ആരോഗ്യരംഗത്തെ സ്വകാര്യവല്‍ക്കരണം സാധാരണക്കാരെ ബാധിക്കുന്നു – ഡോ.കെ.പി.അരവിന്ദന്‍
പാലക്കാട് ഭവന്‍ ഉദ്ഘാടനം ചെയ്തു
പാലക്കാട്, നവം.6 : ആരോഗ്യരംഗത്തെ സ്വകാര്യവല്ക്കരണം സാധാരണ ജനങ്ങളുടെ ചികിത്സയെ ദോഷകരമായി ബാധിക്കുന്നുവെന്ന് പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പി.അരവിന്ദന്‍ അഭിപ്രായപ്പെട്ടു. പാലക്കാട് ജില്ല പരിഷത്ത് ഭവന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക വൈദ്യശാസ്ത്രത്തിലൂടെ നമ്മുടെ സാമൂഹ്യ ജീവിതത്തിന് ഒരു സുരക്ഷിതത്വമുണ്ടായി. പഴയ കാലത്തെ പല മാരക രോഗങ്ങളില്‍നിന്നും നാം രക്ഷപ്പെട്ടത് ആധുനിക ചികിത്സയിലൂടെയാണ്. ചരിത്രം പൂര്‍ണമായി നിരാകരിക്കുന്ന, ശാസ്ത്രത്തിലൂടെ നേടിയ നേട്ടങ്ങള്‍ തള്ളിക്കളയുന്ന പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നത്. പുതിയ രോഗനിര്‍ണയ രീതികള്‍ കൂടുതല്‍ കൃത്യത കൈവരിച്ചിരിക്കുന്നു. എന്നാല്‍, ഔഷധ വിലയും മറ്റു ചികിത്സ ചെലവുകളും സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്തതാകുന്നു. അവര്‍ അശാസ്ത്രീയമായ മറ്റു ചികിത്സാരീതികളിലേക്ക് തിരിയാന്‍ ഇതിടയാക്കുന്നു. ആരോഗ്യ സംവിധാനങ്ങള്‍ സ്വകാര്യ മേഖലയിലേക്ക് ചുവടുമാറുമ്പോള്‍ സാധാരണ ജനങ്ങളാണ് ദുരിതമനുഭവിക്കുന്നതെന്നതെന്നും അദ്ദേഹം പറഞ്ഞു.
ചിറ്റൂര്‍ മേഖലകമ്മറ്റിയിലെ ലത ടീച്ചറുടെ ഇടക്കവാദനത്തോടെയാണ് പരിപാടി ആരംഭിച്ചത്. ജില്ല പ്രസിഡന്റ് പി.അരവിന്ദാക്ഷന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന് സെക്രട്ടറി കെ.എസ്.സുധീര്‍ സ്വാഗതം പറഞ്ഞു. ഭവന നിര്‍മാണ കമ്മറ്റി കണ്‍വീനര്‍ കെ.അരവിന്ദാക്ഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആദ്യകാല പരിഷത്ത് പ്രവര്‍ത്തകനായ വി.കെ.ഭാസ്കരന്‍മാസ്റ്റര്‍ക്ക് പുസ്തകം സമ്മാനിച്ചുകൊണ്ടാണ് ഡോ.അരവിന്ദന്‍ പരിപാടി ഉദ്ഘാടനം ചെയ്തത്. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബിനുമോള്‍, വാര്‍ഡ് കൗണ്‍സിലര്‍ ഡോ.ഹസീന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കാസിം മാസ്റ്റര്‍, കെ.എസ്.ടി.എ. ജില്ല ജോ.സെക്രട്ടറി മഹേഷ് കുമാര്‍, എന്‍.ജി.ഒ. യൂണിയന്‍ ജില്ല പ്രസിഡന്റ് ഇ.മുഹമ്മദ് ബഷീര്‍, കെ.ജി. ഒ.എ.യുടെ കെ.പി.സുരേഷ്, കേരള യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറി ശബരി ഗിരീഷ് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. ജില്ലാ ജോ. സെക്രട്ടറി കെ.എസ്.നാരായണന്‍കുട്ടി നന്ദി പ്രകാശിപ്പിച്ചു. പരിപാടിയുടെ അവസാനം മെഹ്ഫില്‍ ടീം അവതരിപ്പിച്ച ഗാന സന്ധ്യ ഏറെ ശ്രദ്ധേയമായി.