കോട്ടയം,
17 സെപ്റ്റംബര്‍ 2023

സ്കൂൾതല വിജ്ഞാനോത്സവം സെപ്തംബർ 20 ന് നടക്കുകയാണല്ലോ?. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് എല്ലാവർക്കും ലഭിച്ചിട്ടുണ്ടാവുമെന്ന് കരുതുന്നു.

ശാസ്ത്രാവബോധവും ശാസ്ത്രപഠനൗത്സുക്യവും വളർത്തുവാൻ നമ്മൾ നടത്തുന്ന ഏറ്റവും ബൃഹത്തായ വിദ്യാഭ്യാസ പരിപാടിയാണ് വിജ്ഞാനോത്സവം. ചുരുങ്ങിയത് 4-5 ലക്ഷം കുട്ടികളെങ്കിലും ഈ സ്കൂൾ തല പരിപാടിയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. പ്രൈമറി വിഭാഗത്തിൽ ശാസ്ത്രപഠന നൈപുണികൾക്കാണ് ഊന്നൽ. ഹൈസ്കൂൾ തലത്തിൽ യുക്തിചിന്തയ്ക്കും സംവാദത്തിനും അവസരം നൽകുന്ന പ്രവർത്തനങ്ങൾ ഉണ്ട്. വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ ഈ പ്രവർത്തനങ്ങളുടെ പ്രാധാന്യം വിശേഷിച്ച് ഓർമ്മപ്പെടുത്തേണ്ടതില്ലല്ലോ? പുരോഗമന പക്ഷത്തേയ്ക്കുള്ള സാമൂഹ്യ പരിവർത്തന പ്രക്രിയയുടെ ഒരു നിശബ്ദതലം ഇതിലുണ്ടെന്നത് നാം വിസ്മരിക്കരുത്.

1991 ലാണ് ഇന്ന് കാണുന്ന രൂപത്തിലുള്ള വിജ്ഞാനോത്സവം നമ്മൾ ആരംഭിക്കുന്നത്. യുറീക്കാപ്പരീക്ഷയിൽ നിന്ന് വിജ്ഞാനോത്സവത്തിലേയ്ക്കുള്ള വളർച്ചയ്ക്ക് ഒപ്പമാണ് കേരളത്തിലെ പാഠ്യപദ്ധതിയിലും വിപ്ലവകരമായ പരിഷ്ക്കാരം വന്നത്. അതിന്റെ തുടർച്ച നമുക്ക് നിലനിർത്തിയേ മതിയാവൂ.കഴിഞ്ഞ ഏതാനും വർഷങ്ങളായി വിജ്ഞാനോത്സവത്തിന്റെ തിളക്കം കുറഞ്ഞ് വരുന്നതായുള്ള വിമർശനങ്ങൾ നമുക്കുള്ളിൽ തന്നെ ഉയരുന്നുണ്ട്. അത് കൂടി കണക്കിലെടുത്ത് ലളിതമായ പ്രവർത്തന പരിപാടികളാണ് ഇക്കൊല്ലം തയ്യാറാക്കിയിട്ടുള്ളത്. പങ്കെടുക്കുന്ന കുട്ടികൾക്കും അദ്ധ്യാപകർക്കും ഇത് കൂടുതൽ ആവേശം പകരുമെന്നതിൽ സംശയമില്ല.

വിജ്ഞാനോത്സവം കുട്ടികൾക്ക് നല്ലൊരു അനുഭവമാക്കി മാറ്റുന്നതിന് മുഴുവൻ പരിഷത്ത് പ്രവർത്തകരും രംഗത്തിറങ്ങുമല്ലോ?

അഭിവാദനങ്ങളോടെ,
ജോജി കൂട്ടുമ്മേൽ
ജനറൽ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *