മണിപ്പൂർ വംശീയ ഭീകരതക്കെതിരെ മലപ്പുറത്ത് പ്രതിഷേധ ജാഥയും സർഗാത്മക കൂട്ടായ്മയും സംഘടിപ്പിച്ചു.
28 ജൂലൈ 2023
മലപ്പുറം
“വേട്ടമൃഗത്തിന്‍ കണ്ണില്‍ കരുണ-
തിരഞ്ഞൊരു നിമിഷം പാഴായാല്‍……
വേട്ടയാടപ്പെടുവോര്‍ തമ്മില്‍
ഇടഞ്ഞൊരു നിമിഷം പാഴായാല്‍
ഏതൊരു നാടും നാളെ മണിപ്പൂരാകും
നമ്മളുമിരയാകും…
അതിനാല്‍ മിണ്ടുക, ചൂണ്ടുക നമ്മള്‍
ചൂണ്ടുവിരല്‍ത്തല പന്തങ്ങള്‍….. “
കവി എം.എം. സചീന്ദ്രൻ എഴുതിയ ‘ചൂണ്ടുവിരൽത്തല പന്തങ്ങൾ ‘ എന്ന കവിതയുടെ ദൃശ്യാവിഷ്കാരവുമായി, മണിപ്പൂർ വംശീയ ഭീകരതക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറത്ത് പ്രതിഷേധ ജാഥയും സർഗാത്മക കൂട്ടായ്മയും സംഘടിപ്പിച്ചു. പരിഷത്ത് ജില്ലാ കലാസംഘമാണ് ദൃശ്യാവിഷ്കാരം അവതരിപ്പിച്ചത്. ജില്ലാ കല -സംസ്കാരം കൺവീനർ പി. സജിൻ, ആർ.കെ. താനൂർ, സാബു രാമകൃഷ്ണൻ, സത്യഭാമ കോട്ടക്കൽ, രമ്യ എസ് ബാബു, കൃഷ്ണ പ്രകാശ് ടി.വി, പ്രകാശൻ ബി. പി , കെ.വി. ദിവാകരൻ എന്നിവർ കലാ അവതരണത്തിൽ പങ്കെടുത്തു.
കോട്ടപ്പടി ആലിൻചുവടിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി കവി എം.എം. സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗം പി. രമേഷ് കുമാർ , ജില്ലാ സെക്രട്ടറി വി.വി. മണികണ്ഠൻ, സി. പി. സുരേഷ് ബാബു, സുതാര എന്നിവർ സംസാരിച്ചു.
ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകരുടെ നേതൃത്വത്തിൽ മലപ്പുറം നഗരത്തിൽ പ്രതിഷേധജാഥയും നടത്തി.