നോട്ട് നിരോധനം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ – ചര്‍ച്ച

0

curency-nirodanam-clas-kannur-parishat-bhavanil

കണ്ണൂര്‍ : നോട്ട് നിരോധിച്ചതിന്റെ പേരില്‍ രാജ്യത്തുണ്ടായ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂര്‍ ജില്ലാ പഠന കേന്ദ്രം ചര്‍ച്ച സംഘടിപ്പിച്ചു. വിദേശപണത്തിന് നികുതി ഈടാക്കുന്നതിലെ കുറവ് കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരമാകുകയാണ്. ഇന്ത്യയിലെ കമ്പനികളുടെയും വ്യക്തികളുടെയും 21 ലക്ഷം കോടി രൂപ വിദേശ രാജ്യങ്ങളിലെ അക്കൗണ്ടുകളില്‍ ഉണ്ടെന്നാണ് പറയുന്നത്. ലോകത്തെ 82 രാജ്യങ്ങള്‍ ഇന്ത്യപോലുള്ള രാജ്യങ്ങളിലെ പണം കൊണ്ട് മാത്രം മുന്നോട്ട് പോകുന്നതായുണ്ട്. അഴിമതി പണം വിദേശ രാജ്യങ്ങളിലെക്ക് ഒഴുകുകയാണ്. ഫോറിന്‍ എക്‌സ്‌ചേഞ്ച് നിയമം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പരിഷ്‌കരിച്ചതാണ് പ്രശ്‌നത്തിന് കാരണം. രാജ്യത്തെ പ്രധാന ബേങ്കുകളും കള്ളപണം വെളുപ്പിക്കുന്നതില്‍ പ്രധാനിയാണ്. 2 ലക്ഷം രൂപക്ക് വാങ്ങിയ സ്ഥലത്തിന് തൊട്ടടുത്ത ദിവസം പത്ത് ലക്ഷം വായ്പ നല്‍കുന്ന ബാങ്കുകളുണ്ട്. സ്ഥലത്തിന്റെ വില നിശ്ചയിക്കാന്‍ ചുമതലപ്പെടുന്ന ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് വായ്പ നല്‍കുന്നത്. കള്ളപ്പണം നല്‍കി സ്ഥലം വാങ്ങുകയും അത് വായ്പ വഴി വെളുപ്പിക്കുകയും ചെയ്യുന്നു.
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളില്‍ നടത്തുന്ന പരിശോധന ഇപ്പോള്‍ ഇല്ല. 2ജി അഴിമതി 176,000 കോടി, ഹര്‍ഷദ് മേത്ത അഴിമതി 5000 കോടി, രാമലിംഗം അഴിമതി 8000 കോടി, പഞ്ചസാര കുംഭകോണം 650 കോടി, ദിനേശ് സിംഗാര്‍ കുഭകോണം 120 കോടി തുടുങ്ങി ലക്ഷകണക്കിന് കോടികളുടെ അഴിമതിയാണ് രാജ്യത്ത് നടന്നത്. ഇത്തരം അഴിമതികളെല്ലാം കള്ളപ്പണമാണ്. ഇത് പല ഘട്ടമായി വെളുപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ അനുമതി നല്‍കുന്നു.
ഭൂമി കച്ചവടത്തില്‍ നിയന്ത്രണം ഉണ്ടാക്കുക, നിശ്ചിത ഇടപാടുകള്‍ പൂര്‍ണമായും ബാങ്ക് അക്കൗണ്ട് വഴിയാക്കുക, സ്വര്‍ണത്തിന്‍മേല്‍ 10 ലക്ഷത്തിനു മുകളില്‍ വായ്പ നല്‍കുന്നത് ഇല്ലാതാക്കുക, സ്ഥലം ഈട് നല്‍കി നല്‍കുന്നവായ്പ രേഖയില്‍ പറഞ്ഞ മൂല്യത്തിനനുസരിച്ചാക്കുക, വിദേശ പണത്തിന് നികുതി ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ അടിയന്തരമായും നടപ്പാക്കണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. പരിഷത് മുന്‍ ജനറല്‍ സെക്രട്ടറി ടി കെ ദേവരാജന്‍ വിഷയാവതരണം നടത്തി. ജില്ലാ കമ്മിറ്റി അംഗം ടി വി നാരായണന്‍ അധ്യക്ഷനായി. പഠന കേന്ദ്രം ചെയര്‍മാന്‍ പി കെ ബൈജു സ്വാഗതവും കണ്‍വീനര്‍ പി കെ സുധാകരന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *