ജനറൽ സെക്രട്ടറിയുടെ കത്ത് :ഗ്രാമശാസ്ത്രജാഥകൾ ജനുവരി 2ന് സമാപിക്കും
കോട്ടയം /16 ഡിസംബർ 2023 പ്രിയരേ,
ഇന്ന് ഡിസംബർ 16. നമ്മൾ നേരത്തെ തീരുമാനിച്ചതനുസരിച്ച് ഇന്നലെ നമ്മുടെ ക്യാമ്പയിൻ സമാപിക്കേണ്ടതായിരുന്നു. അതിനുള്ള എല്ലാ ക്രമീകരണങ്ങളും നെയ്യാറ്റിൻകരയിലെ സംഘാടകസമിതി നിർവഹിച്ചിരുന്നതാണ്. എന്നാൽ നമ്മുടെ ഗ്രാമശാസ്ത്രജാഥകൾ ഡിസംബർ അവസാനത്തോടുകൂടി മാത്രമേ പൂർണമാവുകയുള്ളൂ എന്ന സ്ഥിതിയാണുള്ളത്. ഒരു വശത്ത് ഗ്രാമ ശാസ്ത്ര ജാഥകൾ വലിയ ആവേശകരമായി മുന്നോട്ടു പോകുന്നുണ്ട്. എല്ലാ മേഖലകളിലും ഈ പ്രവർത്തനം ഏറ്റെടുത്തു കഴിഞ്ഞു. വിവിധ സാമൂഹികരാഷ്ട്രീയ പ്രവർത്തകർ, സംഘടനകൾ, ഒക്കെ ഗ്രാമശാസ്ത്രജാഥയുമായി സഹകരിക്കുന്നുണ്ട്. അതുപോലെ തന്നെ അതിലൂടെ നമ്മൾ മുന്നോട്ടുവയ്ക്കുന്ന ഉള്ളടക്കം വലിയ സ്വീകാര്യത നേടുന്നു. ഇന്ത്യയുടെ സമകാലീനസാമൂഹ്യ സ്ഥിതി വിലയിരുത്താനുള്ള ഏറ്റവും നല്ല ഉപാധിയാണ് നമ്മുടെ ക്യാമ്പയിൻ ലഘുലേഖ. ഇതോടൊപ്പമാണ് മറ്റ് ലഘുലേഖകൾ അടങ്ങിയ ഗണം കൂടി പരിഗണിക്കേണ്ടത്. കേരളത്തിൽ മറ്റൊരു സംഘടനയും ഇത്തരം ഒരു കാമ്പയിനിൻ്റെഭാഗമായി ഇത്രയും വിപുലമായ തോതിൽ ലഘുലേഖകൾ തയ്യാറാക്കി പ്രചരിപ്പിക്കുന്നില്ല. ഇവയെല്ലാം ഈ കാമ്പയിൻ്റെ നേട്ടങ്ങളാണ്. മറുവശത്ത് ചില കോട്ടങ്ങളും ഉണ്ട് എന്നത് നമ്മൾ കാണാതെ പോകരുത്. കാമ്പയിൻ സമയബന്ധിതമായി പൂർത്തിയാക്കാനായില്ല എന്നതാണ് ഒന്നാമത്തെ പരിമിതി. അതുകൊണ്ട് അത് ജനുവരി രണ്ടിലേക്ക് മാറ്റിവച്ചിരിക്കുന്നു . പ്രശസ്ത തമിഴ് എഴുത്തുകാരിയും ആക്ടിവിസ്റ്റും ആയ എൻ ലീന മണിമേകലൈ ആണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും അതിൽ പങ്കെടുക്കും. എല്ലാ ജില്ലകളിൽ നിന്നും സമാപന പരിപാടിയിൽ പങ്കാളിത്തം ഉണ്ടാവണം. ഒരുപാട് ആളുകൾക്ക് വരാൻ കഴിഞ്ഞു എന്ന് വരില്ല എന്നാലും ജില്ലയുടെ പങ്കാളിത്തം ഉറപ്പാക്കണം. ആരൊക്കെ എത്തിച്ചേരും എന്ന വിവരം മുൻകൂട്ടി അറിയിക്കുമല്ലോ ? രണ്ടാമത്തെ പരിമിതി പുസ്തക പ്രചരണം വേണ്ട രൂപത്തിൽ മുന്നോട്ടു പോകുന്നില്ലെന്നതാണ്. രണ്ടര കോടി രൂപ മുഖ വിലയുള്ള പുസ്തകം പ്രചരിപ്പിക്കണമെന്നാണ് നമ്മൾ ആഗ്രഹിക്കുന്നത് എല്ലാ ജില്ലകളും മേഖലാ കമ്മിറ്റികളും ഇതിലേക്കായി ഉണർന്ന് പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
അഭിവാദനങ്ങളോടെ
ജോജി കൂട്ടുമ്മൽ
ജനറൽ സെക്രട്ടറി