തിരുവനന്തപുരം: അന്ധവിശ്വാസ ചൂഷണത്തിനെതിരെ നിയമനിര്‍മാണം നടത്തുന്നതിന് നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ത്തന്നെ നടപടിയുണ്ടാവണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലാകമ്മിറ്റി ആവശ്യപ്പെട്ടു. ഡോ. നരേന്ദ്രധാബോല്‍ക്കറിന്റെ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് പരിഷത്ത് തിരുവനന്തപുരം മേഖലാ കമ്മിറ്റിയാണ് ശാസ്ത്രാവബോധ ദിനാചരണ പരിപാടി സംഘടിപ്പിച്ചത്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെയും സ്ത്രീകളെയും കുട്ടികളെയും ഇത്തരം ചൂഷണത്തിന് ഇരയാക്കുന്നുണ്ടെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ഉയര്‍ന്ന സാക്ഷരതയും ശാസ്ത്രബോധവും ഉണ്ടെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ പുതിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും രൂപപ്പെടുന്നുവെന്ന് പരിപാടി ഉദ്ഘാടനം ചെയ്‌ത ഇന്ത്യന്‍ ഫെഡറേഷന്‍ ഒാഫ് റേഷണലിസ്റ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി യു.കലാനാഥന്‍ പറഞ്ഞു. പരിഷത്ത് മേഖലാ പ്രസിഡണ്ട് അഡ്വ. വി.കെ. നന്ദനന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി സതീന്ദ്രന്‍ പന്തലക്കോട് ദിവ്യാത്ഭുത അനാവരണ പരിപാടി അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി പി. ഗിരീശന്‍ സ്വാഗതവും എ.ആര്‍. ബാബു നന്ദിയും പറഞ്ഞു.
Parishadvartha
News portal of Kerala Sasthrasahithya Parishath