രാജ്യം നേരിടുന്നത് അപ്രഖ്യാപിത സാമ്പത്തിക അടിയന്തിതിരാവസ്ഥ – പ്രൊ : ടി.പി. കഞ്ഞിക്കണ്ണൻ
മലപ്പുറം : നോട്ട് പിൻവലിക്കലിലൂടെ രാജ്യത്തെ ജനങ്ങളുടെ മേൽ അപ്രഖ്യാപിത സാമ്പത്തിക അടിയന്തിരാവസ്ഥ അടിച്ചേൽപ്പിക്കുകയാണ് കേന്ദ്ര ഭരണകൂടം ചെയ്തതെന്ന് പ്രൊ.ടി.പി കുഞ്ഞിക്കണ്ണൻ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംവാദ സദസിൽ വിഷയമവതരിപ്പിക്കുകയായിരുന്നു അദ്ദേഹം . ഭരണകൂടം അടിച്ചേൽപ്പിച്ച കലാപത്തിൽ 100 ലേറെ പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അമ്പതു ദിവസം സമയമാവശ്യപ്പെട്ട പ്രധാനമന്ത്രിയുടെ വാക്കുകൾ വൃഥാവിലാണെന്ന് ഇതുവരെയുള്ള സംഭവ വികാസങ്ങൾ തന്നെ ബോധ്യപ്പെടുത്തുന്നുണ്ട്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പു കുത്തുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. ഇതിൽ നിന്നും കരകയറാൻ സമയമേറെയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് പിൻവലിക്കലിന്റെ പിന്നിലുള്ള രാഷ്ട്രീയം ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യുന്നതിന് രണ്ടു സംവാദയാത്രകൾ സംഘടിപ്പിക്കാൻ സംവാദ സദസ് തീരുമാനിച്ചു.സംവാദ സദസിന് എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ശ്രീ. ഋഷികേശൻ അഭിസംബോധന ചെയ്തു സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം എൻ. മക്ബൂൽ അദ്ധ്യക്ഷത വഹിച്ചു. നേരത്തെ സംവാദ സദസിന് ജില്ലാ സെക്രട്ടറി ജിജി സ്വാഗതവും, വൈസ്.പ്രസിഡന്റ് വി.ആർ. പ്രമോദ് നന്ദിയും പറഞ്ഞു.