കേരള ശാസ്ത്രസാഹിത്യ പരിഷത്ത് – കോലഴി യൂണിറ്റ് വാർഷികം

0

08/01/24  തൃശ്ശൂർ 

കേരളത്തിൽ തെറ്റായതും അശാസ്ത്രീയവുമായ പൊതുബോധം നിലനിൽക്കുന്നുണ്ടെന്നും അത് മാറ്റാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ സജീവമായ ഇടപെടൽ അനിവാര്യമാണെന്നും തൃശ്ശൂർ ഗവ. എൻജിനീയറിങ്ങ് കോളേജ് കെമിക്കൽ എൻജിനീയറിങ്ങ്  വകുപ്പ് മുൻ മേധാവി ഡോ.ബി.ലക്ഷ്മിക്കുട്ടി പറഞ്ഞു. പരിഷത്തിന്റെ കോലഴി യൂണിറ്റ് വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
കേരളത്തിൽ ISRO പോലുള്ള നിരവധി ശാസ്ത്രസ്ഥാപനങ്ങളും അക്കാദമിക രംഗത്ത് മികവ് തെളിയിച്ച വിദഗ്ധരുമുണ്ട്. മത്സരപ്പരീക്ഷകളിലെല്ലാം മികച്ച വിജയം വരിക്കുന്ന വിദ്യാർത്ഥികളുണ്ട്. എന്നാൽ അവയെക്കുറിച്ചെല്ലാം അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഉന്നയിക്കപ്പെടുന്നു. പൊതു സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്നത് പണവും ശുപാർശയും കൊണ്ടാണെന്ന് പരക്കെ ആക്ഷേപം ഉയർത്തുന്നു. ഗൾഫ് പണമാണ് കേരളത്തിന്റെ പുരോഗതിക്കടിസ്ഥാനം എന്ന് ആക്ഷേപിക്കുന്നവർ കേരളത്തിൽ നിന്ന് ഗൾഫിലേക്ക് പോകാൻ സാധിച്ചത് ഇവിടെയുള്ള പൊതു വിദ്യാഭ്യാസത്തിന്റെ മേന്മ കൊണ്ടാണെന്ന് ബോധപൂർവം മറക്കുന്നു!
UGC , IMC, NCERT തുടങ്ങിയ പുകൾപ്പെറ്റ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നവർ  അന്ധവിശ്വാസികളോ  ആചാരാനുഷ്ഠാനങ്ങളിൽ വിശ്വസിക്കുന്നവരോ ആയതിനാലാകാം അവിടെ നിന്നും പ്രതിലോമകരമായ നിർദ്ദേശങ്ങൾ ഉണ്ടാകുന്നത് എന്നവർ ചൂണ്ടിക്കാട്ടി.
എൺപതിനായിരം കോടി ചെലവിട്ട് പണിതീർത്ത അയോധ്യയിലെ ക്ഷേത്രം ഉദ്ഘാടനം ചെയ്യുമ്പോൾ തന്നെയാണ് ഇന്ത്യയിൽ ശാസ്ത്രകോൺഗ്രസ് നിർത്താനുള്ള തീരുമാനവുമുണ്ടാകുന്നത് എന്ന് ഡോ.ലക്ഷ്മിക്കുട്ടി പറഞ്ഞു. ഇന്ത്യയിലെ യുവാക്കൾ വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി നാടുവിടുന്നു. ജനങ്ങളുടെ മുൻഗണനാക്രമം നിരാശാജനകമാണ്. ഗീതാ ക്ലാസ്സ് , യോഗാ ക്ലാസ് , വേദാ ക്ലാസ് എന്നിവയിലാണ് ജനം അഭിരമിക്കുന്നത്! മറ്റൊന്നിനും അവർക്ക് സമയമില്ല. പല സൂചികകളിലും ഇതര സംസ്ഥാനങ്ങളേക്കാൾ കേരളത്തിലെ സ്ത്രീകൾ മുന്നിലാണ്. എന്നാൽ ഇവിടെ അഭ്യസ്തവിദ്യരായ സ്ത്രീകൾ ready to wait എന്ന് പറയുന്നതിലും മുന്നിലാണ് എന്നവർ പറഞ്ഞു. ഈ വൈരുധ്യങ്ങളെയും വെല്ലുവിളികളെയും അഭിമുഖീകരിക്കാൻ ജനങ്ങളുടെ സാമാന്യ ബോധം ശാസ്ത്രബോധമാകണം. അതിന് പരിഷത്ത് കൂടുതൽ സജീവമാകണം. അവർ പറഞ്ഞു.
യൂണിറ്റ് പ്രസിഡണ്ട് പി.വി. റോസിലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എൻ. ദേവദാസ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പ്രീത ബാലകൃഷ്ണൻ സംഘടനാരേഖയും കെ.വി.ആന്റണി ഭാവിപരിപാടികളും അവതരിപ്പിച്ചു. കെ.രജിത് മോഹൻ അനുശോചന പ്രമേയവും  സി.ബാലചന്ദ്രൻ ആമുഖവും എം.എൻ. ലീലാമ്മ ക്രോഡീകരണവും മേരി ഹെർബർട്ട് നന്ദിയും പറഞ്ഞു.
വിശദമായ ചർച്ച നടന്നു. എ.പി.ശങ്കരനാരായണൻ, മേഖലാ സെകട്ടറി ഐ.കെ.മണി,  ടി.സത്യനാരായണൻ, കെ.ആർ.രാജഗോപാൽ, നവീൻ നാരായണൻ, പി.കെ. സുബ്രഹ്മണ്യൻ, സി.ടി.അജിത്കുമാർ, അനിൽകുമാർ, സുനിൽ, സജിത് കുമാർ , എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
സമ്മേളനത്തിൽ 81 പേർ പങ്കെടുത്തു. 19 (സ്ത്രീ) 62 (പു)

Leave a Reply

Your email address will not be published. Required fields are marked *