ധബോല്‍ക്കറെ അനുസ്മരിച്ചു
മുളന്തുരുത്തി : ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ ശാസ്ത്രജ്ഞന്മാര്‍ക്കോ, ശാസ്ത്രകാരന്മാര്‍ക്കോ വളര്‍ന്നുവരുന്നതിനുള്ള സാഹചര്യം ഇല്ല എന്ന് ശാസ്ത്രസാഹിത്യ പരിഷത് മുന്‍ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.കെ.പാപ്പൂട്ടി അഭിപ്രായപ്പെട്ടു. മുളന്തുരുത്തി പബ്ലിക് ലൈബ്രറിയുടെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലാ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പബ്ലിക് ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച ധബോല്‍ക്കര്‍ അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രസാങ്കേതിക വിദ്യകള്‍ ധാരാളമായി ഉപയോഗിക്കുമ്പോഴും ശാസ്ത്രബോധമുള്ള സമൂഹമായി ഇന്ത്യന്‍ ജനത വളരുന്നില്ല. കടം കൊണ്ട സാങ്കേതിക വിദ്യകളാണ് രാജ്യം ഉപയോഗിച്ചു വരുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ വര്‍ഷം പേറ്റന്റിനായി സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ അത്രയും എണ്ണം പോലും ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
കേരളത്തില്‍ വര്‍ധിച്ചുവരുന്ന അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും സാഹചര്യത്തില്‍ ഒരു നിയമനിര്‍മാണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത് മേഖലാ പ്രസിഡണ്ട് പി.കെ.രഞ്ചന്‍ അധ്യക്ഷനായ യോഗത്തില്‍ കണയന്നൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എം.ആര്‍.മുരളീധരന്‍, പബ്ലിക് ലൈബ്രറി സെക്രട്ടറി കെ.കെ.സണ്ണി എന്നിവര്‍ സംസാരിച്ചു.