എൻ. സി കനാൽ പുനരുജ്ജീവനത്തിന് പരിഷത്തിന്‍റെ സമഗ്ര പഠന പദ്ധതി
എൻ. സി കനാൽ
പരിഷത്തിന്‍റെ സമഗ്ര പഠന പദ്ധതി
പത്ത് കിലോമീറ്ററോളം നീളമുള്ള നടക്കുതാഴ ചോറോട് കനാൽ (എൻ. സി കനാൽ) പുനരുജ്ജീവനത്തിന് തിരുവനന്തപുരം എൻജിനീയറിങ്ങ് കോളേജിന്‍റെ സഹായത്തോടെ സമഗ്ര പഠന പദ്ധതി തയ്യാറാക്കാൻ ശാസ്ത്രസാഹിത്യ പരിഷത്ത് ഒഞ്ചിയം, വടകര മേഖലാ സംയുക്ത യോഗം തീരുമാനിച്ചു. വടകര നഗരസഭ ഗ്രീൻ ടെക്നോളജി സെന്‍ററില്‍ തിരുവനന്തപുരം എൻജിനീയറിങ് കോളേജ് ഗവേഷക എസ്. ശീതൾ നടത്തിയ പഠനത്തിൻറെ അവതരണം നടത്തി. വടകര മുനിസിപ്പാലിറ്റി, ചോറോട്, ഒഞ്ചിയം, ഏറാമല പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കനാലിൽ മഴക്കാലത്തുള്ള വെള്ളക്കെട്ടും വേനൽ കാലത്തുള്ള വരൾച്ചക്കും ശാശ്വത പരിഹാരം കാണാനുതകുന്നതാണ് പദ്ധതി.
ഇരുകരകളിലുമുള്ള പ്രദേശവാസികൾക്ക് എല്ലാകാലവും കൃഷി ചെയ്യുന്നതിനും ടൂറിസം വികസനപദ്ധതികൾ സാധ്യമാക്കുന്നതിനും പദ്ധതിയിലൂടെ കഴിയും. കനാൽ കടന്നു പോകുന്ന എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളുടെ സംയുക്ത യോഗം ചേർന്ന് നടപടി സ്വീകരിക്കാൻ തീരുമാനമെടുത്തു.മണലിൽ മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഞ്ചിയം, വടകര മേഖലാ സെക്രട്ടറിമാരായ ബി. മധു , പി.വിശ്വനാഥൻ, രാജീവൻ കാങ്ങാട്, കെ. സി. പവിത്രൻ സംസാരിച്ചു. ജില്ലാ പരിസരം വിഷയ സമിതി കൺവീനർ വിജീഷ് പരവരി സ്വാഗതവും കെ. ശ്യാമ നന്ദിയും പറഞ്ഞു.