നാമാദ്യം കണ്ട ലാബ് അടുക്കള; ലാബ് ടെക്നീഷ്യൻ അമ്മ
ഒല്ലൂക്കര മേഖലയിലെ പുത്തൂർ യൂണിറ്റ് മേരി ക്യൂറി ബാലവേദിയുടെ ശാസ്ത്ര പോഷണ ക്ലാസ്
തൃശ്ശൂർ: നാം ജനിച്ച ശേഷം ആദ്യം കണ്ട ലബോറട്ടറി വീട്ടിലെ അടുക്കളയാണെന്നും നിപുണയായ ലാബ് ടെക്നീഷ്യൻ നമ്മുടെ അമ്മയാണെന്നും പരിഷത്തിന്റെയും ബാലവേദിയുടെയും മുതിർന്ന പ്രവർത്തകൻ സോമൻ കാര്യാട്ട് പറഞ്ഞു.
ഒല്ലൂക്കര മേഖലയിലെ പുത്തൂർ യൂണിറ്റ് മേരി ക്യൂറി ബാലവേദിയുടെ ശാസ്ത്ര പോഷണ ക്ലാസ്സിൽ ജീവിതത്തിൽ നിത്യേന നാം അറിഞ്ഞും അറിയാതെയും കടന്നു പോകുന്ന ശാസ്ത്ര പ്രതിഭാസങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ജീവിതവും ശാസ്ത്രവും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ലളിതമായ ലഘു പരീക്ഷണങ്ങളിലൂടെ കുട്ടികളെ പങ്കാളികളാക്കിക്കൊണ്ട് നടന്ന പരിപാടി അവരിൽ അത്ഭുതവും ആകാംക്ഷയും സൃഷ്ടിച്ചു. ശാസ്ത്രമാണ് മാനവ പുരോഗതിയുടെ ആധാരശിലയെന്നും, ശാസ്ത്രം മാത്രമേ ലോക രക്ഷയ്ക്കുണ്ടാകൂ എന്നുമുള്ള കാര്യം കൊറോണക്കാലം നമ്മെ പഠിപ്പിച്ചത് സോമൻ ചൂണ്ടിക്കാട്ടി.
പരിഷത്ത്- വായനശാലാ പ്രവ ർത്തകരും കുട്ടികളുമുൾപ്പെടെ 30 പേർ പങ്കെടുത്തു. മതിക്കുന്ന് ഗ്രാമീണ വായനശാലയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. വായനശാല സെക്രട്ടറി മോഹനൻ സ്വാഗതവും ബാലവേദി കൺവീനർ മീര മോഹൻ നന്ദിയും പറഞ്ഞു.