ പി.എ, പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം പി.സുരേഷ് ബാബു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം പി. ആർ മധുസൂദനൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെ.വി. മത്തായി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി എൻ.ടി പ്രതാപൻ നന്ദി രേഖപ്പെടുത്തി.