നരേന്ദ്ര ധബോത്കറെ അനുസ്മരിക്കുമ്പോൾ

0

ധബോത്ക്കർ സ്മരണ മുൻനിർത്തി രണ്ട് പ്രവർത്തനങ്ങൾ ഈ വർഷം നാം ആലോചിച്ചിട്ടുണ്ട്.

16 ആഗസ്റ്റ് 2023 / കോട്ടയം

നരേന്ദ്ര ധബോത്കർ കൊല്ലപ്പെട്ടിട്ട് ആഗസ്റ്റ് 20ന് പത്തുവർഷം തികയുന്നു. ശാസ്ത്ര ബോധത്തിനും യുക്തി ചിന്തയ്ക്കും വേണ്ടിയുള്ള പ്രചരണ പ്രവർത്തനങ്ങളായിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന പ്രവർത്തന മേഖല. അഖിലേന്ത്യാതലത്തിൽ പൊതുവേയും മഹാരാഷ്ട്ര സംസ്ഥാനത്ത് വിശേഷിച്ചും അന്ധവിശ്വാസ നിരോധന നിയമം എന്ന ആശയത്തിന് വേരോട്ടമുണ്ടാക്കിയത് അദ്ദേഹമായിരുന്നു. ഈ പ്രവർത്തനത്തിൻ്റെ മധ്യത്തിലാണ് ധബോത്ക്കർ ഹിന്ദു വർഗ്ഗീയ വാദികളാൽ കൊല്ലപ്പെടുന്നത്. ആ നിലയ്ക്ക് ശാസ്ത്രബോധത്തിനും യുക്തിചിന്തയ്ക്കുമായി പ്രവർത്തിക്കുന്നവർക്ക് ഏറ്റവും ആവേശമുളവാക്കുന്ന ഓർമ്മകളാണ് അദ്ദേഹത്തിൻ്റേത് . അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങൾ യഥാർത്ഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടത് ശാസ്ത്രപ്രചാരകരുടെ ചുമതലയും കടമയുമാണ്.അതേസമയം അന്ധവിശ്വാസ ചൂഷണനിരോധന നിയമം കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ യാഥാർത്ഥ്യമായിട്ടില്ല.

കേരളത്തിലാകട്ടെ പല ഘട്ടങ്ങളിലും ഈ നിയമം രാഷ്ടീയനേതൃത്വത്തിൻ്റെ പരിഗണനയിൽ വന്നിട്ടുമുണ്ട്. എന്നിട്ടും നിയമം വേണം എന്ന ആവശ്യം ആവശ്യമായി നിലനിൽക്കുന്നു. അടിയന്തിരമായി അത് അംഗീകരിച്ച് നടപ്പിലാക്കണമെന്ന് പരിഷത്ത് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നു.

ധബോത്ക്കർ സ്മരണ മുൻനിർത്തി രണ്ട് പ്രവർത്തനങ്ങളാണ് ഈ വർഷം നാം ആലോചിച്ചിട്ടുള്ളത്. ആഗസ്റ്റ് 19 ന് കുട്ടികൾക്ക് വേണ്ടിയുള്ള തെരുവോര ക്ലാസ്സുകൾ നടക്കും. ഇതുവരെ അറുപത് കേന്ദ്രങ്ങളിൽ ഈ ക്ലാസ്സുകൾ നടക്കുമെന്നാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അവസാന ഘട്ടത്തിൽ കേന്ദ്രങ്ങളുടെ എണ്ണം കൂടിയേക്കാം. രണ്ടാമത്തെ പ്രവർത്തനം ആഗസ്റ്റ് 20 ന് നടക്കുന്ന ശാസ്ത്രാവബോധക്ലാസ്സുകളാണ്. രണ്ട് പ്രവർത്തനങ്ങളും പരമാവധി വിജയിപ്പിക്കണം.അതിനായി എല്ലാവരും രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.

പാരിഷത്തികാഭിവാദനങ്ങളോടെ,

ജോജി കൂട്ടുമ്മേൽ
ജനറൽ സെക്രട്ടറി.

കോട്ടയം
16.8.23

Leave a Reply

Your email address will not be published. Required fields are marked *