നവോത്ഥാന കലാജാഥ : പരിപാടികളിലൂടെ
1. സയന്‍സ് ദശകം (സഹോദരന്‍ അയ്യപ്പന്‍)
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന നാരായണഗുരുവിന്റെ ആഹ്വാനത്തെ ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന് കൂടുതല്‍ വിപ്ലവാത്മകമായി പുതുക്കിയ ആളാണ് സഹോദരന്‍ അയ്യപ്പന്‍. അതോടൊപ്പം അക്കാലത്തെ ഏതൊരു സാമൂഹ്യപരിഷ്‌കര്‍ത്താവില്‍ നിന്നും ഒരുപടി മുന്നോട്ടുപോയി ജനങ്ങളില്‍ ശാസ്ത്ര ബോധവും യുക്തിവിചാരവും വളര്‍ത്തിയെടുക്കുന്നതിലും അദ്ദേഹം മനസ്സുവച്ചു. മനുഷ്യ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ശാസ്ത്രത്തിനുള്ള ശക്തിയിലും സാധ്യതയിലും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസം ഉറക്കെ പ്രകടിപ്പിച്ചുകൊണ്ട് എഴുതിയ സയന്‍സ് ദശകത്തിന്റെ രംഗാവിഷ്‌കാരം.
‘കോടി സൂര്യനുദിച്ചാലും
ഒഴിയാത്തൊരു കൂരിരുള്‍
തുരന്നു സത്യം കാണിക്കും
സയന്‍സിന്നു തൊഴുന്നു ഞാന്‍’
2.നമുക്ക് ജാതിയില്ല
(ലഘുനാടകം)
ഉള്ളില്‍ ജാതിമത ചിന്തകള്‍ ഒളിപ്പിച്ച് പുറമേയ്ക്ക് പുരോഗമനനാട്യമണിയുന്ന കേരളത്തിന്റെ പുതിയ മുഖം അനാവരണം ചെയ്യുന്ന ലഘുനാടകം. നവോത്ഥാനചിന്തകളുടെ സ്വാധീന ത്തില്‍ മിശ്രവിവാഹിതരായ ദമ്പതികള്‍ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളിലേക്കുള്ള വിരല്‍ ചൂണ്ടല്‍. ‘നമുക്ക് ജാതിയില്ല’
3. ശീലക്കുട (സുരേഷ് ബാബു ശ്രീസ്ഥ)
തികച്ചും പ്രാകൃതമായ ജീവിതാവസ്ഥകളിലും പ്രകൃതിയെയും പ്രകൃതി പ്രതിഭാസങ്ങളെ യും സംബന്ധിച്ച് സമ്പൂര്‍ണമായ അജ്ഞതയിലും മൂഢവിശ്വാസങ്ങളിലും കഴിഞ്ഞുപോന്ന മനുഷ്യനെ അറിവിലേക്കും ആധുനികതയിലേക്കും വഴിനടത്തിച്ചത് ശാസ്ത്രം.
മരണം വിതച്ചുകൊണ്ട് മഹാമാരികള്‍ പടര്‍ന്നുപിടിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മനുഷ്യരാശിയെ നിലനിര്‍ത്താന്‍ ശാസ്ത്രത്തിന് സാധിച്ചു. മൂര്‍ത്തമായ തെളിവുകളുടെ പിന്‍ബലമുള്ള ശാസ്ത്രസത്യങ്ങളെക്കാള്‍ മതങ്ങള്‍ അനുശാസിക്കുന്ന പ്രമാണങ്ങളും കേവലവിശ്വാസങ്ങളുമാണ് ശരി എന്ന് സ്ഥാപിക്കാനും ശാസ്ത്രത്തിന്റെ കഴിവുകളെ ജീവിത ത്തില്‍ നിഷേധിക്കാനുമുള്ള സംഘടിതമായ നീക്കങ്ങള്‍. അതിന്റെ ദുരന്തം ചിത്രീകരിക്കുന്ന നാടകം ‘ശീലക്കുട’
4.പറയുന്നുകബീര്‍ (സച്ചിദാനന്ദന്‍)
കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും എക്കാലത്തും ജാതി ഒരു പീഡനോപകരണമായിരുന്നു. ജാതിയും ജാതിഭേദങ്ങളും ദൈവഹിതങ്ങളാണെന്ന വാദമുയര്‍ത്തി സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അവയുടെ ഇരകളുടെപോലും സമ്മതി ഉറപ്പാക്കപ്പെട്ടിരുന്നു. മനുഷ്യസ്‌നേഹത്തില്‍ അധിഷ്ഠിതമായ ആധ്യാത്മികത എന്ന സന്ദേശം തന്റെ കവിതകളിലൂടെ മുന്നോട്ടുവച്ച് ജാതി വിവേചനങ്ങളെ ചോദ്യംചെയ്ത കവിയാണ് 14ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കബീര്‍ദാസ്. ജാതിയില്‍ താഴ്ന്നവരെന്ന് മുദ്രകുത്തി ജനങ്ങളെ അവരുടെ പ്രാഥമിക മനുഷ്യാവകാശങ്ങളില്‍നിന്നുപോലും അകറ്റുന്ന ഇന്നത്തെ അവസ്ഥയില്‍, വര്‍ഗീയതയുടെയും അസഹിഷ്ണുതയുടെയും ദളിത്പീഡനത്തിന്റെയും ഇന്നത്തെ ഇന്ത്യനവസ്ഥയില്‍ ഈ കവി വീണ്ടും പാടുകയാണ്… ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ്.. സച്ചിദാനന്ദന്റെ പറയുന്നു കബീര്‍ എന്ന കവിതയെ ആസ്പദമാക്കി ഒരു സംഗീതശില്പം.
5. നന്മകള്‍ പൂത്തിടട്ടെ. (ബി.എസ്. ശ്രീകണ്ഠന്‍)
‘അവയവങ്ങള്‍ക്ക് ജാതീം മതോം ഒന്നുമില്ല. ജാതീം മതോം നോക്കിയല്ല അവയവങ്ങള്‍ മാറ്റിവെക്കുന്നത്’അവയവമാറ്റ ശസ്ത്രക്രിയ എന്ന ശാസ്ത്രനേട്ടത്തെയും ജാതി വിവേചനങ്ങളുടെ അര്‍ഥശൂന്യതയും വെളിവാക്കുന്ന ലഘുനാടകം ‘നന്മകള്‍ പൂത്തിടട്ടെ’
‘അവയവദാനം
ആകാശസീമകള്‍ക്കപ്പുറത്തെത്തുന്ന
മഹിതമാം മാനവസ്‌നേഹം
ആഴിതന്നാഴങ്ങളേക്കാളഗാധമാം
അവികല സഹജാത സ്‌നേഹം..
6. കോതാമൂരിപ്പാട്ട് (എം.എം.സചീന്ദ്രന്‍)
പെട്ടിക്കോലം വരുന്നൂ വിജയലഹരിയില്‍
രാജ്യമെല്ലാം മുടിക്കാന്‍
രക്ഷിക്കാനല്ല നമ്മെ, പകരമനുനയത്തോടു ഭക്ഷിക്കുവാനായ്
ഉച്ചാടിച്ചില്ലയെങ്കില്‍ ഗുണഗണമിയലും
ഭാരതം ചാമ്പലാകും.
രാജ്യത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ നടപ്പിലാക്കിയ നോട്ട്‌നിരോധനത്തിന്റെ ഉള്ള റകള്‍ വടക്കന്‍കേരളത്തിലെ ഒരു നാടന്‍കലാരൂപത്തിന്റെ സങ്കേതത്തില്‍ ചര്‍ച്ചചെയ്യുന്നു.
7. തുറക്കാത്ത മേശ
അധ്വാനിച്ചുണ്ടാക്കിയ പണം സൂക്ഷിച്ച മേശ തുറക്കാനാവാതെ വരുന്നു. നിത്യജീവിത ത്തിലെ ചെലവുകള്‍ നിറവേറ്റാനാകാതെ എല്ലാവരും വിഷമത്തിലാവുന്നു. ആരുടെയും മേശകള്‍ തുറക്കാനാവുന്നില്ല. നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒരു ലഘു നാടകം.
8.പടയാളികള്‍ പറയുമ്പോള്‍ (എം.എം.സചീന്ദ്രന്‍)
മനുഷ്യന്റെ കണ്ടുപിടുത്തങ്ങളില്‍ ഏറ്റവും വെറുക്കപ്പെടേണ്ട ഒന്ന് യുദ്ധമാണ്. എന്നാല്‍ യുദ്ധമാണ് ശരിയെന്നും യുദ്ധത്തിലേക്ക് നയിക്കുന്ന വിദ്വേഷമാണ് ശരിയെന്നുമാണ് യുദ്ധത്തിനെതിരെയുള്ള നിലപാടുകള്‍ ദേശവിരുദ്ധമാണെന്നുമാണ് ഇന്നത്തെ ഭാഷ്യം. യുദ്ധം ചെയ്യിക്കുന്നവര്‍ക്കാണ് യുദ്ധത്തിന്റെ ആവശ്യം. യുദ്ധം ചെയ്യുന്ന പടയാളികള്‍ക്കല്ല. ജനങ്ങള്‍ക്കുമല്ല… ‘പടയാളികള്‍ പറയുമ്പോള്‍’ സംഗീതശില്‍പം.
9. അമ്മ തലസ്ഥാനമായ ഇന്ത്യ. (എം.എം.സചീന്ദ്രന്‍)
ഇന്ത്യയുടെ ചരിത്രത്തില്‍ മുമ്പൊന്നും ഉണ്ടാവാത്ത തരത്തില്‍ സ്തീകള്‍ പ്രത്യേകിച്ചും ദളിതരും കീഴാളരുമായ സ്ത്രീകള്‍ സമരമുഖത്തേയ്ക്ക് വരുന്ന കാലമാണിത്. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മകന്‍ കൊലചെയ്യപ്പെട്ട ഒരു ദളിത്‌സ്ത്രീ (രോഹിത് വെമുലയുടെ അമ്മ) ഉനയില്‍ ദേശീയ പതാകയുയര്‍ത്തിക്കൊണ്ട് പുതിയൊരു സ്വാതന്ത്ര്യസമരത്തിന് തുടക്കം കുറിച്ചിരിക്കുന്നു. ഭൂമിയെപ്പോലെ ക്ഷമിക്കുകയും കരയുകയും വിഗ്രഹമായി സ്ഥാനപ്പെടുകയും ചെയ്യുന്ന സ്ത്രീയല്ല പുതിയ സ്ത്രീ. അവള്‍ വെറും മനുഷ്യസ്ത്രീയാണ്. അതില്‍ ഒട്ടും കൂടുതലില്ല. കുറവുമില്ല. ഭയത്തില്‍നിന്ന് അജ്ഞതയില്‍നിന്ന് ജാതിവിവേചനത്തില്‍നിന്ന് സ്വതന്ത്രമാവുന്ന പുതിയൊരിന്ത്യ അവരുടെ നേതൃത്വത്തില്‍ ഉയിര്‍ത്തെണീക്കുകയാണ്. അമ്മ തലസ്ഥാനമായ ഒരു ഇന്ത്യ.