ചിന്തുന്നതെന്തിളം ചോര

0

എല്ലാ ജില്ലാ മേഖലാ കമ്മിറ്റികളും അടിയന്തിരമായി മണിപ്പൂരിനായി രംഗത്തിറങ്ങണം. മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കുകയെന്നതാവണം മുദ്രാവാക്യം. കേവലം രാഷ്ട്രീയ കക്ഷികളുടെ പ്രസംഗങ്ങൾ ആവർത്തിക്കുകയല്ല, നമുക്ക് സവിശേഷമായി ചിലത് പറയാനുണ്ട് ….

കോട്ടയം

2023 ജൂലൈ 23

മുപ്പത്തിയേഴ് കൊല്ലം മുമ്പ് 1986 ലെ കലാജാഥയിലാണ്, ”മേഘാലയത്തിൽ മിസോറാം മണിപ്പൂരിലേതാണ് ശാന്തം നിതാന്ത ഭദ്രം ” എന്ന ചോദ്യം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉന്നയിച്ചത്. അക്കാലത്ത് ഇന്ത്യയുടെ ഒട്ടെല്ലാ ദേശങ്ങളിലും വിവിധ തരത്തിലുള്ള സാമൂഹ്യ സംഘർഷങ്ങൾ നിലനിന്നിരുന്നു. ജാതി, മതം, ഗോത്രം എന്നിവയൊക്കെത്തന്നെയായിരുന്നു കലാപങ്ങളിൽ വിരുദ്ധപക്ഷങ്ങളിലായി അന്നും അണിനിരന്നിരുന്നത്. എങ്കിൽ പോലും വിഭവങ്ങളുടെ ഉടമസ്ഥതയും അവ വിതരണം ചെയ്യുന്നതിലെ അനീതിയുമായിരുന്നു സംഘർഷങ്ങളുടെ അടിത്തറയായി നിലകൊണ്ടത്. മൂന്നേമുക്കാൽ പതിറ്റാണ്ടിനിപ്പുറം മണിപ്പൂരിൻ്റെ മലഞ്ചെരുവിൽ നിന്ന് ഇന്ത്യയെയാകെ ഭീതിയിലാഴ്ത്തുന്ന രക്തഗന്ധം പടരുന്നു. എൺപതുകളിലെ കലാപവാർത്തകളിൽ നിന്ന് ഇന്നുള്ള വ്യത്യാസം കലാപത്തിനും അതിക്രൂരമായ കൊലപാതകങ്ങൾക്കും ഭരണകൂടത്തിൻ്റെ പിന്തുണയുണ്ട് എന്ന തോന്നലാണ്.

മണിപ്പൂരിൽ കഴിഞ്ഞ മൂന്ന് മാസങ്ങളായിത്തുടരുന്ന വംശീയ സംഘർഷങ്ങളാണ് പുതിയ കാലത്തെ ഇന്ത്യയിൽ രക്തദാഹികളുടെ ചിറകടികളായി പ്രതിധ്വനിക്കുന്നത്. ഗോത്രവർഗങ്ങളിൽ പെട്ടവരും നാഗാ മനുഷ്യരും മറ്റും തമ്മിലുള്ള സംഘർഷങ്ങൾ മുൻകാലങ്ങളിലും ഉണ്ടായിരുന്നുവെന്നത് ശരി തന്നെ. അതൊന്നും ഇപ്പോഴത്തെ വംശഹത്യാ സ്വഭാവത്തിലായിരുന്നില്ല. ഇക്കാലത്തിനിടയിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും അതിലുമെത്രയോ അധികം പേർക്ക് പരിക്കേൽക്കുകയും തങ്ങളുടെ വീടുകളും സ്ഥാപനങ്ങളുമൊക്കെ ചുട്ടു ചാമ്പലാക്കുകയും ചെയ്യപ്പെട്ടതായി വിവിധ മാധ്യമങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു. പൂർണമായും ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട, ഭൂരിപക്ഷവും ക്രിസ്തുമതം പിന്തുടരുന്ന, സാമ്പത്തികമായും സാമൂഹികമായും പിന്നാക്കക്കാരായ കുക്കികളാണ് വ്യാപകമായി ആക്രമിക്കപ്പെടുന്നത്. ക്രൂരമായ കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ, പാർപ്പിടങ്ങൾക്ക് തീ വയ്ക്കൽ തുടങ്ങിയ ഒരു പരിഷ്കൃത സമൂഹത്തിന് അപമാനകരമായ പ്രവർത്തനങ്ങളുടെ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ക്രിസ്തു മതക്കാരും മറ്റു വിഭാഗക്കാരുമുണ്ടെങ്കിലും കൂടുതലും ഹിന്ദുമതത്തിൽ പെടുന്നവരും ഇപ്പോൾ തന്നെ സാമൂഹികമായി മേൽക്കൈയുള്ളവരുമായ മെയ്തെയ് വിഭാഗമാണ് മറുപക്ഷത്ത്. ഈ വിഭാഗത്തിന് ഷെഡ്യൂൾഡ് ട്രൈബ് പദവി നൽകുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോഴത്തെ കലാപത്തിന് തുടക്കമിട്ടത്. സംരക്ഷിത വനപ്രദേശത്തിൻ്റെ വിസ്തൃതി വർദ്ധിപ്പിക്കുന്നതിൻ്റെ പേരിൽ കുക്കികളുടെ വാസസങ്കേതങ്ങൾ തകർക്കപ്പെടാനിടയായതും അവരിൽ അസ്വസ്ഥത പടർത്താൻ കാരണമായിട്ടുണ്ട്. എസ്. ടി. പദവിയെന്നാൽ സംവരണവും അതു വഴി അധികാരപങ്കാളിത്തവുമായും ബന്ധപ്പെട്ടതാണ്. ആകെക്കൂടി നോക്കുമ്പോൾ സമ്പത്തിൻ്റെ ഉടമാവകാശവും സാമ്പത്തിക ക്രമത്തിലെ അനീതികളും തന്നെയാണ് സംഘർഷത്തിൻ്റെ അടിസ്ഥാന കാരണം. എന്നാൽ വൈരുദ്ധ്യമെന്ന് പറയട്ടെ, താരതമ്യേന മെച്ചപ്പെട്ട സ്ഥിതിയിലുള്ളതും പൊതു സമൂഹത്തിൽ മേൽക്കോയ്മയുള്ളവരുമായ മെയ് തെയ് വിഭാഗമാണ് കൂടുതൽ പിന്നാക്കാവസ്ഥയിലുള്ള കുക്കിവിഭാഗങ്ങളുടെ മേൽ ആക്രമണം അഴിച്ചുവിടുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിസ്സംഗതയും യൂണിയൻ സർക്കാർ പുലർത്തിയ മൗനവും അക്രമികൾക്ക് ഭരണകൂട പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു. അതാകട്ടെ മതത്തിൻ്റെ പേരിലായിരുന്നുതാനും. ഹിന്ദുത്വം എങ്ങനെയാണ് ഇന്ത്യയെ വിഭജിക്കുന്നതെന്നതിന് ചോരമണമുള്ള ഉദാഹരണമാണ് മണിപ്പൂർ.
ഇൻ്റർനെറ്റ് സേവനങ്ങൾ നിഷേധിക്കുന്നതു വഴിയും മറ്റും അവിടെ നടക്കുന്ന സംഭവങ്ങൾ പുറം ലോകമറിയാതിരിക്കാനുള്ള ജാഗ്രതയും സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാവുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രണ്ട് മാസം മുൻപ് രണ്ട് സ്ത്രീകൾക്ക് നേരെ നടന്ന പൈശാചികമായ ആക്രമണം അത്യന്തം അപലപനീയമാണ്. ഇതൊന്നു മാത്രമല്ല അവിടെ നടന്ന അതിക്രമങ്ങൾ എന്ന് കരുതേണ്ടിയിരിക്കുന്നു.
പട്ടാളത്തിന് പ്രത്യേകാധികാരം നൽകിയിരുന്ന
AFSPA നിയമത്തിൻ്റെ പിൻബലത്തിൽ പട്ടാളക്കാർ സ്ത്രീകളെ ബലാൽസംഗം ചെയ്തു കൊന്നതിനെതിരെ നഗ്നരായി പ്രതിഷേധിച്ച സ്ത്രീകളുള്ള അതേ മണിപ്പൂരിൽ തന്നെയാണ് ഇപ്പോഴത്തെ സംഭവങ്ങളും നടക്കുന്നത്. വംശഹത്യ നടക്കുന്ന എല്ലാ കലാപങ്ങളിലും അതിക്രൂരമായി ആക്രമിക്കപ്പെടുന്നത് സ്ത്രീകളാണ് എന്നത് ഇവിടെയും ആവർത്തിക്കുന്നു.

മണിപ്പൂരിൽ നടക്കുന്ന കലാപം ക്രിസ്ത്യാനികൾക്ക് ഭൂരിപക്ഷമുള്ള കുക്കി ഗോത്രവർഗത്തിനെതിരെയുള്ള വംശീയമായ അതിക്രമമാണെന്നത് പുതിയ വിവരങ്ങളും ഉറപ്പിക്കുകയാണ്. യഥാർഥത്തിൽ അവിടെ നടക്കുന്ന അതിക്രമങ്ങളുടെ നിജസ്ഥിതി പുറം ലോകത്തെത്തുന്നില്ല എന്നും കരുതേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിൽ എല്ലാ ജില്ലാ മേഖലാ കമ്മിറ്റികളും അടിയന്തിരമായി മണിപ്പൂരിനായി രംഗത്തിറങ്ങണം. മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കുകയെന്നതാവണം മുദ്രാവാക്യം. കേവലം രാഷ്ട്രീയ കക്ഷികളുടെ പ്രസംഗങ്ങൾ ആവർത്തിക്കുകയല്ല, നമുക്ക് സവിശേഷമായി ചിലത് പറയാനുണ്ടെന്ന് നേരത്തെ അയച്ച പ്രസംഗക്കുറിപ്പിൽ നിന്ന് വ്യക്തമാണല്ലോ.

അറിയുക, പറയുക, പൊരുതുക എന്ന പഴയൊരു മുദ്രാവാക്യം വീണ്ടും വീണ്ടും ഓർക്കുക.

അഭിവാദനങ്ങളോടെ,

ജോജി കൂട്ടുമ്മേൽ
ജനറൽ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *